ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ നിന്ന് മുഴുവന്‍ യാത്രക്കാരെയും കയറ്റാതെ പറന്നുയര്‍ന്ന ഗോ ഫസ്റ്റ് എയര്‍വേയ്സിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടീസ്. ബാംഗ്ലൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ജി8-116 വിമാനമാണ് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ 55 യാത്രക്കാരെ കയറ്റാതെ പുറപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
സംഭവത്തില്‍ എലര്‍ലൈന്‍ അധികൃധരുടെ ഭാഗത്ത് നിന്ന് വന്ന ‘ഒന്നിലധികം പിഴവുകള്‍’ ആണ് കാരണമായതെന്ന് അധികൃതര്‍ കണ്ടെത്തി. പെട്ടെന്നുള്ള സാഹചര്യത്തില്‍ ശരിയായ ആശയവിനിമയം, ഏകോപനം, സ്ഥിരീകരണം എന്നിവ നടത്താതെ ഒന്നിലധികം തെറ്റുകളാണ്ഒഴിവാക്കപ്പെടേണ്ട സാഹചര്യത്തിലേക്ക് നയിച്ചത്. ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു.
തങ്ങളുടെ കൃത്യനിര്‍വഹണത്തില്‍ അനാദരവും വീഴ്ചയും കാണിച്ചതിന് ജീവനക്കാര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നതിന്റെ കാരണം അറിയിക്കാനും ഡിജിസിഎ നോട്ടീസില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചുള്ള മറുപടിക്കായി ഗോ ഫസ്റ്റിന്റെ അക്കൗണ്ടബിള്‍ മാനേജര്‍/ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ക്ക് അധികൃതര്‍ രണ്ടാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്. ഗോ ഫസ്റ്റിന്റെ കാരണം കാണിക്കല്‍ മറുപടി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് രണ്ടു വിദേശികളെ ഗോ ഫസ്റ്റ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. ഗോവയില്‍നിന്നു മുംബൈയിലേക്കുള്ള വിമാനത്തില്‍ വെള്ളിയാഴ്ചയാണു സംഭവം. വിമാനസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചെന്നും ഇരു യാത്രക്കാരും ക്രൂ അംഗങ്ങളോട് ആഭാസകരമായ പരാമര്‍ങ്ങള്‍ നടത്തുകയും സഹയാത്രികരെ തടസപ്പെടുത്തുകയും ചെയ്തയായും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചിരുന്നു.