ന്യൂഡല്‍ഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സഹയാത്രികനും തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവും മുൻ റെയിൽവേ മന്ത്രിയുമായിരുന്ന മുകുൾ റോയ് തൃണമൂൽ കോൺഗ്രസ് വിട്ടതിന് പിന്നാലെ ബിജെപിയില്‍ ചേര്‍ന്നു. മുകുള്‍ റോയി ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേര്‍ന്നെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദം പറഞ്ഞു. മുകുള്‍ റോയിയുടെ അനുഭവസമ്പത്ത് പാര്‍ട്ടിയെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുക എന്നത് പ്രത്യേക അനുഗ്രഹമായി കണക്കാക്കുന്നുവെന്ന് റോയ് പറഞ്ഞു.

കഴിഞ്ഞ മാസമാണ് ബി.ജെ.പിയിൽ ചേരാനായി മുകുള്‍ റോയി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാംഗം കൂടിയായ മുകുൾ റോയി കഴിഞ്ഞ മാസം ഡൽഹിയിലെത്തി മുതിർന്ന ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

എന്നാൽ താൻ രാജിവയ്ക്കാൻ നിർബന്ധിതനാവുകയായിരുന്നെന്നും വിഷമത്തോടെയാണ് പാർട്ടി വിടുന്നതെന്നും ആണ് മുകുൾ റോയ് പ്രതികരിച്ചത്. ശാരദ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യംചെയ്ത മുകുൾ റോയിയെ മാറ്റിനിറുത്താൻ ലക്ഷ്യമിട്ട് പാർട്ടിയിൽ അഴിച്ചുപണി നടത്താനും മമതാ ബാനർജി തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം ഒരു ഓൺലൈൻ മാദ്ധ്യമം നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ മുകുൾ റോയി കോഴ സ്വീകരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

2011 മേയ് മുതൽ മൂന്നു മാസത്തോളം മുകുൾ റോയിയായിരുന്നു കേന്ദ്ര റെയിൽവേ സഹമന്ത്രി. എന്നാൽ റെയിൽവേ കാബിനറ്റ് മന്ത്രിസ്ഥാനം വഹിച്ചിരുന്നത് അന്നത്ത പ്രധാനമന്ത്രി മൻമോഹൻസിംഗ് തന്നെയായിരുന്നു. 2011 ജൂലായ് 11ന് അസമിൽ കാമരൂപയിൽ ഗുവാഹത്തി പുരി എക്സ്പ്രസിൽ സ്ഫോടനം നടന്ന് ട്രെയിൻ പാളം തെറ്റി. ഉടൻ അപകടസ്ഥലം സന്ദർശിക്കാൻ പ്രധാനമന്ത്രി മുകുളിനോട് നിർദ്ദേശിച്ചു. എന്നാൽ പ്രധാനമന്ത്രിയുടെ നിർദ്ദേശം അദ്ദേഹം അനുസരിച്ചില്ല. ഇത് വൻ വിവാദം സൃഷ്ടിച്ചു.

ഇതിനു തൊട്ടുപിന്നാലെ ഉത്തർപ്രദേശിൽ കൽക്ക മെയിൽ പാളംതെറ്റി അപകടം ഉണ്ടായപ്പോഴും സ്ഥലം സന്ദർശിക്കാൻ മുകുൾ റോയി തയ്യാറായില്ല. പിന്നീടു നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ മുകുളിന് മന്ത്രിസ്ഥാനം നഷ്ടമായി. പകരം ദിനേശ് ത്രിവേദി റെയിൽമന്ത്രിയായി. റോയി കേന്ദ്ര കപ്പൽ ഗതാഗത സഹമന്ത്രിയായി തുടർന്നു.

2012ൽ റെയിൽവേ ടിക്കറ്റ് നിരക്കുകൾ കൂട്ടി ബഡ്ജറ്റ് പുറത്തിറക്കിയതിനു പിന്നാലെ ത്രിവേദിയുടെ മന്ത്രിസ്ഥാനം തെറിച്ച് മുകുൾ വീണ്ടും തത്സ്ഥാനത്തെത്തി. 2012ൽ മൻമോഹൻ സർക്കാരിനുള്ള പിന്തുണ മമത ബാനർജി പിൻവലിച്ചതോടെ മുകുൾ റോയി ഉൾപ്പെടെ ആറ് തൃണമൂൽ മന്ത്രിമാർ രാജിവച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ