ന്യൂഡല്‍ഹി: കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നിട്ടില്ലെന്ന് തമിഴ്നാട് സുപ്രീം കോടതിയെ അറിയിച്ചു. കേരളം സമര്‍പ്പിച്ച പരാതിക്ക് മറുപടിയായിട്ടാണ് തമിഴ്നാട് ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് കേരളത്തിന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയതായും തമിഴ്നാട് കോടതിയില്‍ പറഞ്ഞു.
അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നത് തീരുമാനിക്കാന്‍ പുതിയ സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്നും തമിഴ്നാട് വാദിച്ചു. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് നോക്കിയാണ് അണക്കെട്ട് തുറന്നു വിടുന്നതെന്നും കേരളത്തിന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും തമിഴ്നാട് വ്യക്തമാക്കി.
മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്നാട് വെള്ളം തുറന്നു വിടുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് കേരളം സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തത്. അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നത് തീരുമാനിക്കാന്‍ പുതിയ സമിതി രൂപീകരിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ട് വച്ചിരുന്നു.
ഇരു സംസ്ഥാനങ്ങളിലേയും അംഗങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കണം മേല്‍നോട്ട സമിതിയെന്ന നിര്‍ദേശവും കേരളത്തിന്റെ അപേക്ഷയിലുണ്ട്. ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് മേല്‍നോട്ട സമിതിയോട് നിര്‍ദേശിക്കണമെന്നും അപേക്ഷയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു.
Also Read: കെ റെയില്‍ പദ്ധതി അനുവദിക്കരുതെന്ന് യുഡിഎഫ് എംപിമാര്‍; നാളെ റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച