ന്യൂഡല്‍ഹി: മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു എന്ന വാർത്തകൾക്കു പിന്നാലെ പുതിയ അവകാശവാദവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സഞ്ജയ് പാസ്വാൻ. ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ ധോണി ബിജെപിയില്‍ ചേരുമെന്നാണ് സഞ്ജയ് പാസ്വാൻ അവകാശപ്പെടുന്നത്. ധോണി തന്റെ സുഹൃത്താണെന്നും അദ്ദേഹത്തെ പാര്‍ട്ടിയിലെത്തിക്കാനാണ് ശ്രമമെന്നും പാസ്വാന്‍ പറഞ്ഞു.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം നരേന്ദ്രമോദിയുടെ ടീമിനൊപ്പമായിരിക്കുമെന്നും പാസ്വാന്‍ പറഞ്ഞു. വിഷയത്തിൽ ദീർഘനാളായി ചർച്ചകൾ നടക്കുകയായിരുന്നു എന്നും പാസ്വാൻ കൂട്ടിച്ചേർത്തു. എന്നാല്‍ ഇതിനെ കുറിച്ച് ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More: വിൻഡീസ് പര്യടനത്തിൽ ധോണി ഉണ്ടായേക്കില്ല; വിരമിക്കൽ സൂചനകൾ സജീവം

അതേസമയം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ‘സമ്പര്‍ക് ഫോര്‍ സമര്‍ഥന്‍’ പരിപാടിയുടെ ഭാഗമായി അമിത് ഷാ സന്ദര്‍ശിച്ച സെലിബ്രിറ്റികളില്‍ ധോണിയും ഉള്‍പ്പെട്ടിരുന്നു.

ലോകകപ്പോടെ ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കുമെന്ന് വാര്‍ത്തകള്‍ നേരത്തേ പ്രചരിച്ചിരുന്നു. വിരമിക്കൽ സാധ്യതകൾ സജീവമാക്കി ധോണി വിൻഡീസ് ടൂറിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Read More: ‘നന്ദി ധോണി, നിന്റെ ശാന്തതയേയും ആത്മവിശ്വാസത്തേയും ആരാധിച്ചിരുന്നു’; ഹൃദയംതൊട്ട് ഗില്ലി

ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ എല്ലാ കണ്ണുകളും കാതുകളും എം.എസ് ധോണിയിലേക്കാണ്. ലോകകപ്പിന് ശേഷം രാജ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന തരത്തിൽ വാർത്തകൾ നേരത്തെ തന്നെ സജീവമായിരുന്നു. പ്രകടനത്തിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോഴും പരിചയസമ്പത്ത് കൊണ്ടും തിരിച്ചുവരവിലൂടെയും മറുപടി തരാറുള്ള ധോണി ഇനി അതിനുണ്ടാകുമോയെന്ന ആശങ്കയിലാണ് ഓരോ ആരാധകരും.

ധോണിയുടെ വിരമിക്കൽ വാർത്തകളിൽ വിവിധ കോണുകളിൽ നിന്നും പ്രതികരണങ്ങൾ ഉയരുന്നുണ്ട്. ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടതില്ലെന്ന് ഗായിക ലത മങ്കേഷ്‌കര്‍ പ്രതികരിച്ചിരുന്നു. വിരമിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലയിടത്തു നിന്നായി കേള്‍ക്കുന്നു. എന്നാല്‍, ധോണി അങ്ങനെ ചിന്തിക്കരുത്. ഈ രാജ്യത്തിന് നിങ്ങളെ വേണം. വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യരുതെന്ന് ധോണിയോട് അഭ്യര്‍ഥിക്കുന്നതായും ഭാരത രത്‌ന ജേതാവ് കൂടിയായ ലത മങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തു.

Read More: രാജ്യത്തിന് നിങ്ങളെ വേണം; ധോണിയോട് ലത മങ്കേഷ്കർ

എം.എസ്.ധോണിയെ പിന്തുണച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നേരത്തെ രംഗത്തുവന്നിരുന്നു. ‘എം.എസ്.ധോണിയുടെ ഏറ്റവും വലിയ നേട്ടം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അഞ്ചിന് മൂന്ന് വിക്കറ്റ് എന്ന അവസ്ഥയിലും 125 കോടി ആളുകള്‍ അദ്ദേഹത്തെ വിശ്വസിക്കുന്നു എന്നതാണ്,’ എന്ന് സ്മൃതി ഇറാനി കുറിച്ചു.

നിർണായകമായൊരു മൽസരത്തിൽ അനുഭവ പരിചയമുളള എം.എസ്.ധോണിയെ പോലൊരു കളിക്കാരനെ നേരത്തെ ഇറക്കാതിരുന്നത് ശരിക്കും ഞെട്ടിക്കുന്നുവെന്നാണ് സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും പറഞ്ഞത്. ഹാർദിക് പാണ്ഡ്യക്കുപകരം 5-ാമനായി ധോണി ഇറങ്ങിയിരുന്നുവെങ്കിൽ കളിയിൽ വലിയ മാറ്റം വന്നേനെ. ധോണി തീർച്ചയായും എന്തെങ്കിലും ചെയ്‌തേനെ. ഇങ്ങനെയൊരു നിർണായക മൽസരത്തിൽ ധോണിയെ നേരത്തെ ഇറക്കി കളിയുടെ നിയന്ത്രണം കൈക്കലാക്കണമായിരുന്നു. മൽസരത്തിന്റെ അവസാനഘട്ടത്തിൽ ജഡേജയുമായി സംസാരിച്ച് ധോണിയാണ് കളി നിയന്ത്രിച്ചത്. വളരെ സമർത്ഥമായി അദ്ദേഹം സ്ട്രൈക്ക് നൽകിയെന്ന് സച്ചിൻ ഒരു വാർത്താ ചാനലിനോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook