മുംബൈ: കമാലമിൽസ് കോംപൗണ്ടിലെ കെട്ടിടത്തിന് തീപിടിച്ച് 15 ലേറെ പേർ മരിച്ച സംഭവത്തിന് പിന്നാലെ മുംബൈയിൽ വീണ്ടും അഗ്നിബാധ. മാരോളിലെ മൈമൂൺ കെട്ടിടത്തിലാണ് ബുധനാഴ്ച രാത്രി തീപിടിച്ചത്. അപകടത്തിൽ നാല് പേർ മരിച്ചതായാണ് വിവരം.

അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ആകെ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം കെട്ടിടത്തിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായി പറയുന്നത്.

അന്ധേരിയിലെ ബഹുനില ഫ്ലാറ്റ് കെട്ടിടത്തിനാണ് തീപിടിച്ചത്. രാത്രി ഒന്നരയോടെയാണ് അഗ്നിബാധയുണ്ടായത്. ഇവിടെ നാലാം നിലയിലായിരുന്നു തീ. ഈ നിലയിലെ താമസക്കാരാണ് വെന്തുമരിച്ചത്. പരിക്കേറ്റവരും ഈ നിലയിൽ തന്നെ താമസിക്കുന്നവരാണ്. മറ്റ് നിലകളിലെ താമസക്കാരെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

ഡിസംബർ 29ന് പുലർച്ചെ ലോവർ പരേലിലെ കമലാമിൽസ് കോംപൗണ്ടിലാണ് തീപിടിച്ചത്. വൺ എബൗ പബ്ബിലുണ്ടായ തീപിടിത്തത്തിൽ പതിനാലു പേരാണ് വെന്തുമരിച്ചത്. സംഭവത്തിൽ പബിലെ രണ്ടു മാനേജർമാരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ