Latest News

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തും; തമിഴ്നാട് സമ്മതിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ

ഇപ്പോഴത്തെ സാഹചര്യത്തില്‍ അണക്കെട്ടിൽ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും അതിനാൽ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം

Mullaperiyar, Mullaperiyar Dam, Dam, Mulla Periyaar, IE Malayalam

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയായി നിലനിര്‍ത്താൻ തമിഴ്നാട് സമ്മതിച്ചതായി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നിലവിലെ റൂൾ കർവ് പ്രകാരമാണിത്. ജലനിരപ്പ് 138 അടിയിൽ എത്തിയാൽ സ്‌പിൽ വേ വഴി ജലം ഒഴുക്കികളയും. ഇന്ന് നടന്ന ഉന്നതതല യോഗം സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിർണയിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യത്തിന് മറുപടിയായാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ഉന്നതോദ്യോഗസ്ഥരും യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ അണക്കെട്ടിൽ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും അതിനാൽ പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.

139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചതും കേരളം ചൂണ്ടിക്കാട്ടി. കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂവെന്നും ജലനിരപ്പ് വര്‍ധിച്ച് ജലം ഒഴുക്കിയാൽ അത് ഇടുക്കി അണക്കെട്ടിലേക്കാവും ഒഴുകിയെത്തുകയെന്നും കേരളം വ്യക്തമാക്കിയതായി മന്ത്രി അറിയിച്ചു.

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെ സുധാകരന്‍

മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പത്തുവര്‍ഷം മുമ്പ് മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ പൊട്ടും എന്നു പറഞ്ഞ് മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി വരെ മനുഷ്യച്ചങ്ങല തീര്‍ക്കുകയും ഘോരഘോരം പ്രസംഗിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ ഡാമിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടയ്ക്കുമെന്നു പറയുന്നത് വങ്കത്തരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. അന്ന് ഏറ്റവും കൂടുതല്‍ ഭീതി പരത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിപക്ഷത്തിരുന്നപ്പോള്‍ മുന്‍ വൈദ്യുതമന്ത്രി എംഎം മണിയെപ്പോലുള്ള സിപിഎം നേതാക്കളാണ് മുല്ലപ്പെരിയാര്‍ പ്രദേശത്തെ ഭൂചലനങ്ങളെ തുടര്‍ന്ന് ഡാംമിന്റെ സുരക്ഷ സംബന്ധിച്ച പരിഭ്രാന്തി പടര്‍ത്താന്‍ മുന്നില്‍ നിന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലനില്‍പ്പ് സംബന്ധിച്ച് കേരളത്തിന് ആശങ്കയുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ആശങ്ക പ്രകടിപ്പിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാന്‍ ശ്രമിക്കുന്നതിന് പകരം അണക്കെട്ടിന് ഭീഷണിയുര്‍ന്നാല്‍ നേരിടാനുള്ള തയാറെടുപ്പുകളാണ് കേരളം നടത്തേണ്ടത്. അതോടൊപ്പം പുതിയ ഡാമിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയും വേണം. കേരളത്തിനു സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്ന് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് അഭികാമ്യമെന്നും സുധാകരൻ പറഞ്ഞു.

ഡാമിന്റെ കാലപ്പഴക്കം, ബലക്ഷയം,ചോര്‍ച്ച എന്നിവ ഗുരുതരമായ വിഷയമാണ്. കാലവര്‍ഷത്തിന് പിന്നാലെ തുലാവര്‍ഷവും ശക്തിപ്പെടുകയാണ്. കാലവര്‍ഷക്കെടുതി നാം കണ്ടതും അനുഭവിച്ച് അറിഞ്ഞതുമാണ്. ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിലുള്ള ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ലോകത്ത് അപകടാവസ്ഥയിലുള്ള ആറുഡാമുകളില്‍ ഒന്ന് മുല്ലപ്പെരിയാറാണ് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇതില്‍ നാലെണ്ണം ഡികമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു.

അനാവശ്യ ആശങ്കയും ഭയവും പടര്‍ത്തുന്നതിന് പകരം കാര്യക്ഷമമായ സര്‍ക്കാര്‍ ഇടപെടലുകളാണ് ആവശ്യം. പുതിയ ഡാം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയുമായി മുന്നോട്ട് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. കേരളത്തിലെ പ്രകൃതി ക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ അണക്കെട്ട് സംബന്ധിച്ച കേരളത്തിന്റെ പദ്ധതി റിപ്പോര്‍ട്ട് എത്രയും വേഗം പൂര്‍ത്തിയാക്കണം.

പ്രകൃതിയേയും ജനങ്ങളെയും ഒരുപോലെ ഗുരുതമായി ബാധിക്കുന്ന കെ റെയില്‍ പദ്ധതിക്ക് പണം കണ്ടെത്തുന്നതിനെക്കാള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് മുല്ലപ്പെരിയാറില്‍ ജനസുരക്ഷ മുന്‍ നിര്‍ത്തി പുതിയഡാം നിര്‍മ്മിക്കുന്നതിനാണ്. ഇതിന് തമിഴ് നാടിന്റെ സഹകരണം ഉറപ്പാക്കണം. കേരള ജനതയുടെ സുരക്ഷ മുന്‍ നിര്‍ത്തിയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍ 883 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണം; ജലനിരപ്പ് 137.55 അടിയായി ഉയര്‍ന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ തുറന്നാല്‍ 883 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വരുമെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്. ഡാം തുറക്കുന്ന വിവരം 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നും ജില്ലാ ഭരണകൂടം തമിഴ്നാടിനോട് അഭ്യര്‍ത്ഥിച്ചു. 2018 ലെ പോലെ ഗുരതരമായ സാഹചര്യമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വണ്ടിപ്പെരിയാറില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം ആവശ്യമാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. “നിലവിലെ അണക്കെട്ടിന് കാലപ്പഴക്കമുണ്ട്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ ഒരു ശാശ്വതമായ പരിഹാരം എങ്ങനെ കാണാമെന്നാണ് നോക്കേണ്ടത്. പരിഹാരം കാണാനായില്ലെങ്കില്‍ കോടതിയുണ്ട്. തമിഴ്നാടുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്,” ഗവര്‍ണര്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയായി തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ന് കേരള-തമിഴ്നാട് സര്‍ക്കാരുകളുടെ ഉന്നതതല യോഗം ചേരും. വൈകീട്ട് മൂന്ന് മണിക്കാണ് യോഗം. ഇതിന് പുറമെ ഇടുക്കി വണ്ടിപ്പെരിയാറില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രാവിലെ 11 മണിക്കും യോഗം ചേരും. കനത്ത മഴയ്ക്ക് ശമനം വന്നതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ജലനിരപ്പ് 137.55 അടിയായി ഉയര്‍ന്നു.

തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിനേക്കാള്‍ കൂടുതലാണ് ഡാമിലേക്കുള്ള നീരൊഴുക്ക്. ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാനുള്ള കാരണം. കാലാവസ്ഥ പ്രതികൂലമായി തുടരുകയാണെങ്കില്‍ ഡാമിന്റെ പരമാവധി സംഭരണ ശേഷിയിലേക്ക് വേഗം എത്തുമെന്നാണ് വിലയിരുത്തല്‍. പ്രസ്തുത സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം കൊണ്ടു പോകാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെടും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. മേല്‍നോട്ട സമിതിയോട് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളവും തമിഴ്നാടും ചര്‍ച്ച ചെയ്ത് തീരുമാനം സ്വീകരിക്കുകയാണെങ്കില്‍ കോടതിക്ക് ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ.എന്‍. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കേസ് നാളെ വീണ്ടും പരിഗണിക്കും.

ചര്‍ച്ചകള്‍ക്കായി കേരളം തയാറാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളവും മേല്‍നോട്ട സമിതിയുമായി ചര്‍ച്ച ചെയ്യാമെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്റെ ചുറ്റുവട്ടത്ത് താമസിക്കുന്നവര്‍ പരിഭ്രാന്തിയിലാണെന്നും ജലനിരപ്പ് 139 അടിയാക്കി നിര്‍ത്തണമെന്നും കേരളം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ വിഷയം ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഒന്നാണെന്നും ഇതൊരു രാഷ്ട്രീയ വിഷയമാക്കരുതെന്നും കോടതി വ്യക്തമാക്കി.

Also Read: മുല്ലപ്പെരിയാര്‍ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയം; ഉടന്‍ തീരുമാനം വേണമെന്ന് സുപ്രീം കോടതി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mullaperiyar dam kerala tamil nadu governments meeting

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com