മുംബൈ: അഴിമതിക്കേസുകളില്‍ നിന്നും ഒഴിവാക്കാൻ 10 കോടി നല്‍കണമെന്ന് ഐഎഎസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ സ്വകാര്യ ഡിറ്റക്ടീവും ഭാര്യയും അറസ്റ്റില്‍. സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന് രാധേഷ്യം മൊപാല്വറിനെയാണ് സ്വകാര്യ ഡിറ്റക്ടീവായ സതീഷ് മംഗളും ഭാര്യയും ഭീഷണിപ്പെടുത്തിയത്. വ്യാഴാഴ്ച ഇരുവരേയും താനെ പൊലീസ് അറസ്റ്റു ചെയ്തു.
മംഗളിന് ഐഎഎസ് ഉദ്യോഗസ്ഥന്റെ അകന്നു കഴിയുന്ന ഭാര്യയുമായി സമ്പര്‍ക്കമുണ്ടായിരുന്നു. അവരുടെ വിവാഹമോചന കേസിന് പിന്തുണയ്ക്കുന്നതിനായി തെളിവുകള്‍ ശേഖരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. മൊപാല്വറും മറ്റുവ്യക്തികളുമായി നടത്തിയ ഫോണ്‍ സംഭാഷണവും ഇയാള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. അനധികൃത പണമിടപാടുകളെക്കുറിച്ചുള്ള ചര്ച്ചകളായിരുന്നുവെന്ന് ഇയാള്‍ ആരോപിക്കുന്നതായി പൊലീസ് പറയുന്നു.
ഒക്ടോബര്‍ 23ന് മംഗളും ഭാര്യ ശ്രദ്ധയും സുഹൃത്ത് അനില്‍ വേദ്മെഹ്ത്തയും മൊപാല്വറിന്റെ സുഹൃത്തായ ക്ലിങ് മിശ്രയെ കണ്ടിരുന്നുവെന്നാണ് പറയുന്നത്. മൂവരും ഖര്‍ഗോന്‍ ടോള്‍ പ്ലാസയില്‍ വച്ചാണ് കണ്ടുമുട്ടിയത്. കേസുമായി ബന്ധപ്പെട്ട തെളിവുകളും ശബ്ദരേഖകളും തിരിച്ചേല്‍പ്പിക്കാന്‍ 10 കോടി രൂപ ഇവര്‍ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു. പിന്നീടുള്ള കൂടിക്കാഴ്ചയിലും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. പിന്നീട് സതീഷ് മംഗളും ഭാര്യയും മുംബൈയിലെ ജെഡബ്യൂ മാരിയറ്റ് ഹോട്ടലില്‍ വച്ച് ഒക്ടോബര്‍ 31ന് മൊപാല്വറുമായി കൂടിക്കാഴ്ച നടത്തിയതായും പൊലീസ് പറയുന്നു. ഏഴു കോടി രൂപ നല്കാന് ആവശ്യപ്പെടുകയും, അല്ലാത്തപക്ഷം മൊപാല്വറിനേയും അദ്ദേഹത്തിന്റെ മകളേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് മൊപാല്വര് പൊലീസില്‍ പരാതി നല്‍കുകയും താനെ പൊലീസിന്റെ ആന്റി എക്സോര്ഷന് സെല്‍ മംഗളിനേയും ഭാര്യയേയും ദൊംബിവാലിയിലെ വീട്ടില്‍ വച്ച് ഒരു കോടി രൂപ കൈമാറുന്നതിനിടയില്‍ പിടികൂടുകയും ചെയ്തു. ഇവരുടെ പക്കല്‍ നിന്നും നിരവധി ലാപ്ടോപ്പുകളും, മൊബൈല്‍ ഫോണുകളും, പെന്‍ഡ്രൈവുകളും സിഡികളും പിടിച്ചെടുത്തു. കഴിഞ്ഞ പത്തുവര്‍ഷമായി സ്വകാര്യ ഡിറ്റക്ടീവായി ജോലി ചെയ്യുന്ന സതീഷിന് 10-ാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്നും പൊലീസ് പറയുന്നു.
മൊപാല്വറിനെ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡവലപ്പ്മെന്റ് കോര്പ്പറേഷന് ചെയര്മാന് സ്ഥാനത്തു നിന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നീക്കം ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് മാസം മുതല്‍ അദ്ദേഹം അവധിയിലായിരുന്നു. മൊപാല്വര് കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളടങ്ങുന്ന സിഡികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥാനത്തു നിന്നും നീക്കം ചെയ്തതെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മഹാരാഷ്ട സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.