Latest News

അഫ്ഗാനിസ്ഥാനെ താലിബാന്‍ സഹസ്ഥാപകന്‍ മുല്ല ബരാദർ നയിക്കും

അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാരിന്റെ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ പാഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനും വടക്കന്‍ സഖ്യവുമായുള്ള പോരാട്ടം തുടരുകയാണ്

Taliban, Afhanistan

കാബൂള്‍: താലിബാന്റെ സഹസ്ഥാപകന്‍ മുല്ല ബരാദർ പുതിയ അഫ്ഗാന്‍ സര്‍ക്കാരിന്റെ നേതൃത്വം വഹിക്കും. രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിറ്റേഴ്സാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ പാഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനും വടക്കന്‍ സഖ്യവുമായുള്ള പോരാട്ടം തുടരുകയാണ്.

പാഞ്ച്ശീര്‍ പ്രവിശ്യയും പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടെങ്കിലും വിമതര്‍ നിഷേധിച്ചു. “സർവശക്തനായ അല്ലാഹുവിന്റെ അനുഗ്രഹത്താൽ അഫ്ഗാനിസ്ഥാന്‍ മുഴുവനായും ഞങ്ങളുടെ നിയന്ത്രണത്തിലായിരിക്കുന്നു. പാഞ്ച്ശീര്‍ ഇപ്പോൾ ഞങ്ങളുടെ കീഴിലാണ്,” താലിബാൻ കമാൻഡർ റോയിറ്റേഴ്സിനോടു പറഞ്ഞു.

‘പാഞ്ച്ശീര്‍ താലിബാന്‍ പിടിച്ചെടുത്തുവെന്ന തരത്തില്‍ പാക്കിസ്ഥാന്‍ മാധ്യമങ്ങളിൽ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. ഇത് നുണയാണ്,’ വിമതസംഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദ് പറഞ്ഞു.

സമ്പദ്ഘടനയുടെ തകര്‍ച്ചയും, 2.4 ലക്ഷം അഫ്ഗാന്‍ പൗരന്മാരുടെ മരണവും മൂലം രാജ്യത്തിനുണ്ടായ നഷ്ടം പരിഹരിക്കുന്നതിനാണ് പുതിയ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ബരാദറിന് പുറമെ താലിബാന്റെ സഹസ്ഥാപകനായ മുല്ല ഒമറിന്റെ മകന്‍ മുല്ല മുഹമ്മദ് യാക്കൂബ്, ഷേര്‍ മുഹമ്മദ് സ്റ്റാനെക്സായ് എന്നിവരും സര്‍ക്കാരില്‍ ഉയര്‍ന്ന പദവികള്‍ വഹിക്കും.

“മുതിര്‍ന്ന നേതാക്കന്മാരെല്ലാം കാബൂളില്‍ എത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ അന്തിമ ഘട്ടത്തിലാണിപ്പോള്‍,” താലിബാന്‍ വൃത്തങ്ങള്‍ റോയിറ്റേഴ്സിനോടു പറഞ്ഞു. താലിബാന്റെ പരമോന്നത മതനേതാവായ ഹൈബത്തുള്ള അഖുൻസാദ മതപരമായ കാര്യങ്ങളിലും ഭരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും.

അഫ്ഗാനിസ്ഥാന്റെ ഭൂരിഭാഗം പ്രവിശ്യകളും പിടിച്ചെടുത്തതിന് ശേഷമായിരുന്നു താലിബാന്‍ കാബൂളിലെത്തിയത്. എന്നാല്‍ പാഞ്ച്ശീര്‍ താഴ്വരയില്‍ വടക്കന്‍ സംഖ്യം വലിയ തോതില്‍ ചെറുത്തു നില്‍പ്പ് നടത്തുന്നുണ്ട്. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ മരണപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.

മുൻ മുജാഹിദ്ദീൻ കമാൻഡർ അഹ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് ജനങ്ങളും സര്‍ക്കാരിന്റെ സായുധ സേനാംഗങ്ങളുമാണ് താഴ്‌വരയില്‍ അണിനിരന്നിരിക്കുന്നത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതായാണ് സൂചന.

അതേസമയം, താത്കാലിക സര്‍ക്കാരില്‍ താലിബാന്‍ അംഗങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുകയെന്ന് താലിബാനോട് അടുത്ത് നില്‍ക്കുന്ന വൃത്തങ്ങള്‍ അറിയിച്ചു. 12 മുസ്‌ലിം പണ്ഡിതന്മാരടങ്ങുന്ന ഒരു കൺസൾട്ടേറ്റീവ് കൗൺസിൽ ഉള്‍പ്പടെ 25 മന്ത്രാലയങ്ങളായിരിക്കും സര്‍ക്കാരിന്റെ ഭാഗമാകുക. അടുത്ത എട്ട് മാസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനിലെ മുതിര്‍ന്നവരും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി ഭരണഘടന രൂപീകരിക്കാനാണ് പദ്ധതി.

താലിബാന്‍ നിയന്ത്രണത്തിലായതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ പട്ടിണിയും ദാരിദ്ര്യവും വര്‍ധിച്ചതായി വേള്‍ഡ് ഫുഡ് പ്രോഗ്രാം ഡയറക്ടര്‍ മേരി എലന്‍ പറഞ്ഞു. അതിനാല്‍ രാജ്യാന്തര നിക്ഷേപകരുടെയും കണ്ണിൽ സർക്കാരിന്റെ നടപടികള്‍ നിർണായകമാകും. അഫ്ഗാനിസ്ഥാന്‍ ഭാവിയില്‍ നേരിട്ടേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദേശ സഹായത്തെ വർഷങ്ങളായി ആശ്രയിക്കുന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയിലേക്ക് അടുക്കുകയാണ്.

Also Read: മതപാഠശാലയിൽനിന്ന് അഫ്ഗാനിസ്ഥാന്റെ പരമോന്നത പദവിയിലേക്ക്; ആരാണ് ശൈഖ് ഹൈബത്തുല്ല അഖുന്ദ്‌സാദ?

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mullah baradar to lead interim govt in afghanistan

Next Story
ഓക്സിജൻ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേയൊരു മൃഗമാണ് പശു എന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു: അലഹബാദ് ഹൈക്കോടതിcow India, India cow, cow protection india, india cow protection law, cow india national animal, cow slaughter india, indian express news" />
The moderation of comments is automated and not cleared manually by malayalam.indianexpress.com