സേലം: കേരളത്തിലെ പ്രളയം മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിട്ടതുകൊണ്ടല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പ്രളയം സംബന്ധിച്ച് കേരളം തെറ്റിദ്ധാരണ പരത്തുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനുളള നിർദ്ദേശം സുപ്രീം കോടതിയിൽനിന്നും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് തടയാനുളള നീക്കമാണ് കേരളം നടത്തുന്നത്. അതിനാൽ കേരളം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജലനിരപ്പ് 142 അടിയിൽനിന്നും 152 അടിയാക്കി ഉയർത്തുന്നതിനുളള നിർമ്മാണപ്രവർത്തനങ്ങൾ തമിഴ്നാട് തുടങ്ങിയിട്ടുണ്ട്. സുപ്രീംകോടതിയിൽനിന്നും അനുവാദം കിട്ടിയാലുടൻ 152 അടിയാക്കും. അണക്കെട്ടിന് സുരക്ഷാ ഭിഷണി ഇല്ലെന്ന് സുപ്രീംകോടതി തന്നെ അംഗീകരിച്ചതാണെന്നും എടപ്പാടി പളനിസ്വാമി വ്യക്തമാക്കി. സേലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കി അണക്കെട്ടിനു പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടും തുറക്കേണ്ടി വന്നതാണ് കേരളത്തിൽ പ്രളയ ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നാണ് കേരളത്തിന്റെ വാദം. ഇതിനെച്ചൊല്ലിയാണ് കേരളവും തമിഴ്നാടും തമ്മിൽ പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്. കേരളത്തിലെ പ്രളയദുരന്തത്തിന് പ്രധാന കാരണങ്ങളിലൊന്നായി ആരോപിക്കപ്പെടുന്നത് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 139 ആയപ്പോൾ മുതൽ വെളളം തുറന്നുവിടണമെന്ന് ആവശ്യപ്പെട്ടിട്ടും തമിഴ്നാട് ചെയ്യാതിരുന്നതാണ് എന്നാണ്.

നേരത്തെ തന്നെ കേരളം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 ആയി നിജപ്പെടുത്തണെന്ന് ആവശ്യപ്പെട്ടിരുന്നു.​ എന്നാൽ, തമിഴ്നാട് സുപ്രീം കോടതി അനുവദിച്ച പരിധിയായ 142 അടിയായി നിലനിർത്തുകയായിരുന്നു. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതോടെ 13 സ്പിൽവേ ഷട്ടറുകളും തുറന്നു. ഇതോടെ മുല്ലപ്പെരിയാറിന്റെ സമീപ പ്രദേശങ്ങളായ ഉപ്പുതുറ ചപ്പാത്ത് എന്നിവയെല്ലാം വെളളത്തിനടിയിലായി. ജലനിരപ്പ് ഉയർന്നപ്പോൾ തന്നെ തമിഴ്നാട് വെളളം കൊണ്ടുപോയിരുന്നുവെങ്കിൽ പ്രളയത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നുവെന്നാണ് സർക്കാരിന്റെ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook