മുംബൈ: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാംഗങ്ങളായ (എംഎന്‍എസ്) വനിതകളുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ 23കാരിയായ ട്രാന്‍സ്ജെന്‍ഡര്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായ രീതിയില്‍ ഗുളികകള്‍ കഴിച്ച ഇവരെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയില്‍ പ്രചരിച്ചതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി.

ലൈംഗികത്തൊഴില്‍ ചെയ്തത് കൊണ്ടാണ് മൂന്ന് ട്രാന്‍സ് യുവതികളെ തങ്ങള്‍ മര്‍ദ്ദിച്ചതെന്ന് നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ അഖില്‍ കിന്നാര്‍ അസോസിയേഷന്‍ എന്ന സേവന സംഘടനയുടെ പ്രവര്‍ത്തകയാണ് താനെന്നും ലൈംഗികത്തൊഴില്‍ ചെയ്തിട്ടില്ലെന്നും ട്രാന്‍സ് യുവതി പറഞ്ഞു. ‘ട്രാന്‍സ് യുവതികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തകയാണ് ഞാന്‍. ലൈംഗിക തൊഴില്‍ ചെയ്യുന്ന യുവതികള്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ നല്‍കാനായാണ് ഞാന്‍ പോയത്. ഓട്ടോയില്‍ നിന്ന് ഞാനും സഹപ്രവര്‍ത്തകരും ഇറങ്ങിയ ഉടനെയാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം അക്രമിച്ചത്’, യുവതി വ്യക്തമാക്കി.

മാജിവാദ പ്രദേശത്തെ ലൈംഗിക തൊഴിലാളികള്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യാനെത്തിയപ്പോഴാണ് ഇവരെ എംഎന്‍എസ് പ്രവര്‍ത്തകര്‍ അക്രമിച്ചത്. ‘ഞങ്ങള്‍ നല്ല കാര്യം ചെയ്യാനാണ് വന്നത്. തെറ്റാണ് ഞങ്ങള്‍ ചെയ്യുന്നതെങ്കില്‍ അവര്‍ പൊലീസിനെ അറിയിക്കുകയാണ് വേണ്ടത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗങ്ങള്‍ എന്തിന് നിയമം കൈയ്യിലെടുക്കണം? ഈ രാജ്യത്ത് മനുഷ്യത്വം അസ്തമിച്ച് പോയോ?’ ട്രാന്‍സ് യുവതി ചോദിച്ചു.

‘ഞങ്ങള്‍ക്ക് ഒരു ജോലി പോലും ലഭിക്കുന്നില്ല. ആകെയുളള വഴി ഒന്നുകില്‍ ലൈംഗിക തൊഴില്‍ ചെയ്യുക, അല്ലെങ്കില്‍ ഭിക്ഷ യാചിക്കുക എന്നതാണ്. ആ വഴി പോലും അടച്ചാല്‍ ഞങ്ങളെന്ത് ചെയ്യണം’, അവര്‍ ചോദിച്ചു. ഞായറാഴ്‌ചയാണ് ഇവരെ എംഎന്‍എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. 10 പുരുഷന്മാര്‍ക്കും 5 സ്ത്രീകള്‍ക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ