മുംബൈ: സൽമാൻ ഖാനെ കാണാനായി വീട് വിട്ട് മുംബൈയിലെത്തിയ 15 കാരിയെ പൊലീസ് പിടികൂടി. മധ്യപ്രദേശിലെ ഭോപ്പാലിൽനിന്നുളള പെൺകുട്ടിയാണ് തന്റെ ഇഷ്ടതാരത്തെ കാണാനായി കഴിഞ്ഞ ഞായറാഴ്ച വീട്ടിൽനിന്നും ഒളിച്ചോടിയത്.

ചൊവ്വാഴ്ച രാവിലെയോടെയാണ് പെൺകുട്ടി ട്രെയിനിൽ മുംബൈയിലെത്തിയത്. അവിടെനിന്നും സൽമാൻ താമസിക്കുന്ന ബാന്ദ്രയിലെ ഗ്യാലക്സി അപ്പാർട്മെന്റിലെത്തി. ഗേറ്റിലൂടെ അപ്പാർട്മെന്റിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാർ തടഞ്ഞു. സൽമാനെ കാണുകയെന്നത് തന്റെ ജീവിത അഭിലാഷമാണെന്നും അതിന് അനുവദിക്കണമെന്നും പറഞ്ഞെങ്കിലും സുരക്ഷാ ജീവനക്കാർ അകത്തേക്ക് കടത്തിവിട്ടില്ല. സൽമാൻ ഖാൻ അപ്പാർട്മെന്റിൽ ഇല്ലെന്നായിരുന്നു ജീവനക്കാർ പെൺകുട്ടിയോട് പറഞ്ഞത്.

ജീവനക്കാരുടെ വാക്കുകൾ പെൺകുട്ടി വിശ്വസിച്ചില്ല. കെട്ടിടത്തിന്റെ മതിൽ കയറാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. സുരക്ഷാ ജീവനക്കാർ പെൺകുട്ടിയെ പിടികൂടി. തുടർന്ന് പൊലീസിന് കൈമാറി.

സൽമാൻ ഖാന്റെ കടുത്ത ആരാധികയായ പെൺകുട്ടി നടനെ നേരിൽ കാണാനാണ് വീട്ടിൽനിന്നും ഒളിച്ചോടിയതെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ സൽമാന്റെ താമസ സ്ഥലം മനസിലാക്കിയ പെൺകുട്ടി അവിടേക്ക് എത്തുകയായിരുന്നു. പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയയ്ക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ