ഭോപ്പാല്‍: മധ്യപ്രദേശിലെ സാത്‌നയില്‍ കന്നുകാലി കശാപ്പ് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. മെയ് 17നായിരുന്നു സംഭവം. പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കൊല്ലപ്പെട്ടയാളേയും സുഹൃത്തുക്കളേയും മര്‍ദ്ദിക്കുകയായിരുന്നു. 45 കാരനായ റിയാസാണ് മര്‍ദ്ദനത്തില്‍ മരിച്ചത്. ഇയാളുടെ സുഹൃത്ത് ഷക്കീല്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പവന്‍ സിംഗ് ഗോവിന്ദ്, വിജയ് സിംഗ് ഗോന്ദ്, ഫൂല്‍ സിംഗ് ഗോന്ദ്, നാരായണ്‍ സിംഗ് ഗോന്ദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്തു നിന്നും മാംസം നിറച്ച ബാഗുകളും കണ്ടെത്തിയിട്ടുണ്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസിന്റെ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസത്തെ മധ്യപ്രദേശ് സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് സാത്‌നയിലെത്തുന്നതും കണക്കിലെടുത്താണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷക്കീലിനെതിരെ കന്നുകാലി കശപ്പിന് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പശുവിനെ കശാപ്പു ചെയ്തിട്ടില്ലെന്നാണ് ഷക്കീലിന്റേയും റിയാസിന്റേയും കുടുംബങ്ങള്‍ പറയുന്നത്. മധ്യപ്രദേശില്‍ മൂന്ന് വര്‍ഷം തടവും അയ്യായിരം രൂപ പിഴയുമുള്ള കുറ്റകൃത്യമാണ് പശുവിനെ കശാപ്പ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ