തിരുവനന്തപുരം: ലോ അക്കാദമിക്ക് മുന്നിൽ ബിജെപി പ്രവർത്തകരെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. മർദ്ദനത്തിന് നേതൃത്വം നൽകിയ ഉദ്യാഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

അക്കാദമിക്ക് മുന്നിൽസമാധാനപരമായി സമരം ചെയ്തവരെ പ്രകോപനമില്ലാതെയാണ് ആക്രമിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ അടക്കം 20 പേർക്കാണ് പരുക്കേറ്റത്. മിക്ക പ്രവർത്തകർക്കും തലക്കാണ് പരുക്ക്. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഇത്രയും വലിയ മർദ്ദനം അഴിച്ചു വിടാൻ എന്ത് പ്രകോപനമാണ് ബിജെപി പ്രവർത്തകർ ഉണ്ടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കണം. സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എസ് എഫ് ഐ യെ മാനേജ്‌മന്റ് വിലക്കെടുത്തുവെന്നും ഇതിനാലാണ് സമരം അവസാനിപ്പിച്ചതെന്നും അദ്ദേഹം വിമർശിച്ചു. ഇത് സിപിഎം അജണ്ടയുടെ ഭാഗമാണ്. അംഗീകരിക്കേണ്ട ബാധ്യത മറ്റ് സംഘടനകൾക്കില്ല. ബിജെപി സമരം തുടരുമെന്നും കുമ്മനം അറിയിച്ചു. വി മുരളീധരന്റെ സമര പന്തൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ