ജയ്‌പൂർ: ബിജെപിയുടെ രാജസ്ഥാൻ സംസ്ഥാന പ്രസിഡന്റും രാജ്യസഭാ എംപിയുമായ മദൻ ലാൽ​ സൈനിയുടെ ഹുമയൂൺ, ബാബർ പരാമർശങ്ങൾ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കി.

മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂൺ മരണക്കിടയിൽ ബാബറിനെ വിളിച്ചു വരുത്തി, ഇന്ത്യ ഭരിക്കണമെന്നുണ്ടെങ്കിൽ പശു, ബ്രാഹ്മണർ, സ്ത്രീകൾ എന്നിവരെ ബഹുമാനിച്ചാൽ മാത്രമേ സാധിക്കുയുളളൂവെന്ന് പറഞ്ഞതായാണ് മദൻ ലാൽ​ സൈനിയുടെ കണ്ടെത്തൽ. ഈ കണ്ടെത്തൽ വസ്തുതാപരമായി തെറ്റാണെന്ന് ചരിത്രം തെളിയിക്കുന്നു. ഹുമയൂണിന്റെ പിതാവായ ബാബർ 1531 ലാണ് മരണമടഞ്ഞത്. ഹുമയൂൺ അതിന് 25 വർഷത്തിന് ശേഷം 1556ലും.

രക്ബർ ഖാനെ അൽവാറിൽ​ കൊലപ്പെടുത്തിയതിനെ കുറിച്ച് മാധ്യമ പ്രവർത്തകരോട് ജയ്‌പൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾ ഒരു രാജ്യത്തെ വിശ്വാസം, സമൂഹം, മതം എന്നിവയെയൊക്കെ ബഹുമാനിക്കണം. ഞാൻ ഓർമ്മിക്കുന്നു. ഹുമയൂൺ മരിക്കുമ്പോൾ ബാബറിനെ വിളിച്ചു. ഹിന്ദുസ്ഥാൻ ഭരിക്കണമെന്ന് ഉണ്ടെങ്കിൽ മൂന്ന് കാര്യങ്ങൾ മനസ്സിൽ ​സൂക്ഷിക്കണം എന്ന് ബാബറിനോട് പറഞ്ഞു. പശു, ബ്രാഹ്മണർ, സ്ത്രീകൾ ഇവരെ ആദരിക്കണം. ഈ​ മൂന്ന് കാര്യങ്ങളോടുളള അനാദരവ് ഹിന്ദുസ്ഥാൻ ക്ഷമിക്കില്ല എന്നായിരുന്നുവെന്ന് ബി ജെപി പ്രസിഡന്റ് പറഞ്ഞു.

രക്ബാർ ഖാനെ ഇതിന് മുമ്പ് പശുക്കടത്തിന് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സൈനി അവകാശപ്പെട്ടു. ഔറംഗസീബിന്റെ കാലത്തുൾപ്പടെ പശുവിനെ കൊല്ലുന്നത് നിരോധിച്ചിരുന്നു. മുസ്‌ലിം ചക്രവർത്തിമാർ പശുവിനെ കൊല്ലുന്നത് നിരോധിച്ചിരുന്നു. എന്നും അദ്ദേഹം പറഞ്ഞു. പശുവിനെ കടത്തിയ കേസിൽ​ രക്ബറിനെതിരെ പശുക്കടത്തിന് കേസുണ്ട്. എന്തൊക്കെയായാലും രക്ബർ കൊല്ലപ്പെട്ടത് നിർഭാഗ്യകരമാണെന്നും സൈനി അഭിപ്രായപ്പെട്ടു. നമ്മൾ ജനാധിപത്യത്തിലാണ് ജീവിക്കുന്നത്. നമ്മുക്ക് നിയമുണ്ട്. ആർക്കും നിയമം കൈയ്യിലെടുക്കാൻ അവകാശമില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

ചരിത്രത്തെ വളച്ചൊടിച്ച് വർത്തമാനകാല സംഭവങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സൈനിയുടെ പ്രസ്താവനയിൽ അത്ഭുതപ്പെടേണ്ടതില്ല. പ്രധാനമന്ത്രിപോലും ചരിത്രത്തെ തെറ്റിച്ചാണ് പരാമർശിക്കുന്നത്. അവർ വസ്തുതകൾ പരിശോധിക്കാതെ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടി തെറ്റായ വസ്തുതകൾ പറയുകയാണെന്ന് രാജസ്ഥാൻ കോൺഗ്രസ് വൈസ് പ്രസിഡന്റ് അർച്ചന ശർമ്മ പറഞ്ഞു.

രാജ്യസഭാ എംപിയായ സൈനിയെ കഴിഞ്ഞ മാസമാണ് രാജസ്ഥാൻ പ്രസിഡന്റാക്കിയത്. ഏപ്രിലിൽ മുൻ പ്രസിഡന്റ് അശോക് പ്രണാമി എപ്രിലിൽ രാജിവച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook