ബോളിവുഡ് താരവിവാഹങ്ങൾ കഴിഞ്ഞു. ഇനിയുളളത് രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മകൾ നിത അംബാനിയുടെ വിവാഹമാണ്. ഡിസംബർ 12 നാണ് ഇഷ അംബാനി- ആനന്ദ് പിരമൽ വിവാഹം.

രാജസ്ഥാനിലെ ഉദയ്പൂരിൽ വിവാഹ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മറ്റുളളവരിൽനിന്നും വ്യത്യസ്തമായി വിശക്കുന്ന വയറുകൾക്ക് ഭക്ഷണം നൽകിയാണ് അംബാനിയുടെ മകളുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായത്. ‘അന്ന സേവ’ എന്ന പേരിലാണ് ഭക്ഷണ വിതരണം നടക്കുന്നത്. 5,100 പേർക്ക് ദിവസവും മൂന്നുനേരമാണ് ഭക്ഷണം നൽകുക. ഡിസംബർ 7 മുതൽ 10 വരെയാണ് അന്നദാനം.

മുകേഷ് അംബാനി, നിത അംബാനി, അജയ്, സ്വാതി പിരമാൽ, ഇഷ അംബാനി, ആനന്ദ് പിരമൽ അടക്കമുളള കുടുംബാംഗങ്ങൾ അന്ന സേവയിൽ പങ്കെടുത്തു. കുടുംബാംഗങ്ങളാണ് ഭക്ഷണം വിളമ്പിയത്.

വിവാഹ ആഘോഷത്തോട് അനുബന്ധിച്ച് എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. ‘സ്വദേശ് ബസാർ’ എന്ന പേരിലുളള എക്സിബിഷനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുളള 108 പരമ്പരാഗത കരകൗശലവസ്തുക്കളും കലാരൂപങ്ങളും ഉണ്ടാവും. പാട്ടും നൃത്തനൃത്തങ്ങളും ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിലുണ്ടാവും.

Read: ‘ഡയറി പോലെ വായിക്കാം’ കൗതുകം നിറച്ച് ഇഷ അംബാനിയുടെ വെഡ്ഡിങ് കാർഡ്

സെലിബ്രിറ്റികൾ ഇതിനോടകം ഉദയ്പൂരിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. പ്രിയങ്ക ചോപ്ര, ഭർത്താവ് നിക് ജൊനാസ് നടൻ അനിൽ കപൂർ, ഭാര്യ സുനിത കപൂർ, ഫിലിംമേക്കർ ഡേവിഡ് ധവാൻ, ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര അടക്കമുളളവരാണ് എത്തിയത്. 100 ലധികം ചാർട്ടേഡ് വിമാനങ്ങളാണ് അതിഥികൾക്കായി ഒരുക്കിയിട്ടുളളതെന്നാണ് റിപ്പോർട്ടുകൾ.

ഇറ്റലിയിലെ ലേക്ക് കോമോയിൽവച്ചായിരുന്നു ഇഷയും ആനന്ദ് പിരമലും തമ്മിലുളള വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയം മൂന്നു ദിവസം നീണ്ടുനിന്ന ഗംഭീര ആഘോഷമായാണ് അംബാനി കുടുംബം ഒരുക്കിയത്. മഹാബലേശ്വര്‍ ക്ഷേത്രത്തില്‍ വച്ച് ഈ വര്‍ഷം മേയിലാണ് ആനന്ദ് തന്റെ സുഹൃത്തായ ഇഷയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇതിനുപിന്നാലെ ഇരു കുടുംബവും വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. പിരമൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയർമാനാണ് ആനന്ദിന്റെ പിതാവ് അജയ് പിരമൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ