മുംബൈയിലെ മൽവാനിയിൽ നവീകരിച്ച സ്‌പോർട്‌സ് കോംപ്ലക്‌സിന് മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്റെ പേര് നൽകുന്നുവെന്ന് പറഞ്ഞ് പ്രതിഷേധവുമായി ബിജെപി, ബജ്‌രംഗ്ദൾ പ്രവർത്തകർ. മന്ത്രി അസ്‌ലം ഷെയ്ഖിന്റെ ധനസഹായത്തോടെ മൽവാനിയിൽ നവീകരിച്ച സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ ഉദ്ഘാടനത്തിന് പിന്നാലെയാണ് പ്രതിഷേധം.
അതേസമയം, പാർക്കിന് ടിപ്പു സുൽത്താന്റെ പേര് നൽകാനുള്ള ഒരു നിർദ്ദേശത്തിനും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അനുമതി നൽകിയിട്ടില്ലെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയുമായ ആദിത്യ താക്കറെ പറഞ്ഞു.
“പേരുമാറ്റം നടന്നിട്ടില്ല. ഈ വിഷയങ്ങളിൽ ബിഎംസിക്ക് അധികാരമുണ്ട്. പേരുമാറ്റാനുള്ള ഒരു നിർദ്ദേശവും ബിഎംസിക്ക് മുമ്പാകെ സമർപ്പിച്ചിട്ടില്ല,” അദ്ദേഹം പറഞ്ഞു.
മലാഡ് വെസ്റ്റിലെ മൽവാനിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ടിപ്പു സുൽത്താൻ ഗ്രൗണ്ട് എന്നാണ് അറിയപ്പെടുന്നത്.
മൽവാനി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് നേതാവും സംസ്ഥാന കാബിനറ്റ് മന്ത്രിയുമായ അസ്ലം ഷെയ്ഖ് തന്റെ എംഎൽഎ വികസന ഫണ്ട് ഉപയോഗിച്ച് ഗ്രൗണ്ടിലെ നവീകരണ പ്രവർത്തനങ്ങൾക്കും സൗകര്യങ്ങളുടെ വിപുലീകരണത്തിനുമുള്ള പദ്ധകി ഏറ്റെടുത്തിരുന്നു. പദ്ധതിയുടെ ജോലികൾ പൂർത്തിയായതിനാൽ, ബുധനാഴ്ച അദ്ദേഹം സ്പോട്സ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്നു.
Also Read: ബിഹാറിൽ റെയിൽവേ ജോലിക്കായുള്ള പ്രതിഷേധത്തിനിടെ ട്രെയിൻ കംപാർട്ടുമെന്റിന് തീവച്ചു
എന്നാൽ മൈതാനത്തിന് ടിപ്പു സുൽത്താന്റെ പേര് മൈതാനത്തിന് നൽകാനാണ് ചടങ്ങ് നടത്തുന്നതെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധവുമായെത്തി.
ടിപ്പു സുൽത്താന്റെ പേര് നൽകാനുള്ള തീരുമാനത്തോടെ സംസ്ഥാന സർക്കാർ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. “ഇത്തരമൊരു നടപടി ബിജെപി വച്ചുപൊറുപ്പിക്കില്ല. സംഭവത്തിന് സംസ്ഥാന സർക്കാർ പോലീസ് സംരക്ഷണം നൽകിയ രീതിയാണ് ഞെട്ടിപ്പിക്കുന്നത്. പ്രതിഷേധിച്ച ബിജെപി, ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് പോലീസ് ലാത്തിവീശി. ഇത് അങ്ങേയറ്റം അപലപനീയമാണ്.” ഫട്നാവിസ് പറഞ്ഞു.
ഇത് മുസ്ലീം പ്രീണനമല്ലാതെ മറ്റൊന്നുമല്ലെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത മുംബൈ ബിജെപി അധ്യക്ഷൻ മംഗൾ പ്രഭാത് ലോധ പറഞ്ഞു. വലിയ ജനവികാരത്തിന് പരിഗണന നൽകണമെന്നും ഒരു കായിക സമുച്ചയത്തിന് ടിപ്പു സുൽത്താന്റെ പേര് നൽകരുതെന്നും സംസ്ഥാന സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെടുന്നുവെന്നും ലോധ പറഞ്ഞു.
മാൽവാനിയിൽ നിന്ന് ഹിന്ദുക്കളെ തുരത്താനുള്ള തന്ത്രമാണിതെന്നും ലോധ ആരോപിച്ചു. ലോധയെ കൂടാതെ ബിജെപി എംഎൽഎ അതുൽ ഭട്ഖൽക്കർ, സംസ്ഥാന കൗൺസിലിലെ പ്രതിപക്ഷ നേതാവ് പ്രവീൺ ദാരേക്കർ, ബിജെപി എം) ഗോപാൽ ഷെട്ടി, മുംബൈ ബിജെപി വൈസ് പ്രസിഡന്റ് പവൻ ത്രിപാഠി എന്നിവരും മലാഡിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു.
Also Read: മുൻ വകഭേദങ്ങളെക്കാൾ കൂടുതൽ സമയം പ്ലാസ്റ്റിക്കിലും ചർമ്മത്തിലും ഒമിക്രോൺ നിലനിൽക്കും: പഠനം
ഒടുവിൽ മുംബൈ പോലീസ് ഇടപെട്ട് സമരക്കാരെ പിരിച്ചുവിടുകയും അവരിൽ ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, കൊവിഡ് 19 മാർഗനിർദേശങ്ങളുടെ ലംഘനം എന്നിവയ്ക്ക് പ്രക്ഷോഭകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം, ഈ സ്ഥലം ടിപ്പു സുൽത്താൻ ഗ്രൗണ്ട് എന്നാണ് അറിയപ്പെടുന്നതെന്നും അതിന്റെ പേര് മാറ്റാൻ ഔദ്യോഗിക നീക്കം നടന്നിട്ടില്ലെന്നും മന്ത്രി അസ്ലം ഷെയ്ഖ് പറഞ്ഞു. “വർഷങ്ങളായി ടിപ്പു സുൽത്താൻ ഗ്രൗണ്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. മുമ്പ് കമ്മീഷൻ ചെയ്തതും ഇപ്പോൾ പൂർത്തീകരിച്ചതുമായ പുതിയ സൗകര്യങ്ങളുടെ ഉദ്ഘാടനം ചെയ്യാനാണ് ഞാൻ വന്നത്,” അദ്ദേഹം പറഞ്ഞു. “ബിജെപി ഈ വിഷയത്തിന് വർഗീയ നിറം നൽകാനാണ് ശ്രമിക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു.
പാർക്കിന്റെ പേര് ടിപ്പു സുൽത്താനുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തനിക്ക് അറിയില്ലെന്നും ഷെയ്ഖ് പറഞ്ഞു. “ബിഎംസിക്ക് ഒരു നയമുണ്ട്, അതനുസരിച്ച് ജനപ്രിയ വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ പേരുകൾ മാറ്റില്ല. സാധാരണഗതിയിൽ, പ്രദേശവാസികൾ ഈ സ്ഥലങ്ങൾക്ക് ചില സമയങ്ങളിൽ പേരിട്ടിട്ടുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു. മൈതാനത്തിന് ടിപ്പു സുൽത്താന്റെ പേരിടാൻ ബിഎംസി അനുമതി നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു.
“രസകരമെന്നു പറയട്ടെ, മുൻകാലങ്ങളിൽ നിരവധി ബിജെപി നഗരസഭാംഗങ്ങൾ സ്ഥലങ്ങൾക്ക് ടിപ്പു സുൽത്താന്റെ പേരിടുന്നത് അംഗീകരിച്ച് കത്തുകൾ എഴുതിയിട്ടുണ്ട്. ഇപ്പോൾ എന്താണ് മാറിയതെന്ന് ഞങ്ങൾക്ക് ഉറപ്പില്ല. ടിപ്പു സുൽത്താന്റെ പേരിടുന്നതിനെ അംഗീകരിച്ച നേതാവിനോട് ഇപ്പോൾ രാജിവെക്കാൻ ബിജെപി ആവശ്യപ്പെടുമോ?” അദ്ദേഹം ചോദിച്ചു.