മുല്ലപ്പെരിയാര്‍: കേരളത്തിന് തിരിച്ചടി; മേല്‍നോട്ട സമിതിയെ സമീപിക്കൂയെന്ന് സുപ്രീം കോടതി

അണക്കെട്ടിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നും കോടതിയെ രാഷ്ട്രീയതര്‍ക്കങ്ങളുടെ വേദിയാക്കാനാകില്ലെന്നും ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കറും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു

Mullaperiyar dam, Mullaperiyar dam issue, Mullaperiyar dam water release issue, Supreme Court on Mullaperiyar dam issue, Mullaperiyar dam Supervisory Committee, Mullaperiyar dam water release Supervisory Committee, Kerala news, Malayalam news, News in Malayalam, Latest news, Indian Express Malayalam, IE Malayalam

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് മുന്‍കൂര്‍ അറിയിപ്പില്ലാതെ തമിഴ്‌നാട് വെള്ളം ഒഴുക്കി വിടുന്നതിനെതിരായ ഹര്‍ജിയില്‍ കേരളത്തിനു സുപ്രീം കോടതിയുടെ വിമര്‍ശം. അണക്കെട്ടിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നു പറഞ്ഞ കോടതി, പരാതികളുണ്ടെങ്കില്‍ മേല്‍നോട്ട സമിതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു.

ഷട്ടര്‍ തുറക്കുന്നസമയം, തോത് എന്നിവ തീരുമാനിക്കാന്‍ കേരള-തമിഴ്‌നാട് സംയുക്ത സമിതി വേണമെന്ന ആവശ്യം ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കറും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് തള്ളി. ‘നിങ്ങള്‍ക്ക് രാഷ്ട്രീയ സമ്മര്‍ദങ്ങളുണ്ടാവാമെങ്കിലും കോടതി അതേക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കറും വാദത്തിനിടെ നിരീക്ഷിച്ചു. കോടതിയെ രാഷ്ട്രീയതര്‍ക്കങ്ങളുടെ വേദിയാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷട്ടര്‍ തുറക്കുന്നതിനെതിരെയല്ല, മുന്നറിയിപ്പില്ലാതെ അര്‍ധരാത്രി വെള്ളം ഒഴുക്കിവിടുന്നതിനെതിരെയാണ് തങ്ങള്‍ പരാതിയെന്നായിരുന്നു കേരളത്തിന്റെ വാദം. അണക്കെട്ട് തുറക്കുന്നതുമൂലം വീടുകളില്‍ വെള്ളം കയറുന്നതിനാല്‍ തങ്ങള്‍ക്ക് 24 മണിക്കൂര്‍ മുന്‍പ് അറിയിപ്പ് നല്‍കണമെന്നു കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു.

അണക്കെട്ട് സംബന്ധിച്ച് ഒരു സമിതി രൂപീകരിച്ചിരിക്കെ, എന്തിനാണ് വിഷയവുമായി സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് കോടതി ചോദിച്ചു. കക്ഷികള്‍ പരസ്പര സമ്മതത്തോടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കണമെന്നു ബഞ്ച് പറഞ്ഞു. അണക്കെട്ടില്‍നിന്നു വെള്ളം തുറന്നുവിടണോ വേണ്ടയോ എന്ന് മേല്‍നോട്ട സമിതി തീരുമാനിക്കട്ടേയെന്നു ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ നിരീക്ഷിച്ചു.

Also Read: പിങ്ക് പൊലീസ് അവഹേളിച്ച സംഭവം: കുട്ടിയ്ക്കു നഷ്ടപരിഹാരം കൊടുത്തേ തീരൂയെന്ന് കോടതി

എന്നാല്‍, വിഷയത്തില്‍ മേല്‍നോട്ട സമിതി തികച്ചും നിശബ്ദമാണെന്നും ഒന്നും ചെയ്യുന്നില്ലെന്നുമായിരുന്നു ഗുപ്തയുടെ മറുപടി. സമിതി നടപടിയെടുക്കുന്നില്ലെങ്കില്‍ അതില്‍ അംഗമായ കേരളത്തിന്റെ പ്രതിനിധിയെയാണു കുറ്റപ്പെടുത്തേണ്ടതെന്നു ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ നിരീക്ഷിച്ചു.

വിഷയത്തില്‍ മേല്‍നോട്ട സമിതിയാണ് ഏറ്റവും നല്ല വിധി കര്‍ത്താവെന്നു അദ്ദേറം പറഞ്ഞു. അണക്കെട്ട് എപ്പോള്‍ തുറക്കമെന്നത് സമിതിയുടെ സവിശേഷാധികാരമാണ്. ഒരു പ്രത്യേക തീരുമാനമെടുക്കാന്‍ കോടതി സമിക്ക് ഒരു നിര്‍ദേശവും നല്‍കില്ല. വെള്ളം തുറന്നുവിടണമോ വേണ്ടയോ എന്ന് സമിതി തീരുമാനിക്കട്ടേയെന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

അണക്കെട്ടിലെ വെള്ളം തുറന്നുവിടുന്നതിലോ ജലനിരപ്പ് കൈാര്യം ചെയ്യുന്നതിലോ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് കക്ഷികള്‍ മേല്‍നോട്ടസമിതിയെ സമീപിക്കുന്നതാണ് ഉചിതമെന്നു വിധിയില്‍ വ്യക്തമാക്കി. ഇരുപക്ഷവും മേല്‍നോട്ടസമിതിക്കു വിധേയരാകണം. അത്തരം പരാതികള്‍ക്കായി കോടതിയില്‍ ഒരു അപേക്ഷയും സമര്‍പ്പിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.

അണക്കെട്ടിന്റെ ശരിയായ പരിപാലനം ആവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള കക്ഷികള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ അന്തിമ വാദം കേള്‍ക്കലിനായി കോടതി ജനുവരി 11ലേക്കു മാറ്റി.

തമിഴ്നാടിന്റെ നിര്‍ദേശപ്രകാരം മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍ കര്‍വിനെതിരെ കേരളം നേരത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. നിലവിലെ അണക്കെട്ട് ഡീകമ്മിഷന്‍ ചെയ്ത് പുതിയ അണക്കെട്ട് നിര്‍മിക്കുന്നതാണു പ്രശ്‌നത്തിനുള്ള ദീര്‍ഘകാല പരിഹാരമെന്നും കേരളം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, അണക്കെട്ട് ഘടനാപരമായി സുരക്ഷിതമാണെന്നും ഭൂകമ്പത്തെ അതിജീവിക്കുമെന്നും സുപ്രീം കോടതി കണ്ടെത്തിയെന്നും സമിതിയുടെ മേല്‍നോട്ടത്തില്‍ അണക്കെട്ട് തുടര്‍ച്ചയായി ശക്തിപ്പെടുത്തിയിട്ടുണ്ടെന്നുമാണു തമിഴ്‌നാടിന്റെ മറുപടി സത്യവാങ്മൂലത്തിലെ വാദം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mullaperiyar supreme court asks kerala to approach supervisory committee

The moderation of comments is automated and not cleared manually by malayalam.indianexpress.com