മുംബൈ: മുൻ ബോളിവുഡ് നടിയെ വിമാനത്തിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ച കേസിൽ മുംബൈ സ്വദേശിയായ നാൽപ്പത്തിയൊന്നുകാരന് ശിക്ഷ. നടിക്ക് പ്രായപൂർത്തിയാകുന്നതിന് മുമ്പായിരുന്നു പീഡനം. അതിനാൽ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ സെക്ഷൻ എട്ട്, ഐപിസി 354 എന്നീ വകുപ്പുകൾ പ്രകാരമാണ് വികാസ് സച്ച്ദേവ എന്നയാളെ കോടതി ശിക്ഷിച്ചത്.
വികാസ് സച്‌ദേവ വിമാനത്തിൽ തന്റെ പിന്നിൽ ഇരിക്കുകയായിരുന്നുവെന്നും കാല് തന്റെ കൈത്തണ്ടയിൽ വച്ച് ഉപദ്രവിച്ചുവെന്നും നടി കോടതിയിൽ പറഞ്ഞു. എന്നാൽ ഏഴ് പ്രോസിക്യൂഷൻ സാക്ഷികളിൽ ഒരു യാത്രക്കാരനും രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളും സച്ച്ദേവ വിമാനത്തിലുടനീളം ഉറങ്ങുകയാണെന്ന് പറഞ്ഞു.
കേസിൽ പ്രധാന സാക്ഷികളിൽ ഒരാൾ നടി തന്നെയായിരുന്നു. പ്രതിയെ തിരിച്ചറിയാനായി വാദിയോട് ഹാജരാകാൻ പൊലീസും പ്രോസിക്യൂഷനും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അവർ തയാറായില്ല. കേസ് കെട്ടിച്ചമച്ചതാണെന്നും സംഭവം നടന്നിട്ടുണ്ടെന്നത് നടിയുടെ തോന്നൽ മാത്രമാണെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
“ഒരുപക്ഷേ ഇത് ‘ഒരു ഘട്ടം’ മാത്രമായിരിക്കാം, പക്ഷേ ഇത് ഞാൻ ഒരിക്കലും ആഗ്രഹിക്കാത്ത അല്ലെങ്കിൽ കടന്നു പോകാൻ ആഗ്രഹിക്കാത്ത സാഹചര്യങ്ങളിൽ എന്നെ എത്തിച്ചിട്ടുണ്ട്. എല്ലാ ദിവസവും അഞ്ച് ആന്റി ഡിപ്രസന്റുകൾ കഴിക്കുന്നത്, അർധരാത്രിയിൽ ആശുപത്രിയിൽ എത്തിക്കേണ്ട അവസ്ഥ, ശൂന്യത, അസ്വസ്ഥത, ഉത്കണ്ഠ, ഭ്രമം, ചിലപ്പോൾ അമിത ഉറക്കം അല്ലെങ്കിൽ ആഴ്ചകളോളം ഉറങ്ങാൻ കഴിയാത്ത അവസ്ഥ.”
പ്രതി ഭാഗത്തിന് ഒരു സാക്ഷിയെ മാത്രമേ ഹാജരാക്കാൻ സാധിച്ചുള്ളൂ. അത് സച്ച്ദേവയുടെ ഭാര്യയായിരുന്നു. ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സച്ച്ദേവ ഡൽഹിയിലേക്ക് ഒരു ദിവസം നീണ്ട യാത്ര നടത്തിയിരുന്നു എന്നും വളരെ ക്ഷീണിതനായിരുന്നുവെന്നും ഉറങ്ങുകയായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.