മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയും അന്നത്തെ ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) സിഇഒ പാര്‍ഥോ ദാസ് ഗുപ്തയും തമ്മിലുള്ള അടുപ്പം വ്യക്തമാക്കുന്ന തെളിവുകളുമായി മുംബൈ പൊലീസ്. ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ് പോയിന്റ്) കുംഭകോണകേസില്‍ 11നു കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് സംഭാഷണങ്ങള്‍ പൊലീസ് ഉദ്ധരിച്ചു.

ഗുപ്തയ്ക്കു വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വവുമായി മധ്യസ്ഥത വഹിക്കാന്‍ അര്‍ണബ് ഗോസ്വാമി ഒന്നിലധികം തവണ വാഗ്ദാനം ചെയ്തതായും ഒരു ഘട്ടത്തില്‍ ‘എല്ലാ മന്ത്രിമാരും നമുക്കൊപ്പമുണ്ട്’ എന്ന് അവകാശപ്പെടുന്നതായും 200 പേജ് വരുന്ന കുറ്റപത്രത്തില്‍ പൊലീസ് ആരോപിച്ചു. ടിആര്‍പി കേസില്‍ നിലവില്‍ കസ്റ്റഡിയില്‍ കഴിയുകയാണ് പാര്‍ഥോ ദാസ് ഗുപ്ത.

2017 ജൂലൈയിലെ ചാറ്റുകളിലൊന്നില്‍,’ദാസ് ഗുപ്ത’ ‘ഗോസ്വാമി’യ്ക്ക് എക്‌സ്‌ക്ലൂസീവ് ടിആര്‍പി ഡേറ്റ അയച്ചതായി കാണിക്കുന്നു. റിപ്പബ്ലിക് ടിവിയുടെ രണ്ട് ചാനലുകള്‍ക്കായി വാര്‍ത്താ വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന ടിആര്‍പി കാണിക്കുന്നതിനാണ് ഗോസ്വാമി ദാസ് ഗുപ്തയ് പണം നല്‍കിയതെന്നാണു പൊലീസിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നു പൊലീസ് അവകാശപ്പെടുപ്പെടുന്നു. എന്നാല്‍ ഇവ അനുബന്ധ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്ന വാട്‌സാപ്പ് സംഭാഷണങ്ങളുടെ കൂട്ടത്തിലില്ല.

ചാറ്റുകളില്‍, മുന്‍ ബാര്‍ സിഇഒ ബിജെപിക്കുവേണ്ടി ചെയത ആനുകൂല്യങ്ങളെക്കുറിച്ച് സംസാരിച്ച് സംഘടനയ്ക്കെതിരായ പരാതികള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതായി തോന്നുന്നു. ഗോസ്വാമിയാവട്ടെ പിഎംഒ, മന്ത്രിമാര്‍, ‘എ.എസ്’ ഉള്‍പ്പെടെയുള്ള വ്യക്തിത്വങ്ങള്‍ എന്നിവരുമായുള്ള മധ്യസ്ഥതയ്ക്കു സഹായം വാഗ്ദാനം ചെയ്യുന്നു. ചാറ്റുകളില്‍ പേരുള്ളവരില്‍ മുന്‍ കേന്ദ്ര സഹമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡും ഉള്‍പ്പെടും.

റാത്തോഡിന്റെ പ്രതികരണത്തിനായി നിരവധി തവണ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. പിഎംഒയുടെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ധീരജ് സിങ്ങില്‍നിന്നും പ്രതികരണം ലഭ്യമായില്ല.

ദാസ് ഗുപ്ത ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ടിആര്‍പികളില്‍ തിരിമറി കാണിച്ചെന്നാരോപിച്ച് നവംബര്‍ 25 ന് സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ 12 പേരുടെയും ആറ് ചാനലുകളുടെയും പേരാണുള്ളത്. ദാസ് ഗുപ്തയെക്കൂടാതെ റിപ്പബ്ലിക് മീഡിയ നെറ്റ്വര്‍ക്ക് സിഇഒ വികാസ് ഖഞ്ചന്ദാനി, മുന്‍ ബാര്‍ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ റോമില്‍ രാംഗരിയ എന്നിരെയും പൊലീസ് അറസ്റ്റ് ചെയതിരുന്നു. ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി നിരസിച്ചതിനെത്തുടര്‍ന്ന് ദാസ് ഗുപ്ത ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കോടതി ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കും.

ഗോസ്വാമിയുമായുള്ള ദാസ് ഗുപ്തയുടെ ബന്ധം ടൈംസ് നൗ ടിവി ചാനില്‍ ജോലി ചെയ്തിരുന്ന കാലഘട്ടം മുതലുള്ളതാണ്. അതേസമയം, പരസ്പരം അറിയുന്ന രണ്ട് വ്യക്തികള്‍ തമ്മിലുള്ള ചാറ്റുകള്‍ ചോര്‍ത്തുന്നതില്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ടെന്ന് ദാസ് ഗുപ്തയുടെ അഭിഭാഷകന്‍ അര്‍ജുന്‍ സിങ് താക്കൂര്‍ പറഞ്ഞു. ചാറ്റുകളില്‍ കുറ്റകരമായ ഒന്നും തന്നെയില്ലെന്നു അത് പ്രൊഫഷണല്‍ സ്വഭാവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ അര്‍ണബ് ഗോസ്വാമിയെ പ്രതിനിധീകരിക്കുന്ന നിയമസംഘത്തിലെ ഒരു അംഗം വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

അന്വേഷണം നടക്കുന്നുണ്ടെന്നും രണ്ടാമത്തെ അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും പൊലീസ് പറഞ്ഞു.

* 2017 ഏപ്രില്‍ 17

റിപ്പബ്ലിക് ചാനലിന്റെ വിജയത്തില്‍ അസൂയപ്പെടുന്ന മറ്റു ചാനലുകള്‍ മന്ത്രിമാരെ ഉദ്ധരിച്ചതായി ‘ദാസ്‌ഗുപ്ത’ ‘ഗോസ്വാമി’യോട് പറയുന്നു.

‘എല്ലാ മന്ത്രിമാരും നമുക്കൊപ്പം’ എന്ന് ‘ഗോസ്വാമി’യുടെ മറുപടി. ‘… ഒരു സെക്രട്ടറി പോലും ഇന്ത്യാ ടുഡേ, എന്‍ഡിടിവി, ടൈംസ് എന്നിവ സന്ദര്‍ശിക്കുന്നില്ല, സര്‍ക്കാര്‍ ബഹിഷ്‌കരിച്ചിരിക്കുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

* 2017 ജൂലൈ 7

റിപ്പബ്ലിക്കിനെതിരെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു പരാതി ലഭിക്കുന്നതിനെക്കുറിച്ച് ‘ദാസ് ഗുപ്ത’ സംസാരിക്കുമ്പോള്‍, ‘ഗോസ്വാമി’ എഴുതുന്നു: ”ഡിഷ് ‘എഫ്ടിഎ (ഫ്രീ-ടു-എയര്‍) കാര്യത്തെക്കുറിച്ച് റാത്തോര്‍ എന്നോട് പറഞ്ഞു, അത് മാറ്റിവയ്ക്കുകയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.”

അന്നത്തെ വാര്‍ത്താവിനിമയ, പ്രക്ഷേപണ സഹമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡിനെ പരാമര്‍ശിക്കുന്നതാണ് റാത്തോഡ്.

* 2019 ഏപ്രില്‍ 4

ചില വാര്‍ത്താ ചാനലുകള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യോട് ബാര്‍ക്കിനെതിരെ സംസാരിക്കുന്നതായി ‘ദാസ് ഗുപ്ത’ പറയുന്നു. ‘ബാര്‍ക്കിനെതിരെ നിശബദ്മാകാന്‍ ട്രായിയോട് ആവശ്യപ്പെടാന്‍ എഎസിനോട് പറഞ്ഞുകൊണ്ട് സഹായിക്കാമോ?’ എന്ന് ഗോസ്വാമി’യോട് ചോദിക്കുന്നു.

തനിക്ക് ഒരു സന്ദേശം അയയ്ക്കാന്‍ കഴിയുമെന്ന് ‘ഗോസ്വാമി’ പറയുന്നു, ട്രായ് നടപടി ‘എഎസിനെ … രാഷ്ട്രീയമായി’ വേദനിപ്പിക്കുന്ന മൂന്ന് കാര്യങ്ങള്‍ ‘ദാസ് ഗുപ്ത’യ്ക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ എന്നും ‘ഗോസ്വാമി’ കൂട്ടിച്ചേര്‍ത്തു.

* 2019 ഏപ്രില്‍ 6

‘ബാര്‍ക്കിനെക്കുറിച്ച് പിഎംഒ എന്നോട് വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്’ എന്ന് ‘ഗോസ്വാമി’ ‘ദാസ് ഗുപ്ത’യോട് പറയുന്നു.

* 2019 ഏപ്രില്‍ 21

‘ബാര്‍ക്കില്‍നിന്ന് മാറിനില്‍ക്കാന്‍ എ.എസ്. ആവശ്യപ്പെടുന്നതാണു നല്ലതെന്നു’ ‘രജത്’ (ഇന്ത്യ ടിവിയുടെ രജത് ശര്‍മ, അന്ന് നൊഷണല്‍ ബ്രോഡ്കാസ്‌റ്റേഴസ് അസോസിയേഷന്‍ തലവനായിരുന്നു) എന്നു പരാമര്‍ശിച്ചുകൊണ്ട് ‘ദാസ് ഗുപ്ത’ ‘ഗോസ്വാമിയോട്’ പറയുന്നു.

‘ബാര്‍ക്ക് നേരിട്ട് എഎസിന്റെ കണ്ണില്‍പെടാതെ നോക്കണം. അകത്തുകടക്കാനുള്ള മാര്‍ഗം രാഷ്ട്രീയക്കാര്‍ക്കുണ്ട്,’എന്നായിരുന്നു ‘ഗോസ്വാമി’യുടെ മറുപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook