മുംബൈ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെക്കുറിച്ച് ഫോണില്‍ സംസാരിച്ച യാത്രക്കാരനെ ഊബര്‍ കാര്‍ ഡ്രൈവര്‍ പൊലീസിലേല്‍പ്പിച്ചു. ബുധനാഴ്ച രാത്രി മുംബൈയിലാണ് സംഭവം നടന്നത്. കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ ബപ്പാദിത്യ സര്‍ക്കാറിനെയാണ് ഡ്രൈവർ പൊലീസിൽ ഏൽപ്പിച്ചത്.

Read More: Kerala Budget 2020 Live Updates: എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ്, കേരള ബജറ്റ് വാർത്തകൾ തത്സമയം

ജുഹുവില്‍ നിന്ന് രാത്രി 10.30ഓടെ കുര്‍ളയിലേക്ക് ഊബര്‍ കാര്‍ വിളിച്ച സര്‍ക്കാര്‍ യാത്രക്കിടെ ദല്‍ഹിയിലെ ഷഹീന്‍ ബാഗിലെ പ്രതിഷേധത്തെക്കുറിച്ച് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫോണ്‍ സംഭാഷണം ശ്രദ്ധിച്ച കാര്‍ ഡ്രൈവര്‍ തനിക്ക് എ.ടി.എമ്മില്‍ കയറി പണം പിന്‍വലിക്കണമെന്ന് പറഞ്ഞ് വണ്ടി നിര്‍ത്തി പുറത്തിറങ്ങുകയും പിന്നീട് പൊലീസുമായി തിരിച്ചുവരുകയുമായിരുന്നുവെന്ന് ബപ്പാദിത്യ പറഞ്ഞു. തന്റെ കയ്യിലുണ്ടായിരുന്ന സംഗീതോപകരണം എന്തിനാണു കയ്യില്‍വച്ചതെന്ന് പൊലീസ് ചോദിച്ചതായും ബപ്പാദിത്യ പറഞ്ഞു.

താന്‍ ജയ്പൂരില്‍ നിന്ന് വന്നതാണെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ‘മുംബൈ ബാഗില്‍’ പങ്കെടുത്തിരുന്നെന്നും ബപ്പാദിത്യ പറഞ്ഞു. മുദ്രാവാക്യം വിളിക്കുന്നതിനാലാണ് താൻ സംഗീത ഉപകരണം കൈയ്യിൽ കരുതിയതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. എന്നാൽ ഊബര്‍ ഡ്രൈവര്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനോട് നിരന്തരം ആവശ്യപ്പെട്ടതായും ബപ്പാദിത്യ പറഞ്ഞു.

” ഞാന്‍ കമ്യൂണിസ്റ്റാണെന്നും രാജ്യത്തെ കത്തിക്കുന്നതിനെക്കുറിച്ചും മുംബൈയില്‍ ഒരു ഷഹീന്‍ബാഗ് സൃഷ്ടിക്കുന്നതിനെക്കുറിച്ചുമാണ് ഞാന്‍ സംസാരിക്കുന്നുണ്ടായിരുന്നതെന്നും ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു”, ബപ്പാദിത്യ സംഭവത്തെക്കുറിച്ച് പറഞ്ഞു.

പ്രതിഷേധക്കാർ രാജ്യം നശിപ്പിക്കുകയാണെന്നും അത് നോക്കിയിരിക്കാൻ തങ്ങൾക്കാകില്ലെന്നും പറഞ്ഞ ഡ്രൈവർ, താൻ ബൊപ്പാദ്യത്യയെ പൊലീസ് സ്റ്റേഷനിലേക്കാണ് കൂട്ടിക്കൊണ്ടു പോയത്, മറ്റെവിടേയും കൊണ്ടു പോകാതിരുന്നതിന് നന്ദി പറയണം എന്നും പറഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ആ നിമിഷം താൻ അസ്വസ്ഥനായെന്നും തന്നിൽ ഭയം ജനിച്ചെന്നും ബപ്പാദിത്യ പറഞ്ഞു.

തന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ചും ആരുടെയൊക്കെ പുസ്തകങ്ങളാണ് വായിച്ചിട്ടുള്ളതെന്നും പൊലീസ് ചോദിച്ചതായും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook