മുംബൈ: ദക്ഷിണ മുംബൈയിലെ കോൺഗ്രസ്​ സ്ഥാനാർഥി മിലിന്ദ്​ ദേവ്​റയെ പിന്തുണച്ച്​ മുകേഷ്​ അംബാനി രംഗത്തെത്തിയതിന്​ പിന്നാലെ ബി.ജെ.പി റാലിയിൽ പ​ങ്കെടുത്ത്​ മകൻ ആനന്ദ്​ അംബാനി. ബാന്ദ്ര കുർലയിൽ നടന്ന നരേ​ന്ദ്രമോദിയുടെ റാലിയില്‍ മുന്‍ നിരയിലാണ്​ അംബാനിയുടെ മകൻ ആനന്ദ്​ ഇരുന്നത്​. താൻ രാജ്യത്തെ പിന്തുണക്കുന്നതിനും മോദിയുടെ പ്രസംഗം കേൾക്കുന്നതിനുമായാണ്​ എത്തിയിരിക്കുന്നതെന്ന്​ ആനന്ദ്​ പറഞ്ഞു.

അതേസമയം മുംബൈ സൗത്ത്​ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയായ മിലിന്ദ്​ ദേവ്​റയെയാണ്​ മുകേഷ്​ അംബാനി പിന്തുണച്ചത്​. മുകേഷ്​ അംബാനിയുടെ കോൺഗ്രസ്​ പിന്തുണ ബി.ജെ.പി ഇനി അധികാരത്തിലെത്തില്ലെന്നതിന്റെ സൂചനയാണെന്ന്​ മഹാരാഷ്​ട്ര നവനിർമാൺ സേന തലവൻ രാജ്​ താക്കറെ വ്യക്​തമാക്കിയിരുന്നു. എന്നാൽ, 2014ലും കോൺഗ്രസിനെ മുകേഷ്​ അംബാനി പിന്തുണച്ചിരുന്നുവെന്ന് ​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ മറുവാദം ഉന്നയിച്ചു​.

ബിജെപി നേതാക്കളായ കൃതി സൊമയ്യയ്ക്കൊപ്പം മുന്‍ നിരയില്‍ ഇരുന്ന ആനന്ദ് അംബാനി മറ്റുളളവര്‍ക്കൊപ്പം ‘ചൗക്കിദാര്‍, ചൗകിദാര്‍’ എന്ന മുദ്രാവാക്യവും കൈ ഉയര്‍ത്തി വിളിക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയ ബാലന്‍സ് ഉണ്ടാക്കാനുളള വ്യവസായ കുടുംബത്തിന്റെ ശ്രമമായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook