മുംബൈ: മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്‌ണങ്ങളാക്കി സ്യൂട്ട് കേസില്‍ ഒളിപ്പിച്ച പിതാവിനെ താനെ പൊലീസ് അറസ്റ്റ് ചെയ്തു. അരവിന്ദ് തിവാരിയെന്ന 47 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്‌ലാം മത വിശ്വാസിയായ യുവാവിനെ മകള്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിനു കാരണം.

മുംബൈയിലാണ് ദാരുണ സംഭവം നടന്നത്. 22 കാരിയായ മകൾ പ്രിന്‍സിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്‌ണങ്ങളാക്കി സ്യൂട്ട് കേസില്‍ ഒളിപ്പിക്കുകയായിരുന്നു. ഓഫീസില്‍ തനിക്കൊപ്പം ജോലി ചെയ്യുന്ന മുസ്‌ലിം യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം ചെയ്യാൻ തീരുമാനിച്ചു. അന്യ മതത്തില്‍പ്പെട്ട യുവാവിനെ മകൾ വിവാഹം ചെയ്യുന്നതിനെ അരവിന്ദ് തിവാരി എതിർത്തു. ഇതിനെച്ചൊല്ലി അച്ഛനും മകളും തമ്മിൽ തർക്കമുണ്ടാവുകയും കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു.

മകളെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേഹം സ്യൂട്ട് കേസിലാക്കി ഒരു ഓട്ടോ വിളിച്ചു. വീട്ടില്‍ നിന്ന് തിത്വാല റെയില്‍വേ സ്‌റ്റേഷനിലേക്കാണ് അരവിന്ദ് ഓട്ടോറിക്ഷയില്‍ പോയത്. തിത്വാലയിലെത്തിയ അരവിന്ദ് പിന്നീട് കല്യാണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിനില്‍ യാത്ര ചെയ്തു. അതിനുശേഷം വീണ്ടും മറ്റൊരു ഓട്ടോയില്‍ കയറി. ഓട്ടോ ഡ്രൈവര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് സ്യൂട്ട് കേസില്‍ എന്താണെന്ന് ചോദിച്ചു. ഡ്രൈവര്‍ക്ക് സംശയം തോന്നിയെന്ന് മനസിലായ അരവിന്ദ് തിവാരി സ്യൂട്ട് കേസ് ഓട്ടോയിൽ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവറാണ് പിന്നീട് പൊലീസില്‍ പരാതിപ്പെട്ടത്.

Read Also: പൃഥ്വിക്ക് ഇങ്ങനേയും ഒരു മുഖമുണ്ട്; രസകരമായ ചിത്രങ്ങൾ പങ്കുവച്ച് സുപ്രിയ

പെൺകുട്ടിയുടെ പകുതി ശരീരം മാത്രമേ പൊലീസിന് ലഭിച്ചിട്ടുള്ളൂ. മറ്റേ പകുതിക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. വിവാഹത്തില്‍ നിന്ന് മകള്‍ പിന്മാറാതെ വന്നപ്പോള്‍ കൊലപ്പെടുത്തുകയല്ലാതെ മറ്റ് വഴികള്‍ തനിക്കു മുന്‍പില്‍ ഉണ്ടായിരുന്നില്ലെന്ന് അരവിന്ദ് തിവാരി പൊലീസിന് മൊഴി നല്‍കി. എങ്ങനെയാണ് അരവിന്ദ് മകളെ കൊലപ്പെടുത്തിയതെന്ന് തങ്ങള്‍ക്ക് പൂര്‍ണമായി ഇപ്പോഴും അറിയില്ലെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് അരവിന്ദ് സ്യൂട്ട് കേസിലാക്കിയതെന്നും പൊലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook