മുംബൈ: ഗാഡ്‌കോപ്പറില്‍ നാലുനില കെട്ടിടം തകര്‍ന്ന് 17 പേര്‍ മരിച്ച സംഭവത്തില്‍ കെട്ടിടമുടമയും ശിവസേന നേതാവുമായ സുനില്‍ സിതാപ് അറസ്റ്റില്‍. സുനില്‍ സിതാപിന്റെ ഉടമസ്ഥതയില്‍ താഴെ നിലയിലുള്ള നഴിസിങ് ഹോമിന്റെ അറ്റകുറ്റപണികള്‍ നടക്കുന്നതിനിടയിലായിരുന്നു അപകടം. അനുമതി തേടാതെയാണ് നവീകരണപ്രവൃത്തി തുടങ്ങിയത്. കുറ്റകരമായ അനാസ്ഥയ്ക്കും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ആറു സ്ത്രീകളും ഒരു പിഞ്ചുകുഞ്ഞും ഉള്‍പ്പെടെ 17 പേരാണ് അപകടത്തില്‍ മരിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവാന്ദ്ര ഫ്ഡ്‌നാവിസാണ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. അദ്ദേഹം അപകടസ്ഥലം നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു.

ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം നടന്നത്. നവീകരണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് അപകടം സംഭവിച്ചത് എന്നാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നവര്‍ പറയുന്നത്. 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ 12 കുടുംബങ്ങള്‍ താമസിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook