മുംബൈ: ഇ-ഷോപ്പിങ് പോര്‍ട്ടല്‍ വഴി വാങ്ങിയ ടി-ഷര്‍ട്ടുകള്‍ തിരികെ നല്കാന് ശ്രമിച്ചയാള്‍ക്കു ബാങ്ക് അക്കൗണ്ടില്‍നിന്നു നഷ്ടമായത് 3.50 ലക്ഷം രൂപ. മുംബൈ സ്വദേശിയായ അന്പത്തിയാറുകാരനെയാണു സൈബര്‍ തട്ടിപ്പുകാരന് കബളിപ്പിച്ചത്.
ഇമിറ്റേഷന്‍ ജ്വല്ലറി ബിസിനസില്‍ ഏര്പ്പെട്ടിരിക്കുന്നയാള്ക്കാണു തുക നഷ്ടമായത്. ഇദ്ദേഹം ഈയാഴ്ച ആദ്യം ഓഫര്‍ ഉപയോഗിച്ച് വാങ്ങിയ ഉല്‍പ്പന്നങ്ങള്‍ ലൈംറോഡിനു തിരികെ നല്കാന് ഇന്റര്‍നെറ്റില്‍നിന്നു ലഭിച്ച ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചതാണു വിനയായതെന്നു പൊലീസ് പറഞ്ഞു.
രണ്ട് ടി-ഷര്‍ട്ട് വാങ്ങിയാല്‍ ഒന്ന് ഫ്രീ എന്ന വാഗ്ദാനം കണ്ടാണ് ഇദ്ദേഹം ഉല്‍പ്പന്നം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ രണ്ടെണ്ണം മാത്രം വെള്ളിയാഴ്ച ലഭിച്ചതോടെ ഓര്‍ഡര്‍ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്റര്‍നെറ്റില്‍ കണ്ടകസ്റ്റമര് കെയര്‍ നമ്പറില്‍ വിളിച്ചു. ലൈംറോഡ് എക്സിക്യൂട്ടീവായി ചമഞ്ഞ തട്ടിപ്പുകാരന്, പരാതിക്കാരന്റെ മൊബൈല്‍ ആക്റ്റിവിറ്റികള്‍ കാണാന്‍ മറ്റൊരാളെ അനുവദിക്കുന്ന എനിഡെസ്ക് എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതായി വെള്ളിയാഴ്ച കുരാര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐ ആറില്‍ പറയുന്നു.
”തന്റെ ഇ-വാലറ്റ് ഉപയോഗിച്ച് ചെറിയ തുക അയയ്ക്കാന്‍ പരാതിക്കാരനോട് തട്ടിപ്പുകാരന് ആവശ്യപ്പെട്ടു. പരാതിക്കാരന് തന്റെ ഫോണ്‍പേ അക്കൗണ്ടില്‍ ബാങ്ക് വിവരങ്ങള്‍ രേഖപ്പെടുത്തിയതു കണ്ട തട്ടിപ്പുകാരന് അവ ഉപയോഗിച്ച് നാല് ഇടപാടുകള്‍ നടത്തുകയും 3.50 ലക്ഷം രൂപ കൈമാറ്റം ചെയ്യുകയും ചെയ്തു,”പൊലീസ് പറഞ്ഞു.
അക്കൗണ്ടില്‍നിന്നു ഡെബിറ്റ് ചെയ്ത തുകയുടെ സന്ദേശങ്ങള്‍ വൈകാതെ ലഭിച്ചതോടെ ഇതു സൈബര്‍ തട്ടിപ്പാണെന്നു പരാതിക്കാരനു മനസിലായി. തുടര്‍ന്ന് അദ്ദേഹം മകനെ വിവരം അറിയിക്കുകയും തുടര്‍ന്നു പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ ഒരു മണിക്കൂറിനുള്ളില്‍ പൊലീസിനെ സമീപിച്ചെങ്കിലും പണം തിരിച്ചുപിടിക്കാന്‍ സാധിച്ചില്ലെന്നു പരാതിക്കാരന് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
”പണം വീണ്ടെടുക്കാന്‍ പൊലീസ് ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. സൈബര്‍ കുറ്റകൃത്യത്തിന് ഇരയായവര്‍ പണം വീണ്ടെടുക്കാന്‍ ഉടന്‍ വിളിക്കേണ്ട ‘1930’ എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിനെക്കുറിച്ച് എനിക്കറിയാമായിരുന്നില്ല. തട്ടിപ്പുകാരന് ഉപയോഗിച്ച നമ്പറിലേക്കു തങ്ങള്‍ വിളിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ലെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു,”പരാതിക്കാരന് പറഞ്ഞു.