ഇസ്‌ലാമാബാദ്: പാക് ഭീകരസംഘടനയായ തെഹരീകെ താലിബാൻ നേതാവ് മുല്ല ഫസലുല്ല കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുഎസ് ഡ്രോൺ ആക്രമണത്തിൽ ഫസലുല്ല കൊല്ലപ്പെട്ടതായി യുഎസ് സൈനിക വക്താവ് സ്ഥിരകരിച്ചതായാണ് റിപ്പോർട്ടുകൾ. ജൂൺ 13 ന് രാത്രിയാണ് ആക്രമണം നടത്തിയത്. അഫ്‌ഗാനിസ്ഥാനിലെ കുണാർ പ്രവിശ്യയിൽ വച്ച് രാത്രി 11 ഓടെ മറ്റു നാലു ഭീകരർക്കൊപ്പം ഫസലുല്ല വാഹനത്തിൽ വരുമ്പോഴായിരുന്നു ഡോൺ ആക്രമണം ഉണ്ടായത്.

അഫ്‌ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയ വക്താവ് മുഹമ്മദ് റദ്മാനിഷ് ഡോൺ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. കുണാർ പ്രവിശ്യയിൽ വച്ചുണ്ടായ ഡോൺ ആക്രമണത്തിൽ താലിബാൻ നേതാവ് കൊല്ലപ്പട്ടതായി അദ്ദേഹം പറഞ്ഞുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. 2012 ൽ മലാല യൂസഫ് സായ്‌ക്കുനേരെ വെടിവച്ചത് ഫസലുല്ലയാണെന്നാണ് കരുതുന്നത്.

ഡോൺ ആക്രമണത്തിൽ ഫസലുല്ല കൊല്ലപ്പെട്ടതായി ഇതിനു മുൻപും പലതവണ വാർത്തകൾ വന്നിട്ടുണ്ട്. 2010 നുശേഷം നാലു തവണയെങ്കിലും ഫസലുല്ല കൊല്ലപ്പെട്ടതായി വാർത്തകൾ വന്നു.

2014 ൽ പെഷവാറിലെ സൈനിക സ്കൂൾ ആക്രമിച്ച് 130 കുട്ടികൾ ഉൾപ്പെടെ 151 പേരെ കൊന്നതിനുപിന്നിൽ ഫസലുല്ലയെന്നാണ് കരുതപ്പെടുന്നത്. 2013 ലാണ് താലിബാൻ നേതാവായി ഫസലുല്ലയെ തിരഞ്ഞെടുക്കുന്നത്. സ്വകാര്യ റേഡിയോയിലൂടെ മതസ്‌പർദ്ധ വളർത്തുന്ന തരത്തിൽ പ്രഭാഷണം നടത്തുന്ന ഫസലുല്ല ‘മുല്ല റേഡിയോ’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഫസലലുല്ലയുടെ തലയ്‌ക്ക് 5 മില്യൻ ഡോളറാണ് യുഎസ് വിലയിട്ടിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook