ന്യൂഡല്‍ഹി: രാജ്യത്ത് പൈപ്പ് വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ഏറ്റവും മോശം ഡല്‍ഹിയിലേത്. ഏറ്റവും സുരക്ഷിതം മുംബൈയിലേതും. സുരക്ഷിതമല്ലാത്ത പൈപ്പ് വെള്ളം വിതരണം ചെയ്യുന്ന നഗരങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരവുമുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) തയാറാക്കിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ദില്ലിയില്‍നിന്ന് ശേഖരിച്ച 11 സാംപിളുകളിൽ ഒന്നും തന്നെ ബിഐഎസ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നു ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാന്‍ ശനിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗന്ധം, നിറം, ടിഡിഎസ്, പിഎച്ച്, നൈട്രേറ്റ്, അമോണിയ, ക്ലോറൈഡ്, അലുമിനിയം തുടങ്ങിയ 19 അളവുകോലുകളില്‍ ഡല്‍ഹിയിലെ ജല സാംപിളുകള്‍ പരാജയപ്പെട്ടു.

Read Also: വെള്ളം മാത്രം കുടിച്ച് ഞാനും അമ്മയും ഒന്‍പത് ദിവസം വീട്ടിലിരുന്നു; കുട്ടിക്കാലത്ത് നേരിട്ട പ്രതിസന്ധികളെ കുറിച്ച് നേഹ സക്‌സേന

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള 21 സംസ്ഥാന തലസ്ഥാനങ്ങളില്‍നിന്നുള്ള സാംപിളുകളാണു പരിശോധനയ്ക്കായി ശേഖരിച്ചത്. തിരുവനന്തപുരത്തിനു പുറമെ ബെംഗളുരു, ചെന്നൈ, ചണ്ഡിഗഡ്, പാറ്റ്‌ന, ഭോപാല്‍, ഗുവാഹതി, ഗാന്ധിനഗര്‍, ലഖ്നൗ, ജമ്മു, ജയ്പൂര്‍, ഡെറാഡൂണ്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്നുള്ള സാമ്പിളുകളും ബിഐഎസ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു.

അതേസമയം, മുംബൈയില്‍നിന്നു ശേഖരിച്ച 10 സാംപിളുകളും എല്ലാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈദരാബാദ്, ഭുവനേശ്വര്‍, റാഞ്ചി, റായ്പൂര്‍, അമരാവതി, ഷിംല എന്നിവിടങ്ങളില്‍നിന്നു ശേഖരിച്ച സാംപിളുകള്‍ ഒന്നോ അതിലധികമോ മാനദണ്ഡങ്ങളില്‍ പരാജയപ്പെട്ടു.

എല്ലാവര്‍ക്കും ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പുവരുത്താന്‍ ടാപ്പ് വെള്ളത്തിന് ബിഐഎസ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി മന്ത്രി രാംവിലാസ് പാസ്വാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook