മുംബൈ: മഹാരാഷ്ട്രയിൽ ഇന്നലെ ആരംഭിച്ച സാമുദായിക സംഘർഷം സംസ്ഥാനത്തിന്രെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. ഔറംഗബാദില്‍ നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും 58 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ദലിത് സമുദായക്കാരും മറാത്തവാദമുയര്‍ത്തുന്ന ഹൈന്ദവ സംഘങ്ങളും തമ്മിലാണ് സംഘർഷം നടക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ ബന്ദിന് ദലിത് സംഘടനകൾ ആഹ്വാനം ചെയ്തു.

പുണെയിൽ ദലിത് സംഘടനകൾ നടത്തിയ പരിപാടിക്കെതിരെ ആസൂത്രിതമായി ആക്രമണം അഴിച്ച് വിടുകയായിരുന്നു. തുടർന്ന് പുണെ നഗരം സ്തംഭിക്കുകയായിരുന്നു. 200 ഓളം വാഹനങ്ങൾ തല്ലിതകർത്തു. സംസ്ഥാനത്തെ വിവിധ റോഡുകൾ അക്രമികൾ തടഞ്ഞുവച്ചിരിക്കുകയാണെന്ന് പൊലീസ് മേധാവി ലക്ഷ്മി ഗൗതം പറഞ്ഞു.

ഔറംഗബാദ്, അഹമ്മദ് നഗർ എന്നിവിടങ്ങളിൽ സർക്കാർ ബസ്സുകൾ ആക്രമികൾ അഗ്നിക്ക് ഇരയാക്കി. ഈസ്റ്റേണ്‍ എക്‌സ്പ്രസ് വേ അടച്ചത് ട്രെയിന്‍ ഗതാഗതത്തെ താറുമാറാക്കി. ഗ്രാമങ്ങളിലെല്ലാം വന്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. മുംബൈയിലെ വിദ്യാലയങ്ങളും കോളേജുകളും അടച്ചു.

തിങ്കളാഴ്ചയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഭിമ കൊറേഗാവിലെ യുദ്ധത്തിന്‍റെ 200-ാം വാര്‍ഷികം ആചരിക്കാന്‍ ഒത്തുകൂടിയ ദലിത്‌ സംഘടനകള്‍ക്ക് നേരെ മറാത്ത അനുകൂല സംഘടനകള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ ഒരാള്‍ മരിക്കുകയും ഒട്ടേറെപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് റോഡുകള്‍ തടഞ്ഞുകൊണ്ടുള്ള സമരമാര്‍ഗവുമായി ദലിത്‌ സംഘടനകള്‍ മുന്നോട്ടുവന്നത്. മുളുന്ദ്‌, ചെമ്പൂര്‍, ഭന്ദൂപ്, രാമാബായി, വിഖ്രോലി, കുര്‍ള തുടങ്ങിയ ഇടങ്ങളില്‍ നൂറോളം പേരടങ്ങിയ ദലിതരുടെ സംഘങ്ങള്‍ സമരവുമായി നില്‍ക്കുന്നുണ്ട്.

1818ല്‍ ജാതിവാദികളായ മറാത്ത പെഷവാറിനുമേല്‍ ദലിതരുടെ സംഘം വിജയിച്ച സംഭവമാണ് ചരിത്ര പ്രസിദ്ധമായ ഭിമ കൊറേഗാവ് യുദ്ധം. ഈ വര്‍ഷം യുദ്ധത്തിന്‍റെ 200-ാം വാര്‍ഷികം ആചരിച്ചപ്പോള്‍ ഗുജറാത്തില്‍ നിന്നുമുള്ള ദലിത്‌ നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, ബി.ആര്‍.അംബേദ്‌കറിന്‍റെ കൊച്ചുമകന്‍ പ്രകാശ് അംബേദ്‌കര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ പങ്കെടുത്തിരുന്നു.

പൊതുപരിപാടിയില്‍ വച്ച് ‘ബ്രാഹ്മണര്‍ക്കെതിരെയല്ല ബ്രാഹ്മണിസത്തിനെതിരെയാണ് ദലിതരുടെ പോരാട്ടം’ എന്ന് പ്രഖ്യാപിച്ച ഗുജറാത്തിലെ വഡാഗാമില്‍ നിന്നുമുള്ള എംഎല്‍എ ആയ ജിഗ്നേഷ് മേവാനി പുതിയ പെഷവാര്‍മാരായ ബിജെപിയെ എന്ത് വിലകൊടുത്തും അധികാരത്തില്‍ നിന്നും അകറ്റണം എന്നും അഭിപ്രായപ്പെട്ടിരുന്നു.

ഏതാണ്ട് അഞ്ചുലക്ഷത്തോളം ദലിതരാണ് ഈ വര്‍ഷം  ഭിമ കൊറേഗാവില്‍ പങ്കെടുക്കാന്‍ എത്തിയത് എന്നാണ് പൊലീസിന്‍റെ കണക്ക്. എല്ലാവര്‍ഷവും നടക്കുന്ന പരിപാടിയാണ് ഭിമ കൊറേഗാവിലേത് എന്നും കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും അക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ