മുംബൈ: ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന പരാതിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു മുംബൈ കോടതിയുടെ സമന്‍സ്. ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് സമന്‍സ് പുറപ്പെടുവിച്ചത്. കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന പൊതുപരിപാടിയാണ് പരാതിക്കിടയാക്കിയത്.
”പരാതി, ഡിവിഡിയിലെയും യുട്യൂബ് ലിങ്കുകളിലെയും വീഡിയോ ക്ലിപ്പുകള്‍ എന്നിവയില്‍നിന്ന് കുറ്റാരോപിത ദേശീയഗാനം പെട്ടെന്ന് നിര്‍ത്തി വേദി വിടുന്നതായി പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഇതുപ്രകാരം, ദേശീയ പ്രതീകങ്ങളെ അധിക്ഷേപിക്കുന്നതിനെതിരായ നിയമത്തിലെ മൂന്നാം വകുപ്പ് അനുസരിച്ചുള്ള ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ വ്യക്തമാണ്,”മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് പി ഐ മൊകാഷി ഉത്തരവില്‍ പറഞ്ഞു.
മുംബൈയിലെ യശ്വന്ത്‌റാവു ചവാന്‍ പ്രതിഷ്ഠാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ മമത ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചുവെന്ന് ആരോപിച്ച് ബിജെപി മുംബൈ സെക്രട്ടറി അഡ്വ. വിവേകാനന്ദ് ഗുപ്തയാണു കഴിഞ്ഞ മാസം പരാതി നല്‍കിയത്. പരിപാടിയുടെ അവസാനം, ഇരുന്നുകൊണ്ട് മമത ദേശീയ ഗാനം ആലപിക്കാന്‍ ആരംഭിച്ചെന്നും തുടര്‍ന്ന് എഴുന്നേറ്റ് രണ്ട് വരി ആലപിച്ചശേഷം പെട്ടെന്നു നിര്‍ത്തി വേദി വിട്ടുവെന്നും പരാതിയില്‍ പറയുന്നു.
Also Read: ‘രാജ്യം മതാന്ധതയുടെയും മതാധിപത്യത്തിന്റെയും ഭീഷണിയില്‍’; 37 നേതാക്കള്‍ക്ക് കത്തെഴുതി സ്റ്റാലിന്‍
ദേശീയ പ്രതീകങ്ങളെ അപമാനിക്കുന്നതു തടയുന്ന നിയമപ്രകാരം ബാനര്‍ജിക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതി. ദേശീയ ഗാനം ആലപിക്കുന്ന പരിപാടിയെ മനപ്പൂര്‍വം തടസപ്പെടുത്തുകയോ ശല്യപ്പെടുത്തുകയോ ചെയ്തുവെന്നു തെളിയിക്കപ്പെട്ടാല്‍, മൂന്നുവര്‍ഷം വരെ തടവോ ശിക്ഷയോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയ്ക്ക് അഹര്‍മാണെന്നു പ്രസ്തുത നിയമത്തിന്റെ മൂന്നാം വകുപ്പ് പറയുന്നു.
ഇതൊരു സര്‍ക്കാര്‍ ചടങ്ങോ ഔദ്യോഗിക പരിപാടിയോ അല്ലാത്തതിനാല്‍ മമതയ്‌ക്കെതിരെ നടപടിയെടുക്കാന്‍ അനുമതി ആവശ്യമില്ലെന്ന് മജിസ്ട്രേറ്റ് കോടതി പറഞ്ഞു.
”കുറ്റാരോപിത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയാണെങ്കിലും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിച്ചിരുന്നില്ല. അതുവഴി കുറ്റാരോപിതയുടെ ഈ പ്രവൃത്തി ഔദ്യോഗിക കര്‍ത്തവ്യത്തിനു കീഴില്‍ വരുന്നതല്ല. അതിനാല്‍, അനുമതി ആവശ്യമില്ല. കുറ്റാരോപിതയ്‌ക്കെതിരായ നടപടിക്കു ഒരു തടസവുമില്ല,” കോടതി പറഞ്ഞു.
ക്രിമിനല്‍ നടപടി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നടപടിയെടുക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഹാജരാക്കിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. സമന്‍സിനോട് പ്രതികരിക്കാന്‍ മമത ബാനര്‍ജിക്ക് മാര്‍ച്ച് രണ്ടു വരെ സമയം നല്‍കിയിട്ടുണ്ട്.
Also Read: ഉഡുപ്പിക്കു പിന്നാലെ കര്‍ണാടകയിലെ കൂടുതല്‍ കോളജുകളില്‍ ഹിജാബ് വിരുദ്ധ നീക്കം