കൊച്ചി: ബ്ലാക്ക് ഫംഗസ് (മ്യുക്കർമൈക്കോസിസ്) കൂടുതലും ബാധിക്കുന്നത് പ്രമേഹരോഗികളിലെന്ന് പഠനം. ബ്ലാക്ക് ഫംഗസ് രോഗത്തെക്കുറിച്ചുള്ള എൽസെവിയർ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍നിന്നു 18 ആശുപത്രികളാണ് പഠനത്തിന്റെ ഭാഗമായത്.
മ്യുക്കർമൈക്കോസിസ് ബാധിച്ച കോവിഡ് രോഗികളിൽ 71.3 ശതമാനം പേർക്ക് കോവിഡ് വരുന്നതിനു മുൻപു തന്നെ പ്രമേഹമുണ്ടായിരുന്നു. 13.9 ശതമാനം പേർക്ക് കോവിഡ് വന്നശേഷമാണു രക്തത്തിലെ പഞ്ചസാര അളവ് ഉയർന്നു തുടങ്ങിയത്. ഇതിൽ 100 ശതമാനം പേരും കോവിഡ് ചികിത്സക്കായി സ്റ്റിറോയ്ഡ് സ്വീകരിച്ചവരുമായിരുന്നെന്നും പഠനം വ്യക്തമാക്കുന്നു.
സിടി സ്കാനിൽ കോവിഡ് ന്യുമോണിയയുടേതായുള്ള സൂചനകൾ ബഹുഭൂരിപക്ഷം രോഗികളിലും കണ്ടിരുന്നു. മുൻപ് നടന്ന പഠനങ്ങളിൽനിന്നു വ്യത്യസ്തമായി 27.7 ശതമാനം ആയിരുന്നു ബ്ലാക്ക് ഫംഗസ് രോഗികളിൽ മരണ നിരക്ക്.
തീവ്രമായി രക്തത്തിലെ പഞ്ചസാര ചികിത്സിക്കാ കഴിഞ്ഞാൽ മ്യുക്കർമൈക്കോസിസ് തടയുക മാത്രമല്ല മ്യുക്കർമൈക്കോസിസ് മൂലമുള്ള മരണങ്ങളും തടയാൻ കഴിയുമെന്നാണ് 18 ആശുപത്രികൾ നടത്തിയ പഠനം വ്യക്തമാകുന്നത്
രാജ്യത്ത് കോവിഡ് ശമിക്കാത്ത സാഹചര്യത്തിൽ, കേരളത്തിൽ മ്യുക്കർമൈക്കോസിസ് ബാധിച്ച് ചികിത്സ സ്വീകരിക്കുന്ന രോഗികൾ ഇപ്പോഴുമുണ്ട്. അക്കാരണത്താൽ തന്നെ ഈ പഠനം സൂചിപ്പിക്കുന്ന അതിതീവ്രമായ രക്തത്തിലെ പഞ്ചസാരയുടെ ചികിത്സ തുടർന്നും സ്വീകരിക്കേണ്ടതാണെന്ന് പഠനം നിര്‍ദേശിക്കുന്നു.
കോവിഡ് പോസിറ്റീവ് ആയവരും അല്ലാത്തവരുമായ പ്രമേഹ രോഗികള്‍ രണ്ട് വാക്‌സിൻ എടുത്തവരാണെങ്കിൽ പോലും രോഗചികിത്സയിൽ സ്വയം രക്തപരിശോധന നടത്തേണ്ടതാണ്. ഇത് അനുസരിച്ച് വ്യായാമവും ഭക്ഷണരീതികളില്‍ മാറ്റവും വരുത്തണമെന്നും പ്രസ്തുത പഠനം പറയുന്നു.
കോവിഡ് കാലത്ത് എല്ലാ പ്രമേഹ രോഗികളും പ്രമേഹ ചികിത്സയിൽ സ്വയം പര്യാപ്തതയെന്ന ഘട്ടത്തിലേക്ക് എത്തേണ്ടതും ഡോക്ടറോടൊപ്പം, ചികിത്സയിൽ പങ്കാളികളാകേണ്ടതും ചികിത്സ വിജയിക്കേണ്ടതിനു അത്യന്താപേക്ഷിതമായ ഒരു വസ്തുതയാണെന്നും പഠനം സൂചിപ്പിക്കുന്നു.
കേരളത്തിൽനിന്നു ഡോ. ജ്യോതിദേവ് കേശവദേവ്, ഗോപിക കൃഷ്ണൻ (ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്റർ), ഡോ.ജോൺ പണിക്കർ (സ്വാന്ത്വന ഹോസ്പിറ്റൽ), മുഹമ്മദ് റഷീദ് (കിംസ് ഹോസ്പിറ്റൽ) എന്നീ ഡോക്ടർമാരാണ് പഠനത്തിന്റെ ഭാഗമായത്.