മുംബൈ: മുടി മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ മധ്യവയസ്കന്‍ മരിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനായി 50 മണിക്കൂറിന് ശേഷം ശനിയാഴ്ചയാണ് അദ്ദേഹം മരിച്ചത്. സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല. എന്നാല്‍ ഗുരുതരമായ അലര്‍ജി കാരണമാകാം മരണം സംഭവിച്ചതെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.

43കാരനായ ശരവണ്‍ കുമാര്‍ ചൗധരിയാണ് മരിച്ചത്. ശ്വാസതടസവും മുഖത്തും കഴുത്തിലും തടിപ്പ് കാണപ്പെടുകയും ചെയ്തതോടെ ശരവണ്‍ വെളളിയാഴ്ച ആശുപത്രിയില്‍ എത്തുകയായിരുന്നു. ഗുരുതരമായ അലര്‍ജിയായ അനാഫിലാക്സിസിന്റെ ലക്ഷണങ്ങളാണ് അദ്ദേഹത്തില്‍ കണ്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അലർജി പ്രകടമായതോടെ ചൗധരി പരിഭ്രാന്തനായതായും പിന്നീട് ഹൃദയസ്തംഭനം മൂലമാകാം മരിച്ചതെന്നുമാണ് നിഗമനം. ശനിയാഴ്ച രാവിലെ 6.45ഓടെയാണ് അദ്ദേഹം മരണപ്പെട്ടത്. 15 മണിക്കൂര്‍ നീണ്ട് നിന്ന ശസ്ത്രക്രിയയിലൂടെയാണ് ചൗധരി മുടി മാറ്റി വച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook