മുംബൈ: കാണാതായ എച്ച്ഡിഎഫ്സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാർഥ് കിരൺ സാംഘ്‌വി(39)യുടെ മൃതദേഹം കണ്ടെത്തി. താനെ ജില്ലയിലെ ഹാജി മലാഗ് ക്ഷേത്രത്തിനു സമീപത്തുളള കുന്നുംപ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 20 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ സർഫറാസ് ഷെയ്ഖ് ഡ്രൈവറാണ്.

അറസ്റ്റിലായ സർഫറാസ് കൊലപാതകത്തിൽ ഉൾപ്പെട്ട മറ്റു മൂന്നു പേരുടെ പേരുകൾ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഇവർ സാംഘ്‌വിയുടെ സഹപ്രവർത്തകർ ആണെന്നാണ് വിവരം.

ലോവർ പരേലിലെ കമലാമിൽ കോംപൗണ്ടിലെ പാർക്കിങ് സ്ഥലത്തുവച്ചാണ് സാംഘ്‌വിയെ കുത്തിയതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. അതിനുശേഷം മൃതദേഹം പൊതിഞ്ഞ് സാംഘ്‌വിയുടെ കാറിനുളളിൽ സൂക്ഷിച്ചു. മൃതദേഹം മറവു ചെയ്യുന്നതിനുളള ഉത്തരവാദിത്തം തനിക്കാണ് നൽകിയതെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. ഹാജ് മലാഗിൽ മൃതദേഹം ഉപേക്ഷിച്ചശേഷം സാംഘ്‌വിയുടെ കാർ കോപർഖെയ്റാനിൽ ഉപേക്ഷിച്ചുവെന്നും ഇയാൾ മൊഴി നൽകി.

സാംഘ്‌വിയുടെ കൊലപാതകത്തിന് പിന്നിൽ തൊഴിൽപരമായുളള ശത്രുതയാണെന്ന് സംശയം ഉളളതായി പൊലീസ് പറഞ്ഞു. അതേസമയം, കൊലപാതകത്തിനു പിന്നിലെ ആസൂത്രകൻ ആരെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല.

സെപ്റ്റംബർ അഞ്ചിനാണ് എച്ച്ഡിഎഫ്സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് കിരൺ സാംഘ്‌വിയെ കാണാതായത്. ബുധനാഴ്ച വൈകിട്ട് ഏഴരയോടെ മധ്യമുംബൈ ലോവർപരേൽ കമലാമിൽസിലെ ഓഫിസിൽ നിന്നു ദക്ഷിണ മുംബൈ മലബാർ ഹിൽസിലെ വീട്ടിലേക്കു പോയ സാംഘ്‌വിയെ കാണാതാവുകയായിരുന്നു.

രാത്രി വൈകിയും വീട്ടിൽ എത്താതിരുന്നതോടെ ഭാര്യയാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് അന്വേഷണത്തിൽ സാംഘ്‌വിയുടെ കാർ വ്യാഴാഴ്ച രാവിലെ നവിമുംബൈയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാറിൽ കത്തിയും രക്തക്കറകളും കണ്ടെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook