ഭോപ്പാല്‍: മദ്രസകളില്‍ എന്നും ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും വേണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രി വിജയ് ഷാ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട്. ക്ലാസുകളില്‍ ഹാജര്‍ വിളിക്കുന്ന സമയത്ത് കുട്ടികള്‍ ജയ് ഹിന്ദ് എന്നു പറയണമെന്നും മന്ത്രി നേരത്തേ പറഞ്ഞിരുന്നു.

മധ്യപ്രദേശ് മദ്രസ ബോര്‍ഡിന്റെ 20-ാം വാര്‍ഷികാഘോഷ ചടങ്ങിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ദേശസ്നേഹം ഉറപ്പാക്കുന്നതിന് ഇത് ഉപകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ മദ്രസ്സകള്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ സ്‌കൂളുകളില്‍ ദിവസവും ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യാറുണ്ട്. അത് മദ്രസകളിലും പാലിക്കണം. അങ്ങനെ ചെയ്യുന്നതുകൊണ്ട് ആര്‍ക്കുമൊരു പ്രശ്നമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെ സ്നേഹത്തിന്റെയും സഹോദരഭാവത്തിന്റയും രാജ്യസ്നേഹത്തിന്റെയും വഴിയിലൂടെയാണ് നയിക്കേണ്ടതെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഒരേ വെള്ളവും ഒരേ ആഹാരവുമാണ് നാം കഴിക്കുന്നത്. ചോരയുടെ നിറം എല്ലാവരിലും ചുവപ്പാണ്. വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്. വിദ്യാഭ്യാസം എന്നത് ജോലി ലഭിക്കാന്‍ വേണ്ടി മാത്രമുള്ളതാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ