മുംബൈ: മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. താനെ, പാൽഗർ പ്രദേശങ്ങളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലും മറ്റു ചില പ്രദേശങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ് മുംബൈയിലെ കനത്ത മഴയ്ക്ക് കാരണം. ”ഇന്നു മഴ ശക്തിപ്പെടും. ചിലയിടങ്ങളിൽ അതിശക്തമായ മഴ പെയ്തേക്കും. അതിനാൽ തന്നെ പുറത്തുപോകുന്നത് ജനങ്ങൾ ഒഴിവാക്കണം. കടൽ പ്രക്ഷുബ്ദമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്,” കാലാവസ്ഥാ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കെ.എസ്.ഹോസലികർ ട്വീറ്റ് ചെയ്തു.

mumbai rain, ie malayalam

കൊങ്കൺ റീജിയണിലും നാഷിക്കിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. നാഷിക്കിൽ ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ, താനെ, പാൽഗർ പ്രദേശത്ത് തിങ്കൾ രാവിലെവരെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വിദ‌ഗ്ധർ പറയുന്നത്.

കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ബ്രിഗൻമുംബൈ മുൻസിപ്പൽ കോർപറേഷൻ (ബിഎംസി) ജനങ്ങളോട് പുറത്തിറങ്ങരുതെന്നും മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

mumbai rain, ie malayalam

മുംബൈയിൽ ട്രെയിൻ, വിമാന സർവീസുകളെയും കനത്ത മഴ ബാധിച്ചു. കനത്ത മഴയെ തുടർന്ന് സിയോണിനും കുർലയ്ക്കും ഇടയിലുള്ള നാല് ലൈനുകളിലെയും സർവീസുകൾ രാവിലെ 7.20 മുതൽ നിർത്തിവച്ചു. നവി മുംബൈയിലും പാൽഗറിലും താനെയിലും ഉണ്ടായ അപകടങ്ങളിലായി 5 പേർ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നവി മുംബൈയിൽ വെളളത്തിൽ കാണാതായ ഒരാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook