മീററ്റിലെ ഇസ്മൈല്‍ ഗേള്‍സ് നാഷണല്‍ ഇന്റര്‍ കോളേജിനടുത്തുള്ള ഒറ്റമുറി വീട്ടിലിരുന്നു കൊണ്ട് ഉസ്മാന് തന്റെ സ്മാര്‍ട്ട് ഫോണില്‍ മറുപടി നല്‍കുകയാണ്, ” ഞാനൊരു വസ്തു വിൽക്കുന്നുണ്ട് എങ്കില്‍ അതിന്റെ കാരണം എന്താണ് ? എനിക്കെന്റെ സ്ഥലം വില്‍ക്കണം എന്ന് തന്നെ. അതാര്‍ക്കും വാങ്ങാവുന്നത് ആണോ പെണ്ണോ ഹിന്ദുവോ മുസ്ലീമോ എന്ന് നോക്കിയല്ല. വസ്തു വില്‍ക്കണം എന്നത് മാത്രമാണ് എന്റെ ആവശ്യം.”
തന്റെ പിതാവ് ജോലി ചെയ്യുന്ന സര്‍ക്കാര്‍ സ്കൂള്‍ നല്കിയിട്ടുള്ളതായ ഒറ്റമുറി വീടിലാണ് 32കാരനായ ഉസ്മാനും നാല് സഹോദരങ്ങളും രക്ഷിതാക്കളും ഒരമ്മാവനും കഴിച്ചുകൂട്ടുന്നത്. ഈ മാസം തുടക്കത്തിലാണ് മലിവാഡാ പ്രദേശത്ത് സഞ്ജയ് രസ്തോഗി എന്ന വ്യപാരിയിൽ നിന്നുമാണ് ആ കുടുംബം ഒരു രണ്ടുനില കെട്ടിടം വാങ്ങുന്നത്.
“ഞങ്ങള്‍ക്ക് സ്വന്തമായൊരു വീട് വേണമായിരുന്നു. ബാപ്പയ്ക്ക് രാത്രിയാണ് ഡ്യൂട്ടി, അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് സ്കൂളിനടുത്തായി തന്നെ വീടും വേണമായിരുന്നു. ഇപ്പോള്‍ താമസിക്കുന്നിടത്ത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും കഴിയാനുള്ള ഇടമില്ല എന്നതാണ് മറ്റൊരു കാര്യം. അതിനാലാണ് ഈ വസ്തു വാങ്ങിയത്. പക്ഷെ ചില ആളുകള്‍ അതൊരു പ്രശ്നമാക്കുകയും ഞങ്ങള്‍ ഭൂമി ജിഹാദ് നടത്തുകയാണ് എന്ന് പറയുകയും ചെയ്യുന്നു.” സോഫ്റ്റ്വെയര് എൻജിനീയറായ ഉസ്മാന് പറഞ്ഞു.
വസ്തു റജിസ്റ്റര്‍ ചെയ്ത് ആറുദിവസങ്ങള്‍ക്ക് ശേഷം ഞായറാഴ്ച രാത്രി എട്ട് മണിയായപ്പോഴാണ് ഉസ്മാനും മൂത്ത സഹോദരന് നൗമാനും അവരുടെ കുടുംബവും പുതിയ വീട്ടിലേക്ക് എത്തുന്നത്. മലിവാഡായിലെ 308-ാം നമ്പര്‍ വീട്.
“ഞങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ കുറച്ചുപേര്‍ ഞങ്ങളുടെ അടുത്ത് വന്ന് വീട് വില്ക്കാന് പറ്റില്ല എന്ന് പറയുകയായിരുന്നു. രസ്തോഗി അവര്‍ക്ക് പണം നല്‍കാനുണ്ടായിരുന്നു എന്നതാണ് കാരണം പറഞ്ഞത്. അദ്ദേഹം കടം വീട്ടിക്കൊണ്ടിരിക്കുകയാണ് എന്നും ഈ വസ്തുവിന് അതുമായി ഒന്നും ചെയ്യാനില്ല എന്നും വിശദീകരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചിലര്‍ വന്ന് മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചത്. മുസ്ലീം കുടുംബത്തിനു വസ്തു നല്കാന് പറ്റില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്.
ഒരു വസ്തുവിന്റെ ഉടമസ്ഥത കൈമാറുക എന്ന നിസ്സാരമായ പ്രക്രിയ ചില ഹിന്ദുത്വ സംഘങ്ങള്‍ക്ക് ആരോപണമുന്നയിക്കുവാനുള്ള ഇടമായി മാറുകയായിരുന്നു.
ബിജെപിയുടെ യുവജന സംഘടനയായ ബിജെവൈഎം ജനറൽ സെക്രട്ടറി ദീപക് ശര്‍മയെ പോലുള്ളവര്‍ ആരോപിക്കുന്നത് ‘ ഹിന്ദുക്കള്‍ നിരന്തരം വസ്തുക്കള്‍ വില്‍ക്കുന്നത് മുസ്ലീംങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്” എന്നാണ്.
“അവരുടെ സംസ്കാരവും ചിന്തകളും ജീവിതരീതികളും നമ്മളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. ഒരു വീട്ടിലാണ് അതാരംഭിക്കുക പിന്നീട് ആ പ്രദേശം മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് സ്വാധീനമുള്ളതാകും. അത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല.” ദീപക് ശര്‍മ പറഞ്ഞു.
“ഇതൊരു തറവാട് വീടാണ്. ഭാഗംവയ്ക്കല്‍ കഴിഞ്ഞപ്പോള്‍ അതില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവകാശമുണ്ട്. ഞങ്ങളുടെ ഭാഗം വീടിന്റെ ടെറസ് പങ്കുവയ്ക്കുന്നുണ്ട്. അവരുടെ വീട്ടിലേക്കുള്ള പ്രവേശനമടക്കം രണ്ടു വാതിലുകളും ഉണ്ട്. അവരങ്ങോട്ട് മാറിയാല്‍ പിന്നെ ഞങ്ങള്‍ എങ്ങനെയാണ് ജീവിക്കുക” സഞ്ജയ് രസ്തോഗിയുടെ ബന്ധുവായ വര്‍ഷ രസ്തോഗി പറഞ്ഞു.
ഉസ്മാന്റെ സര്‍ക്കാര്‍ സ്കൂളിനോട് ചേര്‍ന്ന വീടിനും മലിവാഡായിലെ വീടിനും നടുക്കായുള്ള കോട്ട്വാലി പൊലീസ് സ്റ്റേഷനില്‍ ഈ പ്രശ്നങ്ങളെക്കുറിച്ചുള്ള ഒരേയൊരു രേഖ ഒരു ‘ അനുരഞ്ജന കത്താണ്’.
2018 ഫെബ്രവരി 17 തീയതിയിലുള്ള കത്തില്‍ പറയുന്നത് ഉസ്മാന്റെ കുടുംബം നൽകിയിട്ടുള്ള തുക തിരിച്ചുനല്കികൊണ്ട് ഇരുകക്ഷികളും തമ്മില്‍ ഒരു ഒത്തുതീര്‍പ്പില്‍ എത്തിയിരിക്കുകയാണ് എന്നാണ്. ” ഞങ്ങളുടെ സംഘം സ്ഥലത്തെത്തുകയും രണ്ടുപാര്ട്ടികളേയും ഒരു തീരുമാനത്തില്‍ എത്തിക്കുകയും ചെയ്യുകയായിരുന്നു. ഇരുകക്ഷികളില്‍ നിന്നും പരാതികളൊന്നും ലഭിച്ചില്ല എന്നതിനാല്‍ തന്നെ പരാതിയൊന്നും രേഖപ്പെടുത്തിയിട്ടില്ല.” സ്റ്റേഷന് ഓഫീസര്‍ പറഞ്ഞു.
നൗമാനും ഉസ്മാനെപ്പോലെ ഒരു സോഫ്റ്റ്വെയര് എൻജിനീയര്‍ ആണ്. അവരുടെ രണ്ടു സഹോദരിമാര്‍ സ്കൂള്‍ ടീച്ചര്‍മാരും ഇളയ സഹോദരന് കൊമേഴ്സില്‍ ബിരുദാനന്തര ബിരുദമെടുത്തുകൊണ്ടിരിക്കുകയുമാണ്. 28.3 ലക്ഷം രൂപ നല്‍കിയാണ് വസ്തു വാങ്ങിയത് എന്ന് കുടുംബം പറയുന്നു.
” ബാങ്കില്‍ നിന്നും 18,50,000 രൂപയോളം കടമെടുത്തിട്ടുണ്ട്. ഒരു വീട് സ്വന്തമാക്കുന്നതിന് ഇതിനുപുറമേ വേറെയും ചെലവുകളുണ്ട്. റജിസ്ട്രേഷന് ഇനത്തില്‍ 2.5 ലക്ഷം ചെലവിട്ടപ്പോള്‍ വക്കീലിനായി പതിനായിരം രൂപയും ബാങ്ക് ലോണിനായുള്ള മറ്റ് കടലാസുകള്‍ ശരിയാക്കുന്നതിനായി ഇരുപതിനായിരം രൂപയും ചെലവിട്ടു. വസ്തു ഞങ്ങളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തതാണ്. അതിനുള്ള എല്ലാ രേഖകളും ഞങ്ങളുടെ കൈവശമുണ്ട്. അവരത് വാങ്ങുകയാണ് എങ്കില്‍ വസ്തു കൈമാറുവാന്‍ ഞങ്ങള്‍ തയ്യാറാണ്. 33 ലക്ഷത്തോളം രൂപയാണ് വീടിനായി ഞങ്ങള്‍ ചെലവിട്ടത്. ഞങ്ങള്‍ നിങ്ങളോട് ലാഭം നോക്കുന്നില്ല എന്ന് ഞങ്ങള്‍ അറിയിച്ചു. ഞങ്ങള്‍ക്ക് ചെലവിടേണ്ടിവന്ന തുക മാത്രമാണിത്. അത് മുഴുവനായി ഞങ്ങള്‍ക്ക് തരികയാണ് എങ്കില്‍ വസ്തു മടക്കി തരാന്‍ ഞങ്ങള്‍ തയ്യാറാണ്. ” ഉസ്മാന് പറഞ്ഞു.
എന്തിരുന്നാലും മലിവാഡായിലെ താമസക്കാര്‍ ആരോപിക്കുന്നത് ഇതിലൊരു ‘ഗൂഢാലോചന’ ഉണ്ടെന്നാണ്. ” അവര്‍ക്ക് ഈ പ്രദേശത്ത് എത്രത്തോളം നിയന്ത്രണം കിട്ടുമോ, അത്രത്തോളം നിയന്ത്രണം വേണം. ഈ പ്രദേശത്തുള്ള ഒരേയൊരു ഹിന്ദു പോക്കറ്റ് ഇതാണ്. മിക്കവാറും ഭാഗത്ത് മുസ്ലീം പ്രദേശങ്ങളാല്‍ ചുറ്റപ്പെട്ട അവസ്ഥയാണ് ഞങ്ങളുടേത്. ഒരു നൂറു മീറ്റര്‍ അപ്പുറത്ത് അവര്‍ക്കൊരു ജുമാ മസ്ജിദ് ഉണ്ട്. ഒരു ഒന്നൊന്നര കിലോമീറ്റര്‍ മലിവാഡായില് നിന്നും വടക്ക് കിഴക്കോട്ട് സഞ്ചരിച്ചാല്‍ ഹാശിംപുരയില്‍ എത്താം. 1980 കളില്‍ വര്‍ഗീയ ലഹള നടന്നയിടം..” സ്ഥലവാസിയായ ദേവേന്ദ്ര ജൊഹ്റി പറഞ്ഞു.
മറുപക്ഷത്ത് ഉസ്മാന്റെ കുടുംബത്തിന് “പ്രശ്നങ്ങള്‍ ഒന്നും വേണ്ട” എന്ന നിലപാടാണ്.
” ആളുകള്‍ ഇതിനെയൊരു ഹിന്ദു- മുസ്ലീം പ്രശ്നമാക്കിയിരിക്കുകയാണ്. അവര്‍ മുസ്ലീംങ്ങളെ വസ്തു വാങ്ങാന്‍ അനുവദിക്കില്ല എന്നാണ് ഇപ്പോള്‍ പറയുന്നത്. ആ വസ്തു ഇപ്പോഴും ഞങ്ങളുടെ കൈവശമാണ്. അവിടെ ഞങ്ങള്‍ താഴിട്ട് പൂട്ടിയിട്ടുമുണ്ട്. ഇപ്പോള്‍ അവര്‍ ഞങ്ങളോട് ഒരു സമയവും പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്ക് ഞങ്ങളുടെ അയല്‍വാസികളുമായി ഒരു പ്രശ്നവും വേണ്ട. ചില മനുഷ്യര്‍ക്ക് വ്യത്യസ്തമായ മനോഭാവമാണ്.” ഉസ്മാന് പറഞ്ഞു.