മുംബൈ: കാറിനുള്ളിൽ മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയെയും കുഞ്ഞിനെയും ഗൗനിക്കാതെ, നിയമലംഘനം ആരോപിച്ച് വാഹനം കെട്ടിവലിച്ചുകൊണ്ടുപോയ മുംബൈ ട്രാഫിക് പൊലീസിന്റെ നടപടി ഏറെ വിമർശനവിധേയമായിരുന്നു. ഈ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഗതാഗത നിയമം ലംഘിച്ച് പാർക്കു ചെയ്തിരുന്ന വാഹനം നീക്കാൻ പൊലീസ് ഉദ്യോഗസ്ഥനെത്തുമ്പോൾ, വാഹനത്തിനുള്ളിൽ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പുതിയതായി പുറത്തു വന്ന വിഡിയോ വെളിപ്പെടുത്തുന്നു. ഈ സമയത്ത് കുഞ്ഞ് വാഹനത്തിനു പുറത്ത് ഒരു ബന്ധുവിന്റെ കയ്യിലായിരുന്നു.

വാഹനം കെട്ടിവലിക്കാൻ പൊലീസ് ശ്രമിക്കുന്ന സമയത്ത് കുഞ്ഞിനെ വാഹനത്തിനുള്ളിലേക്കു വാങ്ങിയ യുവതി, താൻ മുലയൂട്ടുകയായിരുന്നുവെന്നു വരുത്തിത്തീർക്കുകയായിരുന്നുവത്രേ. കാർ കെട്ടിവലിക്കുന്നതിനു മുൻപ് യുവതിക്ക് പൊലീസുകാരൻ മുന്നറിയിപ്പു നൽകിയെന്നും പറയുന്നു. കാറില്‍നിന്ന് പുറത്തിറങ്ങാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയോട് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.

ഗതാഗത നിയമം ലംഘിച്ചതിന്റെ പേരില്‍ കടുത്ത നടപടി സ്വീകരിച്ച മുംബൈ പോലീസിന്റെ ക്രൂരത വെളിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. കുഞ്ഞിന് താന്‍ പാലുകൊടുക്കുകയാണെന്നും ദയവായി കാര്‍ കെട്ടിവലിക്കുന്നത് നിര്‍ത്താന്‍ പറയൂ എന്ന് അമ്മ പോലീസുകാരനോട് അഭ്യര്‍ഥിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

രാജ്യവ്യാപകമായി മുംബൈ ട്രാഫിക് പൊലീസ് വിമർശിക്കപ്പെട്ട സംഭവത്തിൽ പുതിയ വിശദീകരണം വന്നതോടെ യഥാർഥത്തിൽ ആരാണ് കുറ്റം ചെയ്തതെന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. പുതിയ വെളിപ്പെടുത്തൽ എഎൻഐ ഉൾപ്പെടെയുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആദ്യം പുറത്തുവന്ന വിഡിയോയുടെ അടിസ്ഥാനത്തിൽ ട്രാഫിക് പൊലീസുകാരന്റെ നടപടിയെ വിമർശിച്ച് അനേകം പേർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ തുടങ്ങിയവർ സംഭവത്തിൽ ഇടപെടുകയും പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. ഇയാളെ സസ്പെൻഡ് ചെയ്തതായി അറിയിച്ച ഫഡ്നാവിസ്, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രാഫിക് പൊലീസുകാർക്ക് പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ