മുംബൈ: ഭാര്യ ഹസിന്‍ ജഹാനുമായി ഇനി ഒത്തുതീര്‍പ്പുണ്ടാകില്ലെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. കഴിഞ്ഞ കുറച്ച് നാളായി ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഷമി.

‘വീണ്ടും ഒരുമിക്കുമെന്ന പ്രതീക്ഷ അവസാനിച്ചിരിക്കുകയാണ്.’ ഇന്ത്യാ ടുഡേയോടായിരുന്നു ഷമി മനസു തുറന്നത്. നേരത്തെ ഷമിയുടെ സഹോദരുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ താരം തന്നോട് ആവശ്യപ്പെട്ടതായി ഹസിന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഭാര്യയുടെ ആരോപണങ്ങളെ ഷമി തള്ളിക്കളയുന്നു.

‘എന്റെ നിരപരാധിത്വം തെളിയിക്കാനുളള തെളിവ് എന്റെ പക്കലുണ്ട്. ഡിസംബര്‍ രണ്ട് മുതല്‍ ആറ് വരെ ഞങ്ങള്‍ ടെസ്റ്റ് കളിക്കുകയായിരുന്നു. ആറിന് ഞങ്ങള്‍ ഭുവിയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു. ഡല്‍ഹിയിലെ താജ് ഹോട്ടലിലായിരുന്നു പരിപാടി.’ ഷമി പറയുന്നു.

‘ഞാനന്ന് സ്ലീവ് ലെസ് ജാക്കറ്റായിരുന്നു ധരിച്ചിരുന്നത്. തിരിച്ച് ഫാം ഹൗസിലെത്തിയപ്പോള്‍ എന്തിനാണ് സ്ലീവ് ലെസ് ജാക്കറ്റ് ധരിച്ചതെന്ന് അവളെന്നോട് ചോദിച്ചതാണ്. എന്റെ സഹോദരന്‍ എനിക്കൊപ്പമല്ല താമസിക്കുന്നത്. അവന്‍ ചിത്രത്തില്‍ പോലുമില്ല.’ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പിന്നെയെങ്ങനെയാണ് തന്റെ സഹോദരന്‍ ഹസിനെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയെന്നും താരം ചോദിക്കുന്നു.

മാര്‍ച്ച് ഒമ്പതിനായിരുന്നു ഷമിയ്ക്കും കുടുംബത്തിനും എതിരെ ഹസിന്‍ പൊലീസില്‍ പരാതി നല്‍കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താരത്തിന്റെ കരാര്‍ പുതുക്കുന്നത് ബിസിസിഐ മാറ്റിവെച്ചിരുന്നു. ഷമിയ്‌ക്കെതിരായി ഹസിന്‍ ഉയര്‍ത്തിയ വാതുവെപ്പ് വിവാദത്തില്‍ അന്വേഷണം നടന്നു വരികയാണ്.

നേരത്തെ തനിക്കെതിരായ വാതുവെപ്പ് ആരോപണം ശരിയാണെന്ന് തെളിയിക്കപ്പെട്ടാന്‍ തന്നെ തൂക്കിക്കൊല്ലമെന്ന് ഷമി പറഞ്ഞിരുന്നു. പാക് യുവതിയില്‍ നിന്നും ഒത്തുകളിയ്ക്കാന്‍ ഷമി പണം വാങ്ങിയെന്ന ഭാര്യയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook