ന്യൂഡൽഹി: കരസേന മേജറുടെ ഭാര്യ ഷൈൽജ ദ്വിവേദിയെ കൊലപ്പെടുത്തിയ മേജർ നിഖിൽ ഹൻഡ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുണ്ടാക്കി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നുവെന്ന് തെളിഞ്ഞു. 2015 ൽ ശ്രീനഗറിൽ നിയമിക്കപ്പെട്ട സമയത്ത് ഈ അക്കൗണ്ട് വഴിയാണ് ഷൈൽജയെ മേജർ ഹൻഡ പരിചയപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.

ചോദ്യം ചെയ്യലിൽ നിന്നാണ് മേജർ ഹൻഡയ്‌ക്ക് സോഷ്യൽ മീഡിയയിൽ രണ്ടു അക്കൗണ്ടുകൾ ഉണ്ടെന്ന് തെളിഞ്ഞത്. ഒരു അക്കൗണ്ട് യഥാർത്ഥമാണ്, ഇതിൽ ആർമി ഓഫിസർ എന്നാണ് നൽകിയിരിക്കുന്നത്. മറ്റൊന്ന് വ്യാജമാണ്, അതിൽ ഡൽഹിയിൽ താമസിക്കുന്ന ബിസിനസുകാരൻ എന്നാണ് കൊടുത്തിട്ടുളളതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

വ്യാജ പ്രൊഫൈൽ വഴിയാണ് മേജർ ഹൻഡ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ഷൈൽജയ്‌ക്കു പുറമേ ഡൽഹിയിൽ താമസിക്കുന്ന മൂന്നു സ്ത്രീകളുമായും ഇയാൾ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായി കണ്ടെത്തി. അവരുടെ മൊഴികൾ രേഖപ്പെടുത്തുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

Read More: മേജറുടെ ഭാര്യയെ നിഖിൽ ഹൻഡ ആറു മാസത്തിനിടെ വിളിച്ചത് 3000 തവണ, ഫോൺ കോൾ വിവരങ്ങൾ പുറത്ത്

”2015 ലാണ് ഷൈൽജയെ മേജർ ഹൻഡ പരിചയപ്പെടുന്നത്. ആറുമാസങ്ങൾക്കുശേഷം പരസ്‌പരം കാണാൻ തീരുമാനിച്ച സമയത്താണ് താനൊരു ആർമി മേജർ ആണെന്ന് ഷൈൽജയോട് പറയുന്നത്. പിന്നീട് മേജർ ഹൻഡയെ ശ്രീനഗറിൽനിന്നും മീററ്റിലേക്ക് സ്ഥലം മാറ്റി. പക്ഷേ അദ്ദേഹം നാഗാലൻഡിലെ ദിമാപൂരിലേക്ക് സ്ഥലം മാറ്റം നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി. അവിടെയാണ് ഷൈൽജയുടെ ഭർത്താവ് മേജർ അമിത് ദ്വിവേദിയെ നിയമിച്ചിരുന്നത്. നാഗാലൻഡിലേക്ക് സ്ഥലം മാറ്റം ലഭിച്ച മേജർ ഹൻഡ അവിടെ വച്ച് ഷൈൽജയെ കാണുക പതിവായി. ഷൈൽജയാണ് ഭർത്താവിന് മേജർ ഹൻഡയെ പരിചയപ്പെടുത്തിയത്. അതിനുശേഷം അയാളെ വീട്ടിലെ പാർട്ടിക്ക് ക്ഷണിച്ചു”, വൃത്തങ്ങൾ വ്യക്തമാക്കി.

ഹൻഡ അപമര്യാദയായി പെരുമാറാൻ തുടങ്ങിയതോടെ മുതിർന്ന ആർമി ഓഫിസർമാർക്ക് പരാതി നൽകുമെന്ന് പറഞ്ഞ് ഷൈൽജ ഭീഷണിപ്പെടുത്തുകയും തന്നിൽനിന്നും അകന്നു നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. രണ്ടാഴ്‌ച മുൻപ് വിവാഹ മോചനത്തിന് കോടതിയിൽ അപേക്ഷ നൽകാൻ തയ്യാറാണെന്ന് ഷൈൽജ പറഞ്ഞതിനെ തുടർന്നാണ് ശനിയാഴ്‌ച നേരിട്ട് കാണാനായി ആർമി ബേസ് ആശുപത്രിയിൽ വരാൻ ഷൈൽജയോട് ആവശ്യപ്പെട്ടതെന്ന് മേജർ ഹൻഡ അന്വേഷണ സംഘത്തോട് പറഞ്ഞതെന്ന് മുതിർന്ന പൊലീസ് ഓഫിസർ വ്യക്തമാക്കി. അതേ ആശുപത്രിയിലാണ് ഹൻഡയുടെ മകനെ പ്രവേശിപ്പിച്ചിരുന്നത്. കാറിൽ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഷൈൽജയുടെ കഴുത്ത് മുറിക്കുകയും ആയിരുന്നുവെന്ന് ഓഫിസർ പറഞ്ഞു.

കാറിൽനിന്നും ഷൈൽജയെ തളളിയിട്ടശേഷം അപകടമാണെന്ന് വരുത്തിത്തീർക്കാൻ മൂന്നു തവണ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കിയെന്നും ഹൻഡ ചോദ്യം ചെയ്യലിൽ സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു. പിന്നീട് ആശുപത്രിയിൽനിന്നും ബന്ധുവിനെ കാറിൽ സകേതിലെ വീട്ടിൽ കൊണ്ടുവിട്ടു. മൂന്നുതവണ ഷൈൽജയെ തളളിയിട്ട സ്ഥലത്തുവന്നുവെങ്കിലും പൊലീസുകാരെ സ്ഥലത്ത് കണ്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിൽ ഷൈൽജയുടെ ഭർത്താവ് മേജർ അമിതിനെ കണ്ടു. അമിത് തടയാൻ ശ്രമിച്ചെങ്കിലും ഹൻഡ അവിടെ നിന്നും രക്ഷപ്പെട്ടു. എന്തിനാണ് ആശുപത്രിയിൽ വന്നതെന്ന് അമിത് ഫോണിൽ വിളിച്ചു ചോദിച്ചപ്പോൾ മകന്റെ ചികിൽസയ്‌ക്കുവേണ്ടിയാണെന്നാണ് ഹൻഡ പറഞ്ഞത്.

നരൈന പൊലീസ് സ്റ്റേഷനിൽ ഭാര്യയെ കാണാനില്ലെന്ന പരാതി നൽകാൻ മേജർ അമിത് എത്തിയപ്പോഴാണ് പൊലീസ് ഷൈൽജയുടെ ഫോട്ടോ കാണിക്കുന്നത്. ഫോട്ടോയിൽനിന്നും അത് ഷൈൽജയാണെന്ന് അമിത് തിരിച്ചറിഞ്ഞു. അപ്പോഴാണ് ഹൻഡയെ ആശുപത്രിയിൽ കണ്ട വിവരം പൊലീസിനോട് പറയുന്നത്. സകേതിലെ ഹൻഡയുടെ വീട്ടിൽ പൊലീസ് എത്തുമ്പോഴേക്കും അയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത് മീററ്റിലേക്ക് കടന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ