ന്യൂഡൽഹി: സിലിക്കോണ്‍ വാലിയിലെ ടെക് വമ്പന്‍ എലോണ്‍ മസ്‌കിനെയും ആല്‍ഫബെറ്റ് ഇന്‍ക് സഹ-സ്ഥാപകരായ സെര്‍ജി ബ്രിന്‍, ലാറി പേജ് എന്നിവരെയും മറികടന്ന് മുകേഷ് അംബാനി ലോകത്തെ ധനികരുടെ പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് കഴിഞ്ഞയാഴ്ച വാറന്‍ ബഫറ്റിനെ മറികടന്നിരുന്നു. ബ്ലൂംബെര്‍ഗ് ധനികരുടെ പട്ടിക അനുസരിച്ച് മുകേഷിന്റെ ആസ്തി 72.4 ബില്യണ്‍ ഡോളറാണ്.

റിലയന്‍സിന്റെ ഡിജിറ്റല്‍ കമ്പനിയില്‍ ഫെയ്സ്ബുക്ക്, സില്‍വര്‍ ലേക്ക്, ക്വാല്‍കോം തുടങ്ങിയവരില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം വന്നതിനെ തുടര്‍ന്ന് റിലയന്‍സ് ഇൻഡസ്ട്രീസിന്റെ ഓഹരികളുടെ വില മാര്‍ച്ച് മാസം മുതല്‍ വർധിക്കുകയും ഇപ്പോള്‍ അത് ഇരട്ടിയാകുകയും ചെയ്തു.

Read Also: WhatsApp tips: പഴയ വാട്സാപ്പ് ചാറ്റ് പുതിയ ഫോണിൽ, നിങ്ങൾ ചെയ്യേണ്ടത്

അംബാനിയുടെ ഊര്‍ജ സാമ്രാജ്യം പതിയെ ഇ-വ്യാപാരത്തിലേക്ക് മാറുകയാണ്. ഇന്ത്യയിലെ അതിവേഗം വളരുന്ന ഡിജിറ്റല്‍ വ്യാപാരത്തിന്റെ പങ്ക് റിലയന്‍സ് പ്രതീക്ഷിക്കുന്നു. ലോകത്തെ ഏറ്റവുമധികം ജനങ്ങളുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയില്‍ വിദേശികളുടെ താല്‍പര്യം വർധിച്ചു വരികയാണ്. ഇന്ത്യ ഡിജിറ്റല്‍ ടെക്‌നോളജിയിലേക്ക് മാറുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ വരും വര്‍ഷങ്ങളിൽ 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം കഴിഞ്ഞ ദിവസം ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു.

തിങ്കളാഴ്ച ഗൂഗിളിന്റെ ഓഹരി വിലയില്‍ ഇടിവുണ്ടായ ശേഷം പേജിന്റെ ആസ്തി 71.6 ബില്യണ്‍ ഡോളറും ബ്രിന്നിന്റേത് 69.4 ബില്യണ്‍ ഡോളറുമാണ്. അതേസമയം, ടെസ്‌ലയുടെ മസ്‌കിന്റെ ആസ്തി 68.6 ബില്യണ്‍ ആണ്. കഴിഞ്ഞയാഴ്ച, വാറന്‍ ബഫറ്റ് 2.9 ബില്യണ്‍ ഡോളര്‍ ദാനധര്‍മ്മങ്ങള്‍ക്കായി നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആസ്തിയിലും ഇടിവുണ്ടായി.

Read in English: Mukesh Ambani’s wealth beats tech giants Elon Musk and Google founders

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook