മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ അപമര്യാദയായി പെരുമാറിയതിനും പുകവലിച്ചതിനും പിടിയിലായ ആളെ ജയിലിലേക്ക് അയച്ചു. കേസില്‍ ജാമ്യത്തുകയായി 25,000 രൂപ കെട്ടിവയ്ക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നിഷേധിച്ചു. ഐപിസി വകുപ്പ് പ്രകാരം അടയ്ക്കേണ്ട പിഴ 250 രൂപയാണെന്ന് വാദിക്കുകയും ചെയ്തു.
കേസിലെ പ്രതിയായ രത്നാകര്‍ ദ്വിവേദിക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും തുക നല്‍കാന്‍ വിസമ്മതിക്കുകയും ജയിലിലേക്ക് പോകാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. മാര്‍ച്ച് 10 ന് എയര്‍ ഇന്ത്യയുടെ ലണ്ടന്‍-മുംബൈ വിമാനത്തിന്റെ ലാവറ്ററിയിൽ നിന്ന് പുകവലിക്കുകയും അനാശാസ്യമായി പെരുമാറുകയും ചെയ്തെന്ന് ആരോപിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി) പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ഐപിസി സെക്ഷന്‍ 336 പ്രകാരം അടയ്ക്കേണ്ട പിഴ 250 രൂപയാണെന്നും അത് അടയ്ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ജാമ്യത്തുക അടക്കില്ലെന്നും ഇയാള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഓണ്‍ലൈനില്‍ വായിച്ചതായി പ്രതി കോടതിയെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ ജയിലിലേക്ക് അയച്ചത്.
വിമാനത്തിന്റെ ശുചിമുറിയില്‍ യാത്രക്കാരന്‍ പുകവലിക്കുന്നതായും ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ച് അതിരുവിട്ടും ആക്രമണാത്മകമായും പെരുമാറിയെന്നും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. പൈലറ്റിന്റെ വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ, വിമാനത്തില്‍ ശല്യമുണ്ടാക്കുകയും യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്തതായി മുംബൈ പൊലീസ് പറയുന്നത്.