മുംബൈ: വൈദ്യുതി ഗ്രിഡിലെ തകരാറിനെത്തുടര്‍ന്ന് മുംബൈയിലുണ്ടായ വൈദ്യുതി തടസം ഭാഗികമായി പരിഹരിച്ചു. നവി മുംബൈയിലെ ഖര്ഘര്, തെക്കന്‍ മുംബൈയിലെ ചര്‍ച്ച് ഗേറ്റ്, താനെയിലെ മുംബ്ര ഉള്‍പ്പെടെുള്ള ഏതാനും മേഖലകളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. മറ്റു സ്ഥലങ്ങളില്‍ സേവനം പുനസ്ഥാപിക്കാനുള്ള ശ്രമം ഊര്‍ജിതമായി തുടരുകയാണ്. മധ്യ, പശ്ചിമ റെയില്‍വേകള്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും പുനസ്ഥാപിച്ചു.
കല്‍വയിലെ ടാറ്റ പവറിന്റെ സെന്‍ട്രല്‍ ഗ്രിഡിലെ തകരാറിനെത്തുടര്‍ന്ന് മുംബൈയിലെ പല ഭാഗങ്ങളിലെയും ട്രെയിന്‍ സര്‍വീസുകള്‍ നിലച്ചിരുന്നു. ഗ്രിഡിലെ തകരാറിനെത്തുടര്‍ന്ന് അദാനി, ബെസ്റ്റ് എന്നീ കമ്പനികളുടെ വൈദ്യുതി വിതരണം തടസപ്പെട്ടതാണ് ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചത്.
ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങിയതു മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും ബിസിനസിനെയും ദൈനംദിന ജീവിതത്തെയും പ്രതികൂലമായി ബാധിച്ചു. വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ എടുക്കുമെന്നാണ് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന് (ബിഎംസി) അറിയിച്ചിരുന്നത്.
”ഗ്രിഡ് തകരാറിനെത്തുടര്‍ന്ന് മുംബൈ സബര്‍ബന്‍ ട്രെയിനുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പുതിയ വിവരങ്ങള്‍ ഞങ്ങള്‍ അറിയിക്കുന്നതാണ്. ദയവായി സഹകരിക്കുക,” മധ്യ റെയില്‍വേയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസ് അറിയിച്ചു. സിഎസ്എംടിക്കും ദിവയ്ക്കും ഇടയില്‍ മധ്യ റെയില്‍വേയുടെ ട്രെയിനുകള്‍ ഓടുന്നില്ല. പശ്ചിമ റെയില്‍വേ ട്രെയിനുകള്‍ ചര്‍ച്ച്ഗേറ്റിനും വസായ്ക്കുമിടയില് നിര്‍ത്തുകയാണ്.
”എംഎസ്ഇടിസിഎല്ലില്(മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ട്രാന്സ്മിഷന് കമ്പനി ലിമിറ്റഡ്) നിന്നുള്ള വൈദ്യുതി വിതരണം വസായ് റോഡില്‍ ലഭ്യമാണ്. ബോറിവിലി, വിരാര്‍ സെക്ഷനുകള്‍ക്കിടയില്‍ അവശ്യ സബര്‍ബന്‍ ട്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇത് സഹായകരമായിി,” പശ്ചിമ റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു.
ജുഹു, അന്ധേരി, മിറ റോഡ്, നവി മുംബൈ, താനെ, പന്‍വേല്‍ എന്നീ പ്രദേശങ്ങളെയാണു വൈദ്യുതി തടസം പ്രധാനമായും ബാധിച്ചത്. ഗ്രിഡ് തകരാറിനെത്തുടര്‍ന്ന് നഗരത്തിലെ വൈദ്യുതി വിതരണം തടസപ്പെട്ടതായി ബെസ്റ്റ് (മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്) വക്താവ് സ്ഥിരീകരിച്ചു. ”ടാറ്റയില്നിന്നുള്ള വൈദ്യുതി വരവ് നിലച്ചതോടെ വിതരണം തടസപ്പെട്ടു. അസൗകര്യങ്ങളില്‍ ഖേദിക്കുന്നു,” ബെസ്റ്റ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
മുംബൈയിലെ മിക്ക പ്രദേശങ്ങളിലെ വൈദ്യുത വിതരണത്തെ ബാധിക്കുന്ന വലിയ പവര്‍ ഗ്രിഡ് പരാജയമുണ്ടായിരിക്കുന്നതായി അദാനി ഇലക്ട്രിസിറ്റിയും പിന്നീട് ട്വീറ്റ് ചെയ്തു. വിതരണം എത്രയും വേഗം പുനസ്ഥാപിക്കാന്‍ ഞങ്ങളുടെ സംഘം പ്രവര്‍ത്തിക്കുന്നതായും അസൗകര്യം നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും ട്വീറ്റില്‍ പറഞ്ഞു.
മഹാട്രാന്സ്കോ (മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ട്രാന്സ്മിഷന് കമ്പനി ലിമിറ്റഡിന്റെ )യുടെ കല്‍വ-പാധ ജിഐഎസ് സെന്ററിലെ 400 കെവി ലൈനിന്റെ സര്ക്യൂട്ടുകളിലൊന്നില് (സര്‍ക്യൂട്ട് 2) സാങ്കേതിക തകരാറുണ്ടായതായി ഊര്‍ജ മന്ത്രി നിതിന്‍ റാവത്ത് പറഞ്ഞു.
ആശുപത്രികളില്‍ തടസങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വെന്റിലേറ്റര്‍, ഐസിയു എന്നിവയ്ക്കായി നാല് മണിക്കൂര്‍ ബാക്കപ്പ് ഉറപ്പാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലവിതരണം കുറയ്ക്കുകയോ തടസപ്പെടുകയോ ചെയ്യുമെന്നതിനാല്‍ വെള്ളം കരുതലോടെ ഉപയോഗിക്കാന്‍ കോര്പറേഷന് നിര്‍ദേശിച്ചു. ഇന്ന് ആരംഭിച്ച സംസ്ഥാന പൊതു എന്‍ട്രന്‍സ് പരീക്ഷ (സിഇടി) ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് നടത്തിയത്.
വൈദ്യുതി വിതരണത്തിലെ ബോംബെ ഹൈക്കോടതിയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. വിതരണം പുനസ്ഥാപിക്കുന്നതുവരെ വീഡിയോ കോണ്‍ഫറന്‍സിങ് നടപടികള്‍ നിര്‍ത്തിവച്ചു. അതേസമയം, വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. വൈദ്യുതി പ്രശ്നങ്ങളുണ്ടായാല്‍ നിമിഷങ്ങള്‍ക്കകം സജീവമാകുന്ന ബാക്കപ്പ് സംവിധാനമുണ്ടെന്ന് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് വക്താവ് പറഞ്ഞു.