ന്യൂഡൽഹി: ആൾവാറിലെ ക്ഷീരകര്‍ഷകനെ പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോ രക്ഷകര്‍ വധിച്ച സംഭവം പാര്‍ലമെന്റില്‍ ചര്‍ച്ചയായി. “നിങ്ങള്‍ ആരോപിക്കുന്നപോലെ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല” എന്നായിരുന്നു ന്യൂനപക്ഷക്ഷേമ-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രികൂടിയായ മുക്താര്‍ അബ്ബാസ് നഖ്വിയുടെ മറുപടി.

അഞ്ചു ദിവസം മുന്‍പാണ് രാജസ്ഥാനിലെ ആൾവാര്‍ ജില്ലയില്‍ വച്ച് ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാനെ ഗോ രക്ഷകര്‍ വധിച്ചത്. ജയ്പൂരില്‍ നിന്നും പശുവിനെ വാങ്ങി മടങ്ങുകയായിരുന്നു ജെയ്സിംഗ്പൂരിലെ ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാന്‍. ആല്‍വാര്‍ ജില്ലയിലെ ബെഹ്രോര്‍ ഗ്രാമത്തില്‍ വെച്ച്, ‘പശുക്കടത്ത്’ ആരോപിച്ചാണ് പെഹ്‌ലു ഖാന്‍ അടങ്ങിയ അഞ്ചക്ക ക്ഷീരകര്‍ഷകസംഘത്തെ ഗോ രക്ഷകര്‍ ആക്രമിക്കുന്നത്. ഗോ രക്ഷകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ പെഹ്‌ലു ഖാന്‍ തിങ്കളാഴ്ച്ച ആശുപത്രിയില്‍ വച്ചു മരണപ്പെടുകയായിരുന്നു.

READ MORE : ക്ഷീരകര്‍ഷകനെ കൊന്ന് പശുസംരക്ഷണത്തിന്റെ ഒരു രാജസ്ഥാൻ മാതൃക

നഖ്വിയുടെ ഈ അഭിപ്രായപ്രകടനം പാര്‍ലമെന്റില്‍ വലിയ ബഹളങ്ങള്‍ക്കാണ് വഴിവെച്ചത്. രാജസ്ഥാനിലെ ബിജെപി ഗവൺമെന്റിനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. ആൾവാറില്‍ നടന്ന സംഭവം “മുഷ്കിന്റെ പ്രകടനം” ആണെന്നും ”ഭരണഘടനയേയും നിയമവ്യവസ്തയേയും മുഴുവനായി തകിടം മറിക്കുന്ന” സംഭവമാണ് ആൾവാറില്‍ അരങ്ങേറിയതെന്നു പ്രതിപക്ഷം ആരോപിച്ചു.

” മന്ത്രിക്ക് കാര്യങ്ങള്‍ ഒട്ടും അറിയില്ല എന്നതില്‍ എനിക്ക് അതിയായ ഖേദമുണ്ട്. ന്യൂയോര്‍ക്ക്‌ ടൈംസിനു പോലും പെഹ്‌ലു ഖാന്‍റെ വധം അറിയാം. എന്നാല്‍ നമ്മുടെ മന്ത്രി ഇതൊന്നും അറിയുന്നേയില്ല.” മുക്താര്‍ അബ്ബാസ് നഖ്വിക്കു മറുപടി നല്‍കി പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് സഭയോട് പറഞ്ഞു. ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനെ മതേതരത്വത്തെ ഓര്‍മിപ്പിച്ച അലഹാബാദ്‌ ഹൈക്കോടതിയുടെ പരാമര്‍ശവും അദ്ദേഹം സഭയെ ഓര്‍മപ്പെടുത്തി.

READ MORE : ബിജെപിയും മാംസവും; തീന്‍മേശയിലെ രാഷ്ട്രീയം

ആൾവാര്‍ സംഭവം പ്രതിപക്ഷം പറയുന്നത് പോലെയാണ് എങ്കില്‍ നടക്കാന്‍ പാടില്ലാത്തതായിരുന്നു എന്നു രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ പറഞ്ഞു. ഇനി പ്രതിപക്ഷം വിശദീകരിക്കുന്നപോലെ അല്ല കാര്യങ്ങള്‍ എങ്കില്‍ എന്താണ് സംഭവത്തിന്റെ നിജസ്ഥിതി എന്ന് സഭയ്ക്ക് അറിയേണ്ടതായി ഉണ്ട് എന്നും പറഞ്ഞു അദ്ദേഹം. ഇത് സംബന്ധിച്ച് വസ്തുതാപരമായ റിപ്പോര്‍ട്ട്‌ സഭയില്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

അതിനിടെ, ആൾവാര്‍ സംഭവത്തില്‍ മൂന്നുപേരെ, ഇന്ത്യന്‍ പീനല്‍ കോഡിലെ സെഷന്‍ 302 (കൊലപാതകകുറ്റം) ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. ആറുപേര്‍ക്ക് കൂടിയുള്ള തിരച്ചിലിലാണ് രാജസ്ഥാന്‍ പൊലീസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ