ഏഴു മാസം പ്രായമുള്ള കുഞ്ഞ് വിശന്നുകരഞ്ഞപ്പോള്‍ അമ്മ കാറിലിരുന്ന് മുലയൂട്ടുന്നതിനിടെ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ ട്രാഫിക് പൊലീസിലെ രണ്ടു ഉദ്യോഗസ്ഥര്‍ അമ്മയെയും കുഞ്ഞിനെയും കാറിലിരുത്തി കെട്ടിവലിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചത് വലിയ വിവാദമായി. പൊലീസ് നടത്തിയ ശ്രമത്തെ വിമർശിച്ചു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും രംഗത്തെത്തി. സംഭവം തീർത്തും ദൗർഭാഗ്യകരമായിപ്പോയെന്നു ഫഡ്നാവിസ് വ്യക്തമാക്കി. തീർത്തും അപക്വവും അപകടകരവുമായ നടപടിയാണു പൊലീസിന്റേത്. കുറ്റക്കാരനായ പൊലീസുകാരനെ സസ്പെൻഡ് ചെയ്തുകഴിഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രാഫിക് പൊലീസുകാരെ ബോധവൽക്കരിക്കാൻ പ്രത്യേക നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ വഴിയാത്രക്കാരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ മുംബൈ ട്രാഫിക് പൊലീസിന്റെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പടിഞ്ഞാറന്‍ മലാദിലാണ് സംഭവം. വീഡിയോ വൈറലായതോടെ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുംബൈ ജോയിന്റ് കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.

അസുഖബാധിതയാണെന്നും കുഞ്ഞ് വിശന്ന് കരഞ്ഞപ്പോള്‍ മുലയൂട്ടുകയാണെന്നും യുവതി പൊലീസുകാരോട് കരഞ്ഞുപറഞ്ഞിട്ടും മരുന്നിന്റെ കുറിപ്പ് എടുത്തു കാണിച്ചിട്ടും യാതൊരു ദയയും കൂടാതെ പൊലീസുകാര്‍ അമ്മയും കുഞ്ഞുമിരുന്ന കാര്‍ കെട്ടിവലിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. നോ പാര്‍ക്കിങില്‍ കാര്‍ നിര്‍ത്തിയിട്ടുവെന്നതായിരുന്നു പൊലീസിന്റെ വാദം.

എന്നാല്‍ നിയമം ലംഘിച്ച് മറ്റു വാഹനങ്ങളും ഇവിടെ പാര്‍ക്ക് ചെയ്തിരുന്നെങ്കിലും അവക്കെതിരെയൊന്നും നടപടിയെടുക്കാതെ അമ്മയേയും കുഞ്ഞിനെയും കാറില്‍ ഇരുത്തി കെട്ടിവലിച്ചുകൊണ്ടുപോകാനാണ് പൊലീസ് ഒരുങ്ങിയത്. ഇത്ര കര്‍ശനമായി നിയമ സംരക്ഷണത്തിന് ഒരുങ്ങിയ പൊലീസുകാരില്‍ ഒരാള്‍ ഡ്യൂട്ടി സമയത്ത് ബാഡ്ജ് ധരിച്ചിരുന്നില്ല. വഴിയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലീസിനോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ ഇതിന് തയാറായില്ല. ഒടുവില്‍ പ്രതിഷേധവുമായി ഒട്ടേറെ പേര്‍ എത്തിയതോടെ പൊലീസ് യുവതിയും കുഞ്ഞുമിരുന്ന കാര്‍ റോഡില്‍ ഉപേക്ഷിച്ച് പിന്‍വാങ്ങുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ