മുംബൈ: ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ (ടിസ്സ്) വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ 24കാരനായ വിദ്യാര്‍ത്ഥിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് കോളേജിലെ പ്രൊഫസര്‍ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് സങ്കെത് താംബെ എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.

കോടതി ഉദ്യോഗസ്ഥനായ അച്ഛനും ഡോക്ടറായ അമ്മയ്ക്കും ഒപ്പം രാംബാഗിലാണ് സങ്കെത് താംബെ താമസിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിയോടെ ടെറസിന് മുകളില്‍ നിന്നും എന്തോ താഴേക്ക് വീഴുന്ന ശബ്ദം കേട്ടതായി കാവല്‍ക്കാരന്‍ പറഞ്ഞു. ഇദ്ദേഹം ഓടിയെത്തി നോക്കിയപ്പോഴാണ് സങ്കെത് ഗുരുതരമായി പരുക്കേറ്റ് നിലത്ത് വീണു കിടക്കുന്നത് കണ്ടത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും വിദ്യാര്‍ത്ഥി മരിച്ചിരുന്നു.

എല്‍എല്‍ബി കഴിഞ്ഞതിന് ശേഷമാണ് മകന്‍ ടിസ്സില്‍ ചേര്‍ന്നതെന്ന് സങ്കെതിന്റെ മാതാവ് സംഗീത പരാതിയില്‍ പറയുന്നു. ‘എന്റെ മകനെ പ്രൊഫസര്‍ ഭീഷണിപ്പെടുത്തുന്നതായി കോളേജില്‍ പരാതി നല്‍കിയിരുന്നു. അതിന് ശേഷം അവന്‍ വിഷമത്തിലായിരുന്നു. കോളേജില്‍ പോവുന്നത് നിര്‍ത്തിയ മകന്‍ വീട്ടില്‍ ഇരുന്ന് പഠിക്കുകയായിരുന്നു,’ സംഗീത പരാതിയില്‍ പറയുന്നു.

പൊലീസ് കണ്ടെത്തിയ സങ്കെതിന്റെ ആത്മഹത്യാ കുറിപ്പില്‍ പ്രൊഫസറുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി പൊലീസ് കേസെടുത്തു. അന്വേഷണവുമായി സഹകരിക്കുമെന്ന് ടിസ് അധികൃതര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ