ന്യൂഡല്‍ഹി: താന്‍ വീട്ടുതടങ്കലിലാണെന്നു മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. കശ്മീർ സാധാരണ നിലയാണെന്ന കേന്ദ്രസര്‍ക്കാരിന്റ വ്യാജ അവകാശവാദങ്ങളെ തുറന്നുകാട്ടുന്നതാണിതെന്നും അവര്‍ പറഞ്ഞു.
”ഭരണകൂടത്തിന്റെ അഭിപ്രായത്തില്‍, കശ്മീരിലെ സ്ഥിതി സാധാരണയില്‍നിന്ന് വളരെ അകലെയാണ്,”എന്ന നിലയിലാണ് ഈ നടപടി സ്വീകരിച്ചതെന്നു മെഹ്ബൂബ പറഞ്ഞു.
” അഫ്ഗാന്‍ ജനതയുടെ അവകാശങ്ങള്‍ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ കശ്മീരികള്‍ക്ക് അത് മനഃപൂര്‍വം നിഷേധിക്കുന്നു. ഭരണകൂടം പറയുന്നതനുസരിച്ച് കശ്മീരില്‍ സ്ഥിതി സാധാരണയില്‍നിന്ന് വളരെ അകലെയായതിനാല്‍ ഞാന്‍ ഇന്ന് വീട്ടുതടങ്കലിലാണ്. ഇത് സാധാരണ നില സംബന്ധിച്ച അവരുടെ വ്യാജ അവകാശവാദങ്ങളെ തുറന്നുകാട്ടുന്നു, ”മുഫ്തി ട്വീറ്റ് ചെയ്തു.
വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ മരണത്തിനുശേഷം കശ്മീരില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണു മെഹ്ബൂബയുടെ ട്വീറ്റ്.
ഞായറാഴ്ച, ഗിലാനിയുടെ മൃതദേഹം പാക്കിസ്ഥാൻ പതാകയില്‍ പൊതിഞ്ഞതിനും അദ്ദേഹത്തിന്റെ മരണശേഷം ‘ദേശവിരുദ്ധ’ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതിനും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു മെഹ്ബൂബ മുഫ്തി കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു.
”കാശ്മീരിനെ തുറന്ന തടവറയാക്കി മാറ്റിയതിനാല്‍, ഇപ്പോള്‍ മരിച്ചവരെ പോലും വെറുതെ വിടുന്നില്ല. ഒരു കുടുംബത്തെ അവരുടെ ആഗ്രഹപ്രകാരം വിലപിക്കാനും അന്ത്യാഞ്ജലി പ്രകടിപ്പിക്കാനും അനുവദിക്കുന്നില്ല. ഗിലാനി സാഹിബിന്റെ കുടുംബത്തിനെതിരെ യുഎപിഎ പ്രകാരം കേസെടുക്കുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ ആഴത്തിലുള്ള വേരൂന്നിയ മാനസിക വിഭ്രാന്തിയും ദയയില്ലായ്മയുമാണ് കാണിക്കുന്നത്. ഇത് പുതിയ ഇന്ത്യയുടെ പുതിയ കശ്മീരാണ്,” മെഹ്ബൂബ ട്വീറ്റ് ചെയ്തു.
Also Read: ചന്ദ്രനില്‍ ക്രോമിയം, മാംഗനീസ് സാന്നിധ്യം കണ്ടെത്തി ചാന്ദ്രയാന്‍ -2