ഭോപ്പാൽ: എല്ലാ തീവ്രവാദികളെയും മദ്രസകളിലാണ് വളർത്തുന്നതെന്ന് മധ്യപ്രദേശ് സാംസ്കാരിക മന്ത്രി ഉഷ താക്കൂർ. ഈ സ്ഥാപനങ്ങൾക്കുള്ള സർക്കാർ ധനസഹായം നിർത്തണമെന്നും ഉഷ താക്കൂർ പറഞ്ഞു.

Read More: വഴി തെറ്റിയെത്തിയ ചൈനീസ് സൈനികനെ ഇന്ത്യ തിരിച്ചേൽപ്പിച്ചു

മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. എല്ലാ കുട്ടികൾക്കുമായി ഒരേ വിദ്യാഭ്യാസ രീതിയാണ് നൽകേണ്ടത്. മതത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം തീവ്രവാദത്തെ വളർത്തുമെന്നും അവർ പറഞ്ഞു.

“മദ്രസകൾ എന്ത് സംസ്കാരമാണ് പഠിപ്പിക്കുന്നത്? നിങ്ങൾ ഈ രാജ്യത്തെ ഒരു പൗരനാണെങ്കിൽ, എല്ലാ മതമൗലികവാദികളും തീവ്രവാദികളും മദ്രസകളിൽ വളർന്നിരിക്കുന്നതായി നിങ്ങൾക്ക് കാണാം. ഭീകരവാദത്തിന്റെ ഫാക്ടറി ആയി മാറിയിരിക്കുകയാണ് ജമ്മു കശ്മീർ,” ഉഷ താക്കൂർ പറഞ്ഞു. ഗർബ പരിപാടികളിൽ മുസ്ലിം യുവാക്കളുടെ പ്രവേശനം നിരോധിക്കണമെന്ന് നേരത്തെ ഉഷ താക്കൂർ പറഞ്ഞിരുന്നു.

“ദേശീയത പാലിക്കാൻ കഴിയാത്ത മദ്രസകളെ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായവുമായി ലയിപ്പിച്ച് സമൂഹത്തിന്റെ സമ്പൂർണ്ണ പുരോഗതി ഉറപ്പാക്കണം,” മധ്യപ്രദേശ് മന്ത്രി ഇൻഡോറിൽ പറഞ്ഞു.

മത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് സ്വന്തം ചെലവിൽ അത് നേടാൻ കഴിയും, കാരണം ഭരണഘടന അവർക്ക് ഈ അവകാശം നൽകുന്നു, എംപി മന്ത്രി പറഞ്ഞു.

ഉഷാ താക്കൂറിന്റെ പ്രസ്താവനകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രദ്ധിക്കണമെന്ന് മധ്യപ്രദേശ് കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തെ ഒരു സാമുദായിക അജണ്ടയിലേക്ക് തിരിച്ചുവിടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും താക്കൂറിന്റെ പ്രസ്താവനകൾ ഈ തന്ത്രത്തിന്റെ ഭാഗമാണെന്നും നരേന്ദ്ര സലൂജ പിടിഐയോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook