മുഹമ്മദ് ശരീഖും ഒനിബ ഖുറേഷിയും ഒരിക്കലും രണ്ടാം മധുവിധുവിന് പോകേണ്ടയിരുന്നതല്ല. കഴിഞ്ഞ ജൂലൈയിൽ ഖത്തറിലേക്കുള്ള വിമാനത്തിന് രണ്ട് ദിവസം മുമ്പ് ഒനിബ തങ്ങളുടെ ആദ്യ കുഞ്ഞ് ഒനിബയുടെ ഉദരത്തിൽ വളർന്നു വരുന്നതായി അറിഞ്ഞു. എന്നാൽ അവരുടെ യാത്രയുടെ “സ്പോൺസർ”, ശരീഖിന്റെ അമ്മാവൻ തബസ്സും റിയാസ് ഖുറേഷി അത്ര സന്തോഷത്തോടെയല്ല ആ വാർത്തയോട് പ്രതികരിച്ചിരുന്നത്.

“നിനക്കും ഒനിബയ്ക്കും ഖത്തറിൽ നല്ല സമയം ചെലവഴിക്കാൻ ഞാൻ വളരെയധികം പണം ചെലവഴിച്ചു. നിങ്ങൾ ഇപ്പോൾ യാത്ര റദ്ദാക്കിയാൽ, എനിക്ക് ധാരാളം പണം നഷ്ടപ്പെടും. ഗർഭിണികൾ വിമാന യാത്ര ചെയ്യില്ലെന്നാണോ നീ എന്നോട് പറയുന്നത്? ” ഖുറേഷി തന്റെ ശരീഖിനോട് പറഞ്ഞതായി ആരോപിക്കുന്നു.

അവസാനം, യുവ ദമ്പതികൾ എയർകണ്ടീഷൻ ചെയ്ത ബസ്സിൽ ബെംഗളൂരുവിലേക്ക് പോകാനും കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനം പിടിക്കാനും നിർബന്ധിതരായി. “പോകുന്നതിനുമുമ്പ്, തബസ്സും അവർക്ക് ഒരു ബാഗ് കൈമാറി. അവർ ഖത്തറിലെ ഹോട്ടൽ മുറിയിൽ ചെക്ക് ഇൻ ചെയ്താൽ ഒരാൾ വന്ന് അവരിൽ നിന്ന് ആ ബാഗ് വാങ്ങിക്കൊള്ളുമെന്ന് തബസ്സും അവരോട് പറഞ്ഞു,” ഒനിബയുടെ അമ്മ പർവീൻ ഖുറേഷി പറഞ്ഞു.

Read More: അസ്വസ്ഥത നീങ്ങി, ജമ്മു കശ്മീർ ശാന്തതയുടെ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു: സൈനിക മേധാവി

2019 ജൂലൈ 6 ന് ഖത്തറിലെ ഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശരീഖും ഒനിബയും എത്തിയപ്പോൾ സംഭവിച്ചത് ഞെട്ടിക്കുന്നതായിരുന്നു.

പ്രാദേശിക ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ഏജൻസി ബാഗിൽ തിരച്ചിൽ നടത്തുകയും 4.1 കിലോഗ്രാം ഹാഷിഷ് കണ്ടെത്തുകയും ചെയ്തു. നിരപരാധികളാണെന്ന് ഇരുവരും ശക്തമായി വാദിച്ചിട്ടും ഖത്തറിലെ സുപ്രീം ജുഡീഷ്യറി കൗൺസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി കഴിഞ്ഞ ഡിസംബറിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ജയിലിൽ ആയിരുന്ന ഒനിബയ്ക്ക് ഈ വർഷം ആദ്യം ആയത്ത് ഖുറേഷി എന്ന പെൺകുഞ്ഞ് ജനിച്ചു.

എന്തു ചെയ്യണമെന്നറിയാത്ത നിസ്സഹായതയിൽ മുംബൈയിലെ വീട്ടിൽ വേദനയോടെ കഴിയുകയാണ് ഒനിബയുടെ മാതാവ്. മകളെ ഖത്തറിലേക്ക് പോകുന്നത് തടയാൻ ശ്രമിച്ചിരുന്നെങ്കിൽ എന്ന കുറ്റബോധത്തോടെ. 29 വയസുള്ള ഒനിബയും ശരീഖും 2018 മെയ് മാസത്തിലാണ് വിവാഹിതരായത്. ബാങ്കോക്കിലായിരുന്നു ഇരുവരുടേയും മധുവിധു. ജാപ്പനീസ് ഫിനാൻഷ്യൽ ടെക്‌നോളജി കമ്പനിയായ ഹ്യോസുങ്ങിന്റെ അഡ്മിനിസ്ട്രേറ്റീവ് കൺസൾട്ടന്റായ ശരീഖിന്, ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അറസ്റ്റ്. മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരായിരുന്ന ഒനിബ, വിവാഹത്തിന് ശേഷം ജോലി ഉപേക്ഷിച്ചു.

“ഒനിബ പോകാൻ ആഗ്രഹിച്ചില്ല. എന്നാൽ അവർക്ക് ഒരു വിവാഹ സമ്മാനം നൽകണമെന്ന് ശരീക്കിന്റെ അമ്മായി നിർബന്ധിച്ചതിനാൽ ഞാൻ അവളോട് പോകാൻ പറഞ്ഞു. ഞാൻ അവളെ വിട്ടയച്ചിരുല്ലായിരുന്നുവെങ്കിൽ എന്നിപ്പോൾ ആഗ്രഹിക്കുന്നു,” ഒനിബയുടെ മാതാവ് പറഞ്ഞു.

ഡിസംബർ മുതൽ, ശരീക്കിന്റെയും ഒനിബയുടെയും കുടുംബങ്ങൾ മക്കളെ പുറത്തിറക്കുന്നതിന് സഹായം തേടി പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര ആഭ്യന്തരമന്ത്രി, മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ (എൻസിബി) എന്നിവയ്ക്ക് കത്തെഴുതിയിരുന്നു.

2019 സെപ്റ്റംബർ 27 ന് ഒനിബയുടെ പിതാവ് ഷക്കീൽ അഹമ്മദ് ഖുറേഷി, തബസ്സുമ്മിനും കൂട്ടാളിയായ നിസാം കാരയ്‌ക്കും എതിരെ എൻ‌സി‌ബിയിൽ പരാതി നൽകിയിരുന്നു. തബസ്സും തന്റെ അനന്തരവനെ ഖത്തറിലേക്ക് പോകാൻ വൈകാരികമായി ബ്ലാക്ക് മെയിൽ ചെയ്ത ഫോൺ കോളുകളുടെ പകർപ്പുകളും അദ്ദേഹം അയച്ചു. നിരവധി മാസത്തെ നിരീക്ഷണത്തെത്തുടർന്ന്, കരുതിക്കൂട്ടി ആസൂത്രണം ചെയ്ത് ലഹരിമരുന്ന കടത്തിയ കേസിൽ ആറ് പേരെ എൻ‌സി‌ബി അറസ്റ്റ് ചെയ്തു. ഒക്ടോബർ 14 ന് എൻ‌സി‌ബി നിസാമിനെ കണ്ടെത്തി. ഷരീക്കിനേയും ഒനിബയേയും അയച്ചതായി ഇയാൾ സമ്മതിച്ചതായി എൻ‌സി‌ബി ഡെപ്യൂട്ടി ഡയറക്ടർ കെ‌പി‌എസ് മൽ‌ഹോത്ര പറഞ്ഞു. ശിക്ഷാവിധിക്കെതിരെ അപ്പീൽ സമർപ്പിക്കാൻ ഇന്ത്യാ ഗവൺമെന്റും എൻസിബിയും ഖത്തറിലെ ഇന്ത്യൻ എംബസിയും ഇപ്പോൾ കുടുംബങ്ങളെ സഹായിക്കുകയാണ്.

“എല്ലാ സഹായങ്ങൾക്കും ഞങ്ങൾ സർക്കാരിനോട് നന്ദിയുള്ളവരാണ്. ഞങ്ങൾ ജുഡീഷ്യൽ നടപടിക്രമങ്ങൾ പിന്തുടരുകയും കോവിഡ് -19 മഹാമാരി മൂലം 6-7 മാസം നഷ്ടപ്പെടുകയും ചെയ്തു. ഞങ്ങൾ അപ്പീൽ സമർപ്പിച്ചാൽ, ഒനിബയും ശരീഖും നിരപരാധികളാണെന്നും അവരെ കേസിൽ കുടുക്കിയവർ എൻസിബിയുടെ കസ്റ്റഡിയിലാണെന്നും ഖത്തറിലെ കോടതി കണക്കിലെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” പർവീൻ പറഞ്ഞു.

Read in English: Mumbai couple jailed in Qatar in drug case: Wish I hadn’t let her go, says woman’s mother

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook