മുംബൈ: മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ സ്വന്തം ജീവനെ കുറിച്ചല്ല സാഹിദ് ഖാന്‍ എന്ന യുവാവ് ചിന്തിച്ചത്, തനിക്കരികില്‍ നിന്ന പിതാവിനെയാണ്. സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാലും പിതാവിനെ രക്ഷിക്കണമെന്ന് അവൻ ഓർത്തു. സ്വന്തം ജീവൻ നൽകി സാഹിദ് പിതാവിനെ രക്ഷിച്ചു. മരണക്കയത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പിതാവിനാകട്ടെ പിന്നീട് കാണാനായത് മകന്റെ ജീവനറ്റ ശരീരമാണ്.

മുംബൈയില്‍ കഴിഞ്ഞ ദിവസം ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷനിലെ ഹിമാലയ നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തിനിടയിലാണ് കരളലിയിക്കുന്ന സംഭവം. അപകടം സംഭവിക്കാന്‍ പോകുന്നെന്ന് മനസിലാക്കിയ സാഹിദ് ഖാന്‍ തന്റെ മുന്‍പിലുണ്ടായിരുന്ന പിതാവ് സിറാജിനെ തള്ളിമാറ്റുകയായിരുന്നു. മകന്‍ കൃത്യസമയത്ത് തള്ളിമാറ്റിയതോടെ സിറാജ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍, നടപ്പാലത്തിന്റെ സിമന്റ് തൂണുകള്‍ തകര്‍ന്നുവീണപ്പോള്‍ സഹിദ് ഖാന്‍ അതിനടിയില്‍ പെട്ടു. മേല്‍പ്പാലം തകര്‍ന്നുവീണ് കൊല്ലപ്പെട്ട ആറ് പേരില്‍ ഒരാളാണ് 32 കാരനായ സാഹിദ് ഖാന്‍.

സാഹിദിന്റെ പിതാവ് സിറാജ് ഖാനെ ബന്ധുക്കൾ ആശ്വസിപ്പിക്കുന്നു. എക്സ്പ്രസ് ഫൊട്ടോ: പ്രശാന്ത് നട്കർ

സിറാജിന്റെ അയല്‍ക്കാരനായ മക്‌സൂദ് ഖാന്‍ സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ; “സാഹിദ് തള്ളിമാറ്റിയില്ലായിരുന്നെങ്കില്‍ സിറാജും മരിക്കുമായിരുന്നു. തകര്‍ന്നുവീണ സ്ലാബുകള്‍ സിറാജിന് തൊട്ടരികിലാണ് വീണത്. തലനാരിഴ്യ്ക്കാണ് സിറാജ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.”

ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം നഷ്ടമായെന്നാണ് സാഹിദിന്റെ മരണത്തെക്കുറിച്ച് അടുത്ത ബന്ധു പറഞ്ഞത്. സാഹിദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. ഒരാൾക്ക് ആറു വയസും രണ്ടാമത്തെ കുട്ടിക്ക് എട്ടു മാസം പ്രായവുമാണ്. ഗാട്കോപർ റെയിൽവേ സ്റ്റേഷന് പുറത്ത് ചെറിയൊരു കട നടത്തുകയാണ് സാഹിദും പിതാവ് സിറാജും. 40 വർഷങ്ങൾക്കു മുൻപ് പ്രയാഗ്‌രാജിൽ നിന്നാണ് സാഹിദിന്റെ പിതാവ് സിറാജ് മുംബൈയിലേക്കെത്തിയത്.

മകന്റെ മരണവാര്‍ത്ത സിറാജിനെയും കുടുംബത്തെയും ഏറെ തളര്‍ത്തി. നിരവധി പേരാണ് സാഹിദിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച ചത്രപതി ശിവജി മഹാരാജ് ടെര്‍മിനലും ബിടി ലെയ്‌നും ബന്ധിപ്പിക്കുന്ന ഓവര്‍ ബ്രിഡ്ജാണ് തകര്‍ന്നു വീണത്.  അപകടത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Mumbai bridge accident, മുംബൈ മേൽപ്പാലം അപകടം, ie malayalam, ഐ ഇ മലയാളം

എക്സ്പ്രസ് ഫൊട്ടോ: പ്രശാന്ത് നട്കർ

വൈകിട്ട് ഏഴരയോടെയായിരുന്നു പാലം തകര്‍ന്നു വീണതെന്നാണ് പൊലീസ് പറയുന്നത്. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാമതാണ് മുംബൈയില്‍ പാലം തകര്‍ന്നു വീഴുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം അന്ധേരിയിലെ ജികെ ഗോഘലെ ഓവര്‍ ബ്രിഡ്ജും തകര്‍ന്നു വീണിരുന്നു. രണ്ട് പേരാണ് അന്ന് മരിച്ചത്.

ബ്രിഹാ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന് കീഴില്‍ വരുന്നതാണ് പാലം. ദിവസങ്ങള്‍ക്ക് മുമ്പാണ് പാലത്തിന്റെ സുരക്ഷ പരിശോധിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ