സ്ത്രീയുടെ ശരീരവും പുരുഷന്റെ മനസുമായി ജീവിച്ച ആരവ് അപ്പുക്കുട്ടനും, പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസുമായി ജീവിച്ച സുകന്യ കൃഷ്ണനും ഇനി മനസു പറയുന്നതു പോലെ ഒന്നിച്ചു ജീവിക്കും. മലയാളികളായ ഇരുവരും കണ്ടുമുട്ടുന്നത്, മൂന്നു വര്‍ഷം മുമ്പ് മുംബൈയിലെ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് എത്തിയപ്പോഴാണ്. മിഡ് ഡേ ആണ് ഈ മലയാളി ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിത കഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബിന്ദുവായി ജനിച്ചു ജീവിച്ച ആരവ് അപ്പുക്കുട്ടന്‍ പിന്നീട് താന്‍ സ്ത്രീ ശരീരത്തില്‍ കുടുങ്ങിക്കിടക്കുന്ന ഒരു പുരുഷ മനസിന് ഉടമയാണെന്നു കണ്ടെത്തുകായാരിയുന്നു. ഒടുവില്‍ മുംബൈയിലെ ആശുപത്രിയില്‍ ലിംഗമാറ്റ ശസത്രക്രിയയ്ക്കായി എത്തി. അവിടെവച്ചാണ് സുകന്യയെ കാണുന്നത്. അന്ന് സുകന്യയല്ല, ചന്ദു. ഡോക്ടറെ കാണാനുള്ള കാത്തിരിപ്പിനിടയില്‍ സുകന്യ ആരോടോ ഫോണില്‍ മലയാളം സംസാരിക്കുന്നത് കേട്ടാണ് ആരവ് ശ്രദ്ധിക്കുന്നത്. പരിചയപ്പെട്ടു.

പിന്നീട് ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറി. ഫോണ്‍വിളികളും ചാറ്റിംഗും തുടങ്ങി. പരസ്പരം പ്രണയിക്കാന്‍ തുടങ്ങിയെന്ന് അപ്പോളൊന്നും മനസിലായിട്ടില്ലെന്ന് ആരവ് പറയുന്നു. ഒടുവില്‍ ഇരുവരും തിരിച്ചറിഞ്ഞു തങ്ങള്‍ പ്രണയത്തിലാണെന്ന്. ഇപ്പോള്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ തനിക്കൊരു കുഞ്ഞിന് ജന്മം നല്‍കാനാവില്ലെന്ന് മനസിലായതിനാല്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചെന്ന് ആരവ്.

ആരവിന്റെ മാതാപിതാക്കള്‍ ചെറുപ്പത്തിലെ മരിച്ചു. സുകന്യയുടെ അച്ഛന്‍ മരിച്ചെങ്കിലും അമ്മയുണ്ട്. അമ്മ വേറെ വിവാഹം കഴിച്ചു. ചെറുപ്പം മുതലേ തനിക്കറിയാമായിരുന്നു താനൊരു ആണായി ജനിക്കേണ്ടതായിരുന്നെന്ന് ആരവ് പറയുന്നു. ’13ാമത്തെ വയസില്‍ ഞാന്‍ തിരിച്ചറിഞ്ഞു ഞാനൊരു സ്ത്രീയാണെന്ന്. പിന്നീട് മുംബൈയിലേക്ക് പോയി. പിന്നീട് ദുബൈയിലേക്ക് പോകുകയും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി പണം കണ്ടെത്തുകയും ചെയ്തു. ‘ഒരുവര്‍ഷം കൊണ്ട് ഞാന്‍ ആകെ മാറി. സ്ത്രീയില്‍ നിന്നും പുരുഷനിലേക്ക്. ഇപ്പോള്‍ മീശയും താടിയുമൊക്കെ വളര്‍ന്നു തുടങ്ങി.’

സുകന്യയ്ക്കും ചെറുപ്പം മുതലേ അറിയാമായിരുന്നു താനൊരു സ്ത്രീയായി ജനിക്കേണ്ടവളായിരുന്നുവെന്ന്. എന്നാല്‍ വീട്ടുകാര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അവര്‍ സുകന്യയെ ആണ്‍കുട്ടികളുടെ വസ്ത്രം ധരിക്കാനും അവര്‍ക്കൊപ്പം കളിക്കാനുമൊക്കെ നിര്‍ബന്ധിച്ചു. 12 വയസുമുതല്‍ 18 വയസുവരെ കടന്നു പോയ അവസ്ഥകളെ കുറിച്ച് ഓര്‍ക്കാന്‍ പോലും സുകന്യയ്ക്ക് ഇഷ്ടമില്ല. ഹോര്‍മോണ്‍ ചികിത്സയ്ക്കായി വീട്ടുകാര്‍ സുകന്യയെ ആശുപത്രിയിലൊക്കെ കൊണ്ടുപോയി. പിന്നെ പരിഹാസവും കുറ്റപ്പെടുത്തലും വേറെ. 18 വയസായതോടെ ബെംഗളൂരുവിലേക്ക് താമസം മാറുകയും ചെയ്തു ഒരു സ്ഥാപനത്തില്‍ വെബ് ഡിസൈനര്‍ ആയി ജോലി ചെയ്യുകയും ചെയ്തു. അവിടെനിന്ന് സമ്പാദിച്ച പണം ഉപയോഗിച്ച് സുകന്യ ലിംഗമാറ്റ ശസ്ത്രിക്രിയയ്ക്ക് വിധേയയായി. കൂടെ ജോലി ചെയ്യുന്നവര്‍ സുകന്യ എന്താണോ അങ്ങിനെ അംഗീകരിക്കാന്‍ തയ്യാറായി. എന്നാല്‍ പലയിടത്തും മറ്റു ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആധാര്‍ കാര്‍ഡിലെ മുഖം തന്റെ മുഖവുമായി ചേരുന്നില്ലെന്നു പറഞ്ഞു പല പ്രശ്‌നങ്ങളുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് താന്‍ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിക്കുകയാണെന്ന് സുകന്യ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook