scorecardresearch

മുഗൾ കാലഘട്ടം,അടിയന്തരാവസ്ഥ, 2002ലെ കലാപം; എൻസിഇആർടിയുടെ പുസ്തകങ്ങളിൽനിന്നു വെട്ടിനിരത്തിയ ചരിത്ര സംഭവങ്ങൾ

രാജ്യത്തിന്റെ ചരിത്രത്തിൽനിന്നു തന്നെ മുഗൾ കാലഘട്ടം തുടച്ചു മാറ്റാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങൾ പുതിയതല്ല. സ്ഥലം, അവാർഡ്, സ്റ്റേഡിയം, ഉദ്യാനം, റോഡ് എന്നിവയുടെയൊക്കെ പേര് മാറ്റിയത് മുൻപ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു

NCERT, chnages in NCERT textbook, NCERT textbook prune, 2002 Gujarat riots, 2002 Gujarat riots cases, gujarat riots, NCERT, NCERT textbook Mughal era, NCERT textbook Delhi Sultanate, NCERT Emergency impact, NCERT textbooks

പുതിയ അധ്യായനവർഷത്തിൽ വിദ്യാർഥികളുടെ കൈയിൽ സാമൂഹിക ശാസ്ത്ര പുസ്തകങ്ങൾ എത്തുമ്പോൾ, 2014ൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിനുശേഷമുള്ള ഏറ്റവും വലിയ മാറ്റങ്ങളാണ് നടപ്പാക്കുന്നത്. എൻസിഇആർടിയുടെ ആറാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള ചരിത്ര പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ട ഭാഗം ഒഴിവാക്കിയാണ് പുസ്തകം പുറത്തെത്തിയിരിക്കുന്നത്. പുതിയ അധ്യയന വർഷത്തെ പരിഷ്കരിച്ച പാഠ്യപദ്ധതിയിലാണ് ഇതുൾപ്പെടെയുള്ള പല മാറ്റങ്ങളും വരുത്തിയിരിക്കുന്നത്.

2002ലെ ഗുജറാത്ത് കലാപം, മുഗൾ കാലഘട്ടം, ജാതി വ്യവസ്ഥകൾ എന്നിവയൊടൊപ്പം പ്രതിഷേധങ്ങളെയും സാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള അധ്യായങ്ങളും നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് (എൻസിഇആർടി) നീക്കം ചെയ്തതിൽ ഉൾപ്പെടുന്നു. കോവിഡ് കാലത്ത് അനുഭവപ്പെട്ട പഠന പരാജയങ്ങളിൽ നിന്ന് മാറ്റം ഉണ്ടാകാനും കുട്ടികളുടെ പഠനഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനുമാണ് എൻസിആർടിയുടെ ഈ ‘യുക്തിപരമായ പുനർഘടന.’

പാഠപുസ്തകത്തിൽ വരുത്തിയ എല്ലാ തിരുത്തലുകളുടെയും മാറ്റങ്ങളുടെയും സമഗ്രമായ പട്ടിക എൻസിആർടി കഴിഞ്ഞ വർഷം തന്നെ പുറത്തിറക്കിയിരുന്നു, എന്നാൽ, അധ്യായന വർഷം ആരംഭിച്ചതിനാൽ അന്നത് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. ചരിത്രഭാഗങ്ങൾ നീക്കം ചെയ്ത് പുനഃ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ 2023-24 അക്കാദമിക്ക് വർഷമായപ്പോഴാണ് വിപണിയിലെത്തിയത്.

പാഠപുസ്തകങ്ങളിൽ വരുത്തിയ ചില പ്രധാന മാറ്റങ്ങൾ:

  • മുഗൾ കാലഘട്ടത്തെയും ഇന്ത്യയിലെ മുസ്‌ലിം ഭരണാധികാരികളെയും കുറിച്ചുള്ള ഉള്ളടക്കമാണ് വെട്ടിനിരത്തിയതിലേറെയും. മാംലൂക്കുകൾ, തുഗ്ലക്ക്, ഖിൽജി, ലോദി, മുഗൾ സാമ്രാജ്യം എന്നിവയുൾപ്പെടെ രാജവംശങ്ങളെ കുറിച്ചുള്ള നിരവധി ഭാഗങ്ങൾ 7-ാം ക്ലാസ് ചരിത്ര പാഠപുസ്തകമായ അവർ പാസ്റ്റ്സ് -IIൽ (Our Pasts – II)നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
  • ഏഴാം ക്ലാസ് പാഠപുസ്തകത്തിലെ ദ് മുഗൾ എംപയർ എന്ന അധ്യായവും വെട്ടിക്കുറച്ചിട്ടുണ്ട്. ഹുമയൂൺ, ഷാജഹാൻ, ബാബർ, അക്ബർ, ജഹാംഗീർ, ഔറംഗസേബ് തുടങ്ങിയ മുഗൾ ചക്രവർത്തിമാരുടെ കാലത്തെ നാഴികക്കല്ലുകളും നേട്ടങ്ങളും വിവരിക്കുന്ന രണ്ട് പേജുള്ള പട്ടികയും നീക്കി.
  • പന്ത്രണ്ടാം ക്ലാസിലെ തീംസ് ഓഫ് ഇന്ത്യ ഹിസ്റ്ററി പാർട്ട്–2 പുസ്തകത്തിലെ ‘കിങ്സ് ആൻഡ് ക്രോണിക്കിൾസ്: ദ് മുഗൾ കോർട്ട്’എന്ന അധ്യായമാണ് ഒഴിവാക്കിയത്. അക്ബർ നാമ, ബാദ്ഷാ നാമ തുടങ്ങിയ മുഗൾ കാലഘട്ടത്തിലെ കൈയെഴുത്തുപ്രതികളെക്കുറിച്ചും യുദ്ധങ്ങൾ, വേട്ടയാടൽ പര്യവേഷണങ്ങൾ, കെട്ടിട നിർമ്മാണങ്ങൾ, കോടതി രംഗങ്ങൾ എന്നിവയിലൂടെ മുഗളന്മാരുടെ ചരിത്രം എങ്ങനെ രേഖപ്പെടുത്തുന്നുവെന്നും പ്രതിപാദിക്കുന്നതായിരുന്നു ഈ അധ്യായം.
  • ഏഴാം ക്ലാസ് ചരിത്ര പാഠപുസ്തകമായ അവർ പാസ്റ്റ് -രണ്ടിൽ (Our Past – II) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് പടനയിക്കുകയും സോമനാഥ ക്ഷേത്രം ആക്രമിക്കുകയും ചെയ്ത അഫ്ഗാനിസ്ഥാനിലെ മഹ്മൂദ് ഗസ്‌നിയെക്കുറിച്ചുള്ള രണ്ടാം അധ്യായത്തിലെ പരാമർശം തിരുത്തിയിട്ടുണ്ട്. ആദ്യം, ‘സുൽത്താൻ’ എന്നത് പേരിൽ നിന്ന് ഒഴിവാക്കി. രണ്ടാമതായി, ‘അദ്ദേഹം മിക്കവാറും എല്ലാ വർഷവും ഇന്ത്യൻ ഉപഭൂഖണ്ഡം ആക്രമിച്ചു’ എന്ന വാചകം ‘മതപരമായ ഉദ്ദേശ്യത്തോടെ അദ്ദേഹം 17 തവണ (1000-1025 CE) ഇന്ത്യയെ ആക്രമിച്ചു’ എന്ന് തിരുത്തി.
  • അടിയന്തരാവസ്ഥയുടെ നിർദ്ദയമായ ആഘാതത്തെ രേഖപ്പെടുത്തിയിരുന്ന ഭാഗങ്ങൾ വെട്ടിമാറ്റിയിട്ടുണ്ട്. ഉദാഹരണത്തിന്, 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലെ അടിയന്തരാവസ്ഥയെകുറിച്ച് പരാമാർശിക്കുന്ന സ്വാതന്ത്ര്യം മുതൽ ഇന്ത്യയിലെ രാഷ്ട്രീയം എന്ന അധ്യായത്തിലെ അഞ്ച് പേജ് കുറച്ചു. ജനാധിപത്യ ക്രമത്തിന്റെ പ്രതിസന്ധി എന്ന തലക്കെട്ടിലുള്ള അധ്യായത്തിലെ നീക്കം ചെയ്ത ഉള്ളടക്കത്തിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള തീരുമാനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും അധികാര ദുർവിനിയോഗവും അക്കാലത്ത് ഇന്ദിരാഗാന്ധി സർക്കാർ നടത്തിയ ദുഷ്പ്രവൃത്തികളും സംബന്ധിച്ചുള്ളതാണ്. രാഷ്ട്രീയ പ്രവർത്തകരുടെ അറസ്റ്റ്, മാധ്യമങ്ങൾക്കുള്ള നിയന്ത്രണം, കസ്റ്റഡി മരണങ്ങൾ, നിർബന്ധിത വന്ധ്യംകരണം തുടങ്ങിയവ അതിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.
  • ആറാം ക്ലാസ് മുതൽ 12 വരെയുള്ളവരുടെ പാഠപുസ്തകങ്ങളിൽനിന്നു സമകാലിക ഇന്ത്യയിലെ സാമൂഹിക പ്രസ്ഥാനങ്ങളായി മാറിയ പ്രതിഷേധങ്ങളെ വിശദീകരിക്കുന്ന മൂന്ന് അധ്യായങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, 12-ാം ക്ലാസിലെ പൊളിറ്റിക്സ് ഇൻ ഇന്ത്യ സിൻസ് ഇൻഡിപെൻഡൻസ് എന്ന പുസ്തകത്തിൽനിന്നു റൈസ് ഓഫ് പോപ്പുലർ മൂവ്മെന്റ്സ് എന്ന അധ്യായം ഒഴിവാക്കി.
  • ആറാം ക്ലാസ് ചരിത്ര പാഠപുസ്തകത്തിലെ (അവർ പാസ്റ്റ്സ് –I)വർണ വ്യവസ്ഥയെ ( ജാതി വ്യവസ്ഥ) കുറിച്ചുള്ള ഭാഗം പകുതിയാക്കി വെട്ടിക്കുറച്ചു. ജാതി വ്യവസ്ഥയുടെ പാരമ്പര്യ സ്വഭാവം, ആളുകളെ തൊട്ടുകൂടാത്തവരായി തരംതിരിക്കൽ, ജാതി സമ്പ്രദായത്തെ നിരാകരിക്കൽ എന്നിവയെക്കുറിച്ചുള്ള വാക്യങ്ങൾ കിങ്ഡം, കിങ്സ്, ആൻ എർളി റിപ്പബ്ലിക് എന്ന അധ്യായത്തിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
  • 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും എൻസിഇആർടി സോഷ്യൽ സയൻസ് പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, പൊളിറ്റിക്സ് ഇൻ ഇന്ത്യ സിൻസ് ഇൻഡിപെൻഡൻസ് എന്ന നിലവിലെ 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലെ അവസാന അധ്യായത്തിലെ കലാപത്തെക്കുറിച്ചുള്ള രണ്ട് പേജുകൾ വെട്ടിമാറ്റി. ഇതിലെ ആദ്യ പേജിൽ സംഭവങ്ങളുടെ കാലഗണനയെക്കുറിച്ചുള്ള ഒരു ഖണ്ഡികയുണ്ട്. കർസേവകർ ഉണ്ടായിരുന്ന ട്രെയിനിൽ തീവെച്ചത് , തുടർന്ന് മുസ്‌ലിങ്ങൾക്കെതിരായ അക്രമം , അക്രമം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിന് ഗുജറാത്ത് സർക്കാരിനെതിരായ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വിമർശനം എന്നിവയാണ് ഉൾപ്പെട്ടിരുന്നത്. “മതവികാരം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നത് മൂലം സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച് ഗുജറാത്ത്, നമുക്ക് മുന്നറിയിപ്പ് നൽകുന്നു. ഇത് ജനാധിപത്യ രാഷ്ട്രീയത്തിന് ഭീഷണിയാണ്,”എന്ന് ഭാഗമുള്ള ഖണ്ഡികയും നീക്കം ചെയ്തതിൽ ഉൾപ്പെടുന്നു.
  • രണ്ടാമത്തെ പേജിൽ (ഇപ്പോൾ നീക്കിയത്) മൂന്ന് പത്ര റിപ്പോർട്ടുകളുടെ കൊളാഷും കൂടാതെ ഗുജറാത്ത് സർക്കാർ കലാപം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള 2001-2002 ലെ വാർഷിക റിപ്പോർട്ടിൽ നിന്നുള്ള എൻഎച്ച്ആർസിയുടെ നിരീക്ഷണത്തിന്റെ ഒരു ഉദ്ധരണിയും ഉൾക്കൊള്ളുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പ്രസിദ്ധമായ ‘രാജ് ധർമ്മ’ പരാമർശവും നീക്കം ചെയ്തു. ” ‘രാജ് ധർമ്മം’ പിന്തുടരണമെന്നാണ് മുഖ്യമന്ത്രിക്കുള്ള എന്റെ സന്ദേശം. ഒരു ഭരണാധികാരി തന്റെ പ്രജകൾക്കിടയിൽ ജാതി, മതം, എന്നിവയുടെ അടിസ്ഥാനത്തിൽ യാതൊരു വിവേചനവും കാണിക്കരുത്,” 2002 മാർച്ചിൽ അഹമ്മദാബാദിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ അരികിലിരുത്തി വാജ്‌പേയി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

2014ന് ശേഷമുള്ള മൂന്നാമത്തെ പാഠപുസ്തക അവലോകനമാണിത്. ആദ്യത്തേത് 2017 ൽ നടന്നു. അതിൽ എൻസിഇആർടി 182 പാഠപുസ്തകങ്ങളിൽ കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും ഡാറ്റ അപ്ഡേറ്റുകളും ഉൾപ്പെടെ 1,334 മാറ്റങ്ങൾ വരുത്തി. രണ്ടാമത്തെ അവലോകനം 2019ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവദേക്കറുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികളുടെ ഭാരം കുറയ്ക്കാനെന്ന പേരിലായിരുന്നു ആരംഭിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Mughal era emergency impact and 2002 riots removed from ncert textbook