ന്യൂഡൽഹി: ഇന്ത്യൻ മൊബൈൽ സേവന ദാതാക്കളുടെ ഇടയിൽ ജിയോ ഉണ്ടാക്കിയ മാറ്റം ചെറുതല്ലെന്ന് മാത്രമല്ല, ലോകത്തെ തന്നെ അമ്പരപ്പിക്കുന്നതാണ് ഫോർബ്സിന്റെ പട്ടിക തെളിയിക്കുന്നത്. വിപണിയെ ആകെ ഇളക്കി മറിച്ച് ജിയോ ഇന്ത്യൻ വിപണിയിൽ ഇന്റർനെറ്റ് സേവന രംഗത്ത് നടത്തിയ മാറ്റത്തോടെ ഫോർബ്സിന്റെ ഗ്ലോബൽ ഗെയിം ചേഞ്ചേഴ്‌സ് എന്ന പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാമതെത്തിയിരിക്കുന്നത്.

സ്വന്തം വ്യവസായ-വിപണന രംഗത്തെ ജനകോടികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഗതിമാറ്റുന്നതിൽ വിജയിക്കുന്ന ആളുകളെയാണ് ഈ പട്ടികയിൽ ഫോർബ്സ് ഉൾപ്പെടുത്തുന്നത്. മുകേഷ് അംബാനിയുടെ ജിയോ തരംഗം ആഗോള വിപണിയെ തന്നെ ഞെട്ടിച്ചിരിക്കുന്ന അവസ്ഥയിലാണ് ഇന്ത്യൻ സഹസ്രോകോടീശ്വരന്മാരിൽ ഒന്നാമനായ അംബാനിയെ തേടി മറ്റൊരു വിശേഷണം കൂടിയെത്തുന്നത്.

“ഇന്ധന വിപണിയിൽ ആഗോള തലത്തിൽ തന്നെ ഭീമനായ റിലയൻസ് കമ്പനി വലിയ ഓളങ്ങൾ സൃഷ്ടിച്ചാണ് ഇന്ത്യൻ ടെലികോം രംഗത്തേക്ക് കടന്നുവന്നിരിക്കുന്നത്. വളരെ കുറഞ്ഞ നിരക്കിൽ ഉയർന്ന വേഗതയുള്ള ഇന്റർനെറ്റാണ് അവർ നൽകിയത്. 6 മാസം കൊണ്ട് പത്ത് കോടി ഉപഭോക്താക്കളെ നേടിയ കമ്പനി ഇന്ത്യൻ ടെലികോം വിപണിയെ സ്വന്തം കൈപ്പിടിയിലൊതുക്കി” ജിയോയെ പരാമർശിച്ച് ഫോർബ്സ് വ്യക്തമാക്കി.

ഫോർബ്സിന് നൽകിയ അഭിമുഖത്തിൽ, “ഡിജിറ്റലായി പോകേണ്ടതും പോകാവുന്നതുമായ എല്ലാം തന്നെ ഡിജിറ്റൽ രംഗത്തേക്ക് മാറുകയാണ് ചെയ്യുന്നത്. ഈ ഒരു കാലത്ത് ഇന്ത്യയ്ക്ക് ഈ വിപണിയിൽ നിന്ന് മാറിനിൽക്കാനാവില്ല” എന്ന് അംബാനി പറഞ്ഞു.

“കോർപ്പറേറ്റ് രംഗത്ത് നിരവധി പേർ ചടുലമായ നീക്കങ്ങളിലൂടെ ഉയർന്ന ലാഭം സ്വന്തമാക്കുന്നുണ്ട്. ഇതിൽ സത്യസന്ധരായ ആളുകളെയാണ് ഞങ്ങൾ തേടുന്നത്. സ്വന്തം തൊഴിലാളികളുടെയും ഓഹരി ഉടമകളുടെയും നേട്ടത്തിന് പുറമേ സമൂഹത്തിൽ കൂടി മാറ്റങ്ങളുണ്ടാക്കുന്നവരെയാണ് ഞങ്ങൾ തിരയുന്നത്” എന്ന് ഫോർബ്സ് മാസിക വ്യക്തമാക്കി.

ഗൃഹോപകരണ വിപണിയിലെ പ്രമുഖരായ ഡൈസൺ കമ്പനിയുടെ സ്ഥാപകൻ ജെയിംസ് ഡൈസൺ, അമേരിക്കൻ നിക്ഷേപക കമ്പനി ബ്ലാക് റോക്കിന്റെ സഹ സ്ഥാപകൻ ലാറി ഫിങ്ക്, സൗദിയിലെ രാജകുടുംബാംഗം മുഹമ്മദ് ബിൻ സൽമാൻ, സമൂഹമാധ്യമമായ സ്നാപിന്റെ സഹ സ്ഥാപകൻ ഇവാൻ സ്പൈഗൽ, ചൈനീസ് വ്യവസായി ഷെംഗ് വെ, ആഫ്രിക്കൻ വ്യവസായി ക്രിസ്റ്റോ വീസ് എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റുള്ളവർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ